MAP

ലിയോ പതിനാലാമനോടൊപ്പം കുഞ്ഞുങ്ങൾ ലിയോ പതിനാലാമനോടൊപ്പം കുഞ്ഞുങ്ങൾ   (@Vatican Media)

പാവപ്പെട്ടവരുടെ ഉദരവും, ഹൃദയവും സംതൃപ്തമാക്കി ലിയോ പതിനാലാമന്റെ വാക്കുകൾ

"നമ്മൾ ഓരോരുത്തരും ദൈവത്തിന്റെ പ്രതിച്ഛായയാണ് നമ്മിൽ ഓരോരുത്തരിലും ദൈവത്തിന്റെ ഈ സാന്നിധ്യം നാം കണ്ടെത്തുന്നുവെന്നും നമുക്ക് എപ്പോഴും ഓർമ്മിക്കാം. ഒരുമിച്ച് അപ്പം മുറിക്കുന്നത് കുർബാനയാണ്, എന്നാൽ അത് കർത്താവ് നമുക്ക് നൽകിയ ദാനങ്ങൾ പങ്കിടുന്നതിലും കൂടിയാണ്." കാസൽ ഗന്ധോൽഫോയിലെ പൊന്തിഫിക്കൽ വില്ലകളുടെ ഉദ്യാനത്തിൽ പാവപ്പെട്ടവരായ സഹോദരങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ ഉച്ചഭക്ഷണത്തിനു മുൻപ് പറഞ്ഞ വാക്കുകൾ.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഒരു കുടുംബത്തിന്റെ എല്ലാ മനോഹാരിതയും ഊട്ടിയുറപ്പിച്ചുകൊണ്ടാണ്, ആഗസ്റ്റ് മാസം പതിനേഴാം തീയതി, കാസൽ ഗന്ധോൽഫോയിലെ പൊന്തിഫിക്കൽ വില്ലകളുടെ ഉദ്യാനത്തിൽ പാവപ്പെട്ടവരായ സഹോദരങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ ഉച്ചഭക്ഷണം കഴിച്ചത്. ഒരു പിതാവെന്ന നിലയിൽ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പാപ്പാ സംസാരിച്ചു.  ദൈവത്തിന്റെ സാദൃശ്യത്തിൽ, സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് നാമെല്ലാവരും എന്ന പരിശുദ്ധ പിതാവിന്റെ ആമുഖ വാക്കുകൾക്ക് ഏവരും നിറഞ്ഞ ഹൃദയത്തോടെ ഹർഷാരവം മുഴക്കി.

ഭക്ഷണം ആശീർവദിച്ചുകൊണ്ടും, അതിനായി അധ്വാനിച്ചവരെ പ്രത്യേകം  ഓർത്തുകൊണ്ടും പാപ്പാ പ്രാർത്ഥന നടത്തുകയും ചെയ്തു. "നിന്റെ സ്നേഹത്തിൽ എപ്പോഴും ഐക്യത്തോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ" എന്നുള്ളതായിരുന്നു പ്രാർത്ഥന.

ഉച്ചഭക്ഷണത്തിന്റെ അവസാനം, ഒരുമിച്ച് ചെലവഴിച്ച ഈ സമയത്തിനും കർത്താവിന്റെ ദാനങ്ങൾ  പങ്കിടാനുള്ള അവസരത്തിനും പ്രത്യേകമായി  നന്ദി പറഞ്ഞു കൊണ്ട് പാപ്പാ ഹ്രസ്വമായി പ്രാർത്ഥിച്ചു. "കർത്താവേ, നിന്റെ പരിപാലനയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച എല്ലാ ദാനങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. നിന്റെ സ്നേഹത്തിൽ ഐക്യപ്പെട്ട്, പരസ്പരം സഹായിച്ചുകൊണ്ട്, ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് ഏറ്റവും അകലെയുള്ളവരെ എപ്പോഴും സഹായിച്ചുകൊണ്ട്, എപ്പോഴും യഥാർത്ഥ ദാനധർമ്മം പരിശീലിക്കാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെയും ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ."  തുടർന്ന് പാപ്പാ സന്നിഹിതരായ ഓരോരുത്തരെയും വ്യക്തിപരമായി  അഭിവാദ്യം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഓഗസ്റ്റ് 2025, 10:40