"യുദ്ധങ്ങൾ എത്രയും വേഗം അവസാനിക്കട്ടെ": ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബാക്രമണത്തിന്റെ എണ്ണൂറാമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ, യുദ്ധങ്ങൾ അവസാനിപ്പിക്കാൻ നമുക്ക് തുടർന്നും പ്രാർഥിക്കാമെന്നു ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനംചെയ്തു. ആഗസ്റ്റ് മാസം പത്താം തീയതി വത്തിക്കാൻ ചത്വരത്തിൽ പരിശുദ്ധ പിതാവ് നയിച്ച മധ്യാഹ്‌ന പ്രാർത്ഥയ്ക്കു ശേഷമാണ്, സമാധാനത്തിനായുള്ള അഭ്യർത്ഥന ഒരിക്കൽക്കൂടി നടത്തിയത്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ, യുദ്ധങ്ങളെ നിരസിക്കുവാൻ നമുക്കു സാധിക്കണമെന്നും പാപ്പാ പറഞ്ഞു.
ഭരണകർത്താക്കൾ വിവിധങ്ങളായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ, തിരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവരുടെ ഉത്തരവാദിത്തങ്ങൾ മനസിൽ സൂക്ഷിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ഈ തീരുമാനങ്ങളിൽ, ഏറ്റവും ദുർബലരായവരുടെ ആവശ്യങ്ങളും, സമാധാനത്തിനായുള്ള സാർവ്വത്രികമായ ആഗ്രഹങ്ങളും അവഗണിക്കപ്പെടരുതെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
തുടർന്ന്, സംയുക്തമായ സമാധാന പ്രഖ്യാപന കരാറിൽ ഒപ്പുവച്ച അർമേനിയയെയും, അസർബൈജനെയും പാപ്പാ പ്രത്യേകമായി അഭിനന്ദിക്കുകയും, ഇത് സുസ്ഥിരവും ശാശ്വതവുമായ സമാധാനത്തിന് കാരണമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി പറയുകയും ചെയ്തു.
തന്റെ അഭ്യർത്ഥനയിൽ ഹൈറ്റിയിൽ നിലനിൽക്കുന്ന അസ്വസ്ഥതയുടെ അവസ്ഥയെ പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. കൊലപാതകങ്ങൾ, അക്രമങ്ങൾ, മനുഷ്യക്കടത്ത്, നിർബന്ധിത നാടുകടത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ വിവിധ സാമൂഹ്യതിന്മകൾ നിലനിൽക്കുന്ന രാഷ്ട്രത്തിന്റെ ഭീകരാവസ്ഥയും പാപ്പാ എടുത്തു പറഞ്ഞു. ബന്ദികളെ ഉടനടി മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവരോട് പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: