MAP

വിശുദ്ധ കുർബാനയുടെ ആശീർവാദ വേളയിൽ പാപ്പാ  വിശുദ്ധ കുർബാനയുടെ ആശീർവാദ വേളയിൽ പാപ്പാ   (ANSA)

യേശുവിന്റെ സ്നേഹം ഉപാധികളില്ലാത്തതാണ്: ലിയോ പതിനാലാമൻ പാപ്പാ

ആഗസ്റ്റ് മാസം പതിനേഴാം തീയതി ഞായറാഴ്ച്ച, അൽബാനോ രൂപതയുടെയും, കാരിത്താസ് സംഘടനയുടെയും നേതൃത്വത്തിൽ, സമൂഹത്തിലെ പാവപ്പെട്ടവരായ ആളുകൾക്ക് വേണ്ടി, സാന്താ മരിയ ദെല്ല രൊത്തൊന്ധ തീർത്ഥടന ദേവാലയത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്ക് ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ കുർബാന ആഘോഷം കൂട്ടായ്മയുടെ മധുരം ആസ്വദിക്കുവാൻ സഹായിക്കുന്നുവെന്നു പറഞ്ഞുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, ആഗസ്റ്റ് മാസം പതിനേഴാം തീയതി ഞായറാഴ്ച്ച, അൽബാനോ രൂപതയുടെയും, കാരിത്താസ് സംഘടനയുടെയും നേതൃത്വത്തിൽ, സമൂഹത്തിലെ പാവപ്പെട്ടവരായ ആളുകൾക്ക് വേണ്ടി, സാന്താ മരിയ ദെല്ല  രൊത്തൊന്ധ തീർത്ഥടന ദേവാലയത്തിൽ നടത്തിയ വിശുദ്ധ കുർബാനമദ്ധ്യേ വചന സന്ദേശം നൽകി. യഥാർത്ഥ സഹോദരീ സഹോദരങ്ങളെന്ന നിലയിൽ അന്യോന്യം കണ്ണുകളിലേക്ക് നോക്കികൊണ്ട്, പരസ്പരമുള്ള അകലം മറികടക്കുവാൻ  ഈ നിമിഷങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും, ഇത് മരണത്തെ പോലും തോല്പിക്കുവാൻ യേശു നൽകുന്ന ദാനമാണെന്നും പാപ്പാ പറഞ്ഞു. അവനോടൊപ്പം മരണത്തെ തോൽപ്പിച്ചുകൊണ്ട്, ഉത്ഥാനത്തിൽ ജീവിക്കുന്നതിനു നൽകപ്പെട്ട ദിനമാണ് ഞായറാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവാലയത്തിലേക്ക് കടന്നുവരുമ്പോൾ, നമ്മിലുള്ള ആകുലതകളെയും, ക്ഷീണത്തെയും ഭയത്തെയും, തുടർന്ന് അവന്റെ വചനം ശ്രവിക്കുന്നതിലൂടെയും, ശരീരം ഭക്ഷിക്കുന്നതിലൂടെയും മാറ്റുവാൻ സാധിക്കുമെന്നും നമ്മുടെ ഏകാന്തതയെ കർത്താവ് എടുത്തു കളയുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഓരോ ഞായറാഴ്ച ആചരണത്തിലും പരിശുദ്ധാത്മാവ് ഈ നവമായ ജീവനാണ് നമ്മിൽ നിക്ഷേപിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന് സാന്താ മരിയ ദെല്ല  രൊത്തൊന്ധ തീർത്ഥാടന ദേവാലയത്തിന്റെ പ്രത്യേകതയും പാപ്പാ ചൂണ്ടിക്കാട്ടി. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം  പോലെ ഏവരെയും ദൈവത്തിന്റെ ആലിംഗനം അനുഭവവേദ്യമാക്കുന്നതാണ് ഈ ദേവാലയവും എന്ന് എടുത്തുപറഞ്ഞ പാപ്പാ, പുറമേ, മറ്റെല്ലാ മാനുഷിക യാഥാർത്ഥ്യങ്ങളെയും പോലെ ദേവാലയവും പരുപരുത്തതായി തോന്നാമെങ്കിലും, പടിവാതിൽക്കൽ കടന്ന് സ്വീകാര്യത കണ്ടെത്തുമ്പോൾ, ദൈവത്തിന്റെ മധുരതരമായ ഹൃദ്യതയിൽ നാം സ്വാഗതം ചെയ്യപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. യേശുവിന്റെ അമ്മയായ മറിയം നമുക്ക് ദൈവത്തിന്റെ മാതൃത്വത്തിന്റെ അടയാളവും പ്രതീക്ഷയുമാണ്. അവളിൽ നാം ഒരു മാതൃസഭയായി മാറുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന്, വായിച്ചുകേട്ട സുവിശേഷ ഭാഗത്തിന്റെ അർത്ഥവും പാപ്പാ വ്യാഖ്യാനിച്ചു. ലോകത്തിൽ വിഭജനകളുടെ വേലിയേറ്റത്തിൽ, വീണ്ടും സുവിശേഷത്തിൽ കേട്ടതുപോലെ, യേശു വിഭജനം നടത്തുവാൻ വേണ്ടിയാണോ, ലോകത്തിലേക്ക് വന്നതെന്നു? പാപ്പാ ചോദ്യമുന്നയിച്ചുകൊണ്ട്, വിശ്വാസികളെ, വചനത്തിന്റെ ആഴത്തിലേക്ക് നയിച്ചു. യേശു ഈ വചനം പങ്കുവയ്ക്കുന്നതിലൂടെ, തന്റെ സമാധാനത്തിന്റെ വ്യതിരിക്തതയാണ് വെളിപ്പെടുത്തുന്നതെന്നും, ആ സമാധാനം ലോകം നൽകുന്ന സുഖലോലുപതയോ, ആലസ്യത്തിന്റെ മന്ദഭാവമോ  അല്ലെന്നും, മറിച്ച് അത് യഥാർത്ഥ സമാധാനവും, നന്മയും ആണെന്നും പാപ്പാ പറഞ്ഞു. എന്നാൽ ലോകത്തിന്റെ സുഖം തേടുവാൻ പ്രേരിപ്പിക്കുന്നവരിൽ നിന്നും വിട്ടു നിൽക്കണമെന്നുള്ള മുന്നറിയിപ്പാണ് ഭിന്നത കൊണ്ട് യേശു വ്യക്തമാക്കുന്നതെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് കുരിശിന്റെ സ്നാനം സ്വീകരിക്കുന്ന നാമെല്ലാവരും, ക്രിസ്തുവിൽ ഐക്യപ്പെട്ടവരാണെന്നും, വിശുദ്ധ കുർബാന ഈ ജീവിതത്തിനു പോഷണമെന്നും ഓർമ്മപ്പെടുത്തിയ പാപ്പാ, മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിലാണ് സംതൃപ്‌തി കണ്ടെത്തേണ്ടതെന്നും, നിസ്സംഗതയും, അഹങ്കാരവും, ഒഴിവാക്കിക്കൊണ്ട്, എളിമയുടെയും, സേവനത്തിന്റെയും ജീവിത മാതൃക പിന്തുടരുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. നാം കർത്താവിന് റെ സഭയാണ്, ദരിദ്രരുടെ സഭയാണ്,  അതിനാൽ ആർക്കുമിടയിൽ വേർതിരിവുകൾ പാടില്ലായെന്നും, സഹായം സ്വീകരിക്കുന്നവരും കൊടുക്കുന്നവരും, ദൈവത്തിന്റെ ഒരൊറ്റ വചനം വഹിക്കുന്നവരാണെന്നുള്ള ബോധ്യത്തിൽ ജീവിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഏറ്റവും ദുർബലരായവർ പോലും പൂർണ്ണ അന്തസ്സോടെ പങ്കെടുക്കുന്ന ഒരൊറ്റ ശരീരമായി മാറുന്നതിലൂടെ മാത്രമേ നാം ക്രിസ്തുവിന്റെ ശരീരം, ദൈവത്തിന്റെ സഭയായി നമുക്ക് മാറുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഓഗസ്റ്റ് 2025, 10:46