വെള്ളപ്പൊക്ക ദുരിതത്തിൽ തന്റെ പ്രാർത്ഥനകൾ അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇന്ത്യയിലും, പാകിസ്ഥാനിലും, നേപ്പാളിലും പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം നിരവധിയാളുകളുടെ ജീവൻ അപഹരിക്കുകയും, പരിക്കുകൾ ഏൽപ്പിക്കുകയും, അനേകം വീടുകൾ നഷ്ടപ്പെടുത്തുകയും ചെയ്ത ദുരന്തത്തിൽ, ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രാർത്ഥനകളും, അനുശോചനകളും, സാമീപ്യവും അറിയിച്ചു. ആഗസ്റ്റ് മാസം പതിനേഴാം തീയതി മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. ഇരകളായവർക്കും, അവരുടെ കുടുംബങ്ങൾക്കും, ഈ ദുരിതത്തിൽ വേദനയനുഭവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നു പ്രത്യകം പാപ്പാ പറഞ്ഞു.
രക്ഷാപ്രവർത്തകർ 1,600-ഓളം പേരെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു. കശ്മീരിൽ ഒരു ദിവസം മുമ്പ് ആരംഭിച്ച വെള്ളപ്പൊക്കം പാകിസ്ഥാനിലെ വടക്കും വടക്കുപടിഞ്ഞാറും ഭാഗങ്ങളിലേക്ക് വ്യാപിച്ചു, ചെറിയ പ്രദേശങ്ങളിൽ പെട്ടെന്ന് പെയ്ത ശക്തമായ മഴയെ തുടർന്നാണിത്. ഇന്ത്യയുടെ ഹിമാലയൻ പ്രദേശങ്ങളിലും, പാകിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളിലും ഇത്തരം മേഘസ്ഫോടനങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും, കാലാവസ്ഥാ വ്യതിയാനം ഇതിന് കാരണഘടകമാണെന്നും വിദഗ്ദ്ധർ പറഞ്ഞു .
തുടർന്ന്, ലോകത്തിൽ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള അഭ്യർത്ഥനയും പാപ്പാ നടത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനും, സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ ഫലസമൃദ്ധമാകട്ടെയെന്നും പാപ്പാ ആശംസിച്ചു. കൂടിയാലോചനകളിൽ ജനങ്ങളുടെ പൊതുനന്മയ്ക്ക് എല്ലായ്പോഴും പ്രഥമസ്ഥാനം നല്കണമെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: