പാവപ്പെട്ടവരുടെ ജീവിതത്തിൽ സന്തോഷം പകർന്ന ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സാമ്പത്തികമായും സാമൂഹികമായും ഏറ്റവും ദുർബലരായവരോട് ശക്തമായ അടുപ്പം പ്രകടിപ്പിക്കാനുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ആഗ്രഹപ്രകാരം, അൽബാനോ രൂപതയുടെ കാരിത്താസ് സംഘടനയുടെ നേതൃത്വത്തിൽ പാവപ്പെട്ട സഹോദരങ്ങൾക്കൊപ്പം ആഗസ്റ്റ് മാസം പതിനേഴാം തീയതി പരിശുദ്ധ പിതാവ് ഉച്ചഭക്ഷണം കഴിച്ചു. പാപ്പായുടെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന കാസൽ ഗന്ധോൽഫോയിലെ പൂന്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന ലൗദാത്തോ സി പ്രദേശത്താണ് ഉച്ചഭക്ഷണം ഒരുക്കിയത്. "അൽബാനോ പട്ടണത്തെ സംബന്ധിച്ചിടത്തോളം, ഇത് ചരിത്രപരമായി പ്രധാനപ്പെട്ട ദിവസമാണെന്നു" നഗരത്തിന്റെ മേയർ മാസ്സിമില്യനോ ബോറെല്ലി പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ടവരായ ഞങ്ങൾ ഇന്ന് പാപ്പയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുവാൻ പോകുന്നുവെന്ന്, ഏറെ സന്തോഷത്തോടെ അംഗങ്ങൾ പങ്കുവച്ചു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ തുറസായ സ്ഥലങ്ങളിൽ അന്തിയുറങ്ങുന്ന ഇവർക്ക്, രൂപതയുടെ സേവനകേന്ദ്രങ്ങൾ ഭക്ഷണവും , അവശ്യ വസ്തുക്കളും നൽകുയും, ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും ചെയ്തുവരുന്നു. സഭ തങ്ങളെ പരിഗണിക്കുമ്പോൾ, സഭ ഞങ്ങളുടെ സ്വന്തം കുടുംബമായി മാറുന്നുവെന്ന് അംഗങ്ങൾ പങ്കുവച്ചു.
ഭക്ഷണം ആരംഭിക്കുന്നതിനു മുൻപായി, ഗൃഹനാഥൻ എന്ന നിലയിൽ പാപ്പാ ഒരു ലഘുവായ ആമുഖ സന്ദേശം നൽകുകയും, ഭക്ഷണം ആശീർവദിക്കുകയും ചെയ്തു. "ഈ ഉച്ചഭക്ഷണത്തിനായി ഇവിടെ ഒത്തുകൂടുക എന്നതിനർത്ഥം ദൈവത്തോടൊപ്പം കൂട്ടായ്മയിലും സാഹോദര്യത്തിലും ജീവിക്കുക എന്നാണ്, നന്ദി, നിങ്ങളുടെ ഭക്ഷണം ആസ്വദിക്കൂ!" ഇതായിരുന്നു പാപ്പായുടെ വാക്കുകൾ. പാവപ്പെട്ടവർക്ക് ലിയോ പതിനാലാമൻ പാപ്പാ നൽകുന്ന പ്രത്യേകമായ ശ്രദ്ധ, നീതിയുടെ പുനഃസ്ഥാപനമാണെന്നു അൽബാനോ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ വിൻചെൻസൊ വിവ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: