നവദമ്പതികൾക്ക് ഹർഷാരവം മുഴക്കുവാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ
വത്തിക്കാൻ ന്യൂസ്
ആഗസ്റ്റ് മാസം പതിമൂന്നാം തീയതി നടന്ന പൊതുകൂടിക്കാഴ്ച്ചയുടെ അവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, യുവജനങ്ങളെയും, നവദമ്പതികളെയും, രോഗികളായവരെയും പരാമർശിക്കുകയും, അവർക്കു വേണ്ടി തന്റെ പ്രാർത്ഥനകൾ ആശംസിക്കുകയും ചെയ്തു. തദവസരത്തിൽ നവദമ്പതികളെ പ്രത്യേകം എടുത്തു പറയുകയും, അവരുടെ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട്, അവർക്കായി ഹർഷാരവം മുഴക്കുവാൻ ഏവരെയും ആഹ്വാനം ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയിൽ നിരവധി നവദമ്പതികളാണ് പങ്കുചേർന്നത്.
ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി സഭ ആഘോഷിക്കുന്ന മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ദൈവവുമായുള്ള അടുത്ത ബന്ധത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന ദൈവവിളി സ്വീകരിക്കുന്നതിനും, അപരരോടുള്ള ഔൽസുക്യത്തിൽ വളരുന്നതിനും പരിശുദ്ധ അമ്മ നൽകുന്ന മാതൃക പിന്തുടരുവാൻ ഏവർക്കും സാധിക്കട്ടെയെന്നു പാപ്പാ പ്രബോധിപ്പിച്ചു.
ഇറ്റലിയിൽ താപനില ഏറെ ഏറിയതിനാൽ, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചാണ് പൊതുകൂടിക്കാഴ്ച്ച നടത്തിയത്. എന്നാൽ കൂടിക്കാഴ്ചയ്ക്കുശേഷം, ശാലയിൽ പ്രവേശിക്കുവാൻ സാധിക്കാത്തവർ വ്യക്തിപരമായി അഭിവാദ്യം ചെയ്യുവാൻ പാപ്പാ ബസിലിക്കയിലും മറ്റു ചത്വരപ്രദേശങ്ങളിലും സന്ദർശനം നടത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: