MAP

ലിയോ പതിനാലാമൻ പാപ്പാ വിയറ്റ്നാമിലെ മതബോധകർക്ക് വീഡിയൊ സന്ദേശം നല്കുന്നു, 25/07/25 ലിയോ പതിനാലാമൻ പാപ്പാ വിയറ്റ്നാമിലെ മതബോധകർക്ക് വീഡിയൊ സന്ദേശം നല്കുന്നു, 25/07/25  (@Vatican Media)

പാപ്പാ: മതബോധകർ, ദൈവസ്നേഹത്തിൻറെ സജീവ അടയാളമാകാൻ അയയ്ക്കപ്പെട്ടവർ!

രക്തസാക്ഷിയും മതബോധകനുമായ വിയറ്റ്നാം സ്വദേശിയായ വാഴ്ത്തപ്പെട്ട അൻറേ ഫൂ യേൻറെ നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അന്നാട്ടിലെ മതബോധകർക്ക് ലിയൊ പതിനാലാമൻ പാപ്പായുടെ വീഡിയൊ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എളിയ ദാസരും പ്രേഷിതചൈതന്യത്താൽ നിറഞ്ഞവരുമായിക്കൊണ്ട് ദൈവസ്നേഹത്തിൻറെ ജീവിക്കുന്ന അടയാളങ്ങളായിരിക്കാൻ സഭ അയയ്ക്കുന്നവരാണ് മതബോധകരെന്ന് പാപ്പാ.

പത്തൊമ്പതാമത്തെ വയസ്സിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട മതബോധകനും രക്തസാക്ഷിയുമായ വിയറ്റ്നാം സ്വദേശിയായ വാഴ്ത്തപ്പെട്ട അൻറേ ഫൂ യേൻറെ  (Anrê Phú Yên) നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അന്നാട്ടിലെ മതബോധകർക്ക് നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

1625 ജൂലൈ 26-ന് ആണ് വാഴ്ത്തപ്പെട്ട നിണസാക്ഷി അൻറേ ഫൂ യേൻ ജനിച്ചത്. കേവലം പത്തൊമ്പതാമത്തെ വയസ്സിൽ സ്വജീവൻ നല്കിയ അദ്ദേഹം “സ്നേഹത്തിന് പകരം സ്നേഹം” നല്കാനുള്ള കർത്താവിൻറെ വിളിക്ക് പ്രത്യുത്തരം നല്കുകയായിരുന്നുവെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ പറയുന്നു. വിയറ്റാനാമിന് അകത്തും പുറത്തുമായി 64000 മതബോധകരുള്ളത് അനുസ്മരിക്കുന്ന പാപ്പാ ഈ വലിയ സമൂഹം ഇടവകജീവിത്തിൻറെ മൗലികഘടകമാണെന്ന വസ്തുത ചൂണ്ടിക്കാട്ടുന്നു. 

വാഴ്ത്തപ്പെട്ട അൻറേ ഫൂ യേൻറെ  നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് “ത്സൂം” സമ്മേളനത്തിൽ പങ്കെടുക്കുന്ന വിയറ്റ്നാമിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ പ്രസിഡൻറും സൈഗോൺ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് ജോസഫ് ൻഗുയെൻ നാംഗുൾപ്പടെയുള്ള എല്ലാവരെയും അഭിവാദ്യം ചെയ്യുന്ന പാപ്പാ നിണസാക്ഷിയായ ഫൂ യെൻറെ സാക്ഷ്യം നമുക്കെല്ലാം പ്രചോദനദായകമാണെന്ന് പറയുന്നു.

കഷ്ടപ്പാടുകൾക്കു മദ്ധ്യെയും വാഴ്ത്തപ്പെട്ട ഫൂ യെൻറെ, അചഞ്ചല വിശ്വാസത്തോടെ, യേശുനാമം വിളിച്ചപേക്ഷിക്കാൻ കഴിയുന്നതിന് മാധ്യസ്ഥ്യം വഹിക്കുന്നതിന് അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. വിയറ്റ്നാമിലെ കത്തോലിക്കാമതബോധകരുടെ ശുശ്രൂഷ അവരുടെ ശക്തമായ കുടുംബസാസ്കാരിക പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരുന്നിയിരിക്കുന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജൂലൈ 2025, 11:42