'ലൗദാത്തോ സി ഗ്രാമം' ലിയോ പതിനാലാമൻ പാപ്പാ ഉദ്‌ഘാടനം ചെയ്യും
വത്തിക്കാൻ ന്യൂസ്
സൃഷ്ടിയോടുള്ള കരുതലും, മനുഷ്യന്റെ അന്തസ്സിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു എടുത്തുകാണിക്കുവാനും, പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നൽകുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും, പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനും, വത്തിക്കാൻ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' ലിയോ പതിനാലാമൻ പാപ്പാ, സെപ്റ്റംബർ മാസം അഞ്ചാം തീയതി ഉദ്‌ഘാടനം ചെയ്യും. നൂറ്റാണ്ടുകളായി പാപ്പാമാരുടെ വേനൽക്കാലവസതിയായ കാസൽ ഗന്ധോൾഫോയിലാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്. 'ലൗദാത്തോ സി' എന്ന ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖന പ്രസിദ്ധീകരണത്തിന്റെ പത്താമത്തെ വാർഷികത്തിലാണ്, ലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഈ ഗ്രാമത്തിനു തുടക്കം കുറിക്കുന്നത്.
സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ, വിശ്വാസത്തിൽ വേരുകൾ കണ്ടെത്തുന്ന, പങ്കുവയ്ക്കുന്ന പ്രതിബദ്ധതയിലൂടെ സംരക്ഷിക്കാനും, വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കുക എന്ന ഫ്രാൻസിസ് പാപ്പായുടെ ചിന്തകളിൽ നിന്നുമാണ്, ഇത്തരമൊരു കേന്ദ്രം രൂപം കൊണ്ടത്. 55 ഹെക്ടർ വിസ്തൃതിയുള്ള ഈ ഗ്രാമത്തിൽ, ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആത്മീയതയ്ക്കും, പഠനത്തിനും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഇടം കൂടിയാണിത്.
സെപ്റ്റംബർ മാസം അഞ്ചാം തീയതി പ്രാദേശിക സമയം ഉച്ചകഴിഞ്ഞു, ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ, ആശീർവാദ ശുശ്രൂഷയും, യാമപ്രാർത്ഥനയും നടക്കും. പ്രാർത്ഥനകൾക്ക് മുൻപായി, പാപ്പാ, ഗ്രാമത്തിലേക്ക് പ്രതീകാത്മകമായി സന്ദർശനം നടത്തുകയും, പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച്, ജീവനക്കാർ, സഹകാരികൾ, അവരുടെ കുടുംബങ്ങൾ, ഈ പദ്ധതിയുടെ പിറവിക്ക് സംഭാവന നൽകിയ ആളുകൾ എന്നിവരെ അഭിവാദ്യം ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: