MAP

പാപ്പാ:അവിരാമം പ്രാർത്ഥിക്കുക, വെളിച്ചവും ശക്തിയും കണ്ടെത്താനാകും!

ലിയൊ പതിനാലാമൻ പാപ്പായുടെ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: മക്കൾക്കടുത്ത വിശ്വാസത്തോടെ ആബാ, പിതാവേ എന്നു വിളിച്ചു പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യകത.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ, വേനൽക്കാലസൂര്യതാപ നില അല്പമൊന്നു താഴ്ന്നിട്ടുണ്ടെങ്കിലും അത്യുഷ്ണം തുടരുന്നു. എന്നിരുന്നാലും റോമാനഗരത്തിലേക്കുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും പ്രവാഹത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. പാപ്പാ ജൂലൈ 27-ന് ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. ആദിത്യകിരണങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് പലരും കുട ചൂടുകയൊ തൊപ്പി അണിയുകയോ ചെയ്തു. മറ്റുചിലർ ചത്വരത്തിൽ സ്തംഭാവലിക്കിടയിൽ അഭയം തേടിയിരുന്നു. രണ്ടാഴ്ചക്കാലം റോമിൻറെ പ്രാന്തത്തിലുള്ള കാസ്തൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയിയിലായിരുന്നതിനാൽ ആ കാലയളവിലെ ഞായറാഴ്ചകളിൽ ലിയൊ പതിനാലമൻ പാപ്പായുടെ ത്രികാലപ്രാർത്ഥനാവേദി ആ അരമനയുടെ അങ്കണമായിരുന്നു. ഈ ഞായറാഴ്ച പാപ്പാ ത്രികാലജപം നയിക്കുന്നതിന് വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം അദ്ധ്യായം   11, 1-13 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതും തന്നോട് ചോദിക്കുന്നവർക്ക് സ്വർഗ്ഗസ്ഥനായ പിതാവ് നല്ലദാനങ്ങൾ നല്കുമെന്ന് ഉറപ്പേകുന്നതുമായ ഭാഗം, ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന യേശു

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്ന് സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് തൻറെ ശിഷ്യരെ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന യേശു പഠിപ്പിക്കുന്നതാണ് (ലൂക്കാ 11:1-13 കാണുക): എല്ലാ ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കുന്ന പ്രാർത്ഥന. അതിൽ, കുട്ടികളെപ്പോലെ "അബ്ബാ", "പിതാവേ" എന്ന് ദൈവത്തെ "ലാളിത്യം [...], പുത്രസഹജമായ വിശ്വാസം, [...] ധൈര്യം, സ്നേഹിക്കപ്പെടുമെന്ന ഉറപ്പ്" (കാത്തലിക്കാസഭയുടെ തബോധനം, 2778) എന്നിവയോടുകൂടി വിളിക്കാൻ കർത്താവ് നമ്മെ ക്ഷണിക്കുന്നു.

ദൈവം പിതാവും നാം അവിടത്തെ തനയരും

ഇതെക്കുറിച്ച്, വളരെ മനോഹരമായ ഒരു പ്രയോഗത്തോടുകൂടി, കത്തോലിക്കാ സഭയുടെ മതബോധനം പറയുന്നു, "കർത്തൃ പ്രാർത്ഥനയിലൂടെ, നാം നമുക്ക് തന്നെ വെളിപ്പെടുത്തപ്പെടുത്തുന്നു, അതേസമയം പിതാവ് നമുക്ക് വെളിപ്പെടുത്തപ്പെടുന്നു" (ibid., 2783). ഇത് സത്യമാണ്: സ്വർഗ്ഗസ്ഥനായ പിതാവിനോട് നാം എത്രത്തോളം വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നുവോ അത്രയധികം നാം വത്സലമക്കളാണെന്ന് മനസ്സിലാക്കുകയും അവൻറെ സ്നേഹത്തിൻറെ മഹത്വം കൂടുതൽ അറിയുകയും ചെയ്യുന്നു (റോമാ 8:14-17 കാണുക).

ദൈവത്തിൻറെ പിതൃരൂപം

ഇന്നത്തെ സുവിശേഷം ദൈവത്തിൻറെ പിതൃത്വത്തിൻറെ സവിശേഷതകളെ ചിന്തോദ്ദീപകങ്ങളായ ചില രൂപങ്ങളിലൂടെ വിവരിക്കുന്നു: ഒരു അപ്രതീക്ഷിത സന്ദർശകനെ സ്വീകരിക്കാൻ സുഹൃത്തിനെ സഹായിക്കുന്നതിനായി അർദ്ധരാത്രിയിൽ എഴുന്നേൽക്കുന്ന ഒരു മനുഷ്യൻറെ രൂപം; അല്ലെങ്കിൽ സ്വന്തം മക്കൾക്ക് നല്ലവ നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന മാതാപിതാക്കളുടെ ചിത്രം.

നമ്മെ സദാ ശ്രവിക്കുന്ന പിതാവ്

തെറ്റുകൾ, നഷ്ടപ്പെട്ട അവസരങ്ങൾ അല്ലെങ്കിൽ പരാജയങ്ങൾ എന്നിവയ്ക്ക് ശേഷം പോലും, അവൻറെ വാതിലിൽ മുട്ടാൻ നാം വൈകിയാലും, വീട്ടിൽ ഉറങ്ങുന്ന തൻറെ മക്കളെ നമ്മെ സ്വീകരിക്കുന്നതിനായി "ഉണർത്തേണ്ടി" വന്നാലും (ലൂക്കാ 11:7 കാണുക) ദൈവം ഒരിക്കലും നമ്മെ പുറംതള്ളുന്നില്ലെന്ന് അവ നമ്മെ ഓർമ്മിപ്പിക്കുന്നു. തീർച്ചയായും, സഭയുടെ മഹത്തായ കുടുംബത്തിൽ, പിതാവ് തൻറെ സ്നേഹത്തിൻറെ എല്ലാ പ്രവൃത്തികളിലും നമ്മെ പങ്കുചേർക്കാൻ മടിക്കുന്നില്ല. നാം അവനോട് പ്രാർത്ഥിക്കുമ്പോൾ കർത്താവ് എപ്പോഴും നമ്മെ കേൾക്കുന്നു, ചിലപ്പോൾ സമയമെടുത്തും, നമുക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള രീതികളിലും ആയിരിക്കും. അത്  അവൻ നമ്മുടെ ഗ്രഹണശക്തിക്ക് അതീതമായ കൂടുതൽ ജ്ഞാനത്തോടും കരുതലോടും കൂടി പ്രവർത്തിക്കുന്നതിനാലാണ്. ആകയാൽ, ഈ നിമിഷങ്ങളിൽ പോലും, നാം പ്രാർത്ഥനയ്ക്ക്, വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുന്നതിന് വിരാമമിടരുത്: അവനിൽ നമുക്ക് എപ്പോഴും വെളിച്ചവും ശക്തിയും കണ്ടെത്താനാകും.

പരസ്പര സ്നേഹം

എന്നിരുന്നാലും, കർത്തൃ പ്രാർത്ഥന ചൊല്ലുന്നതിലൂടെ, ദൈവികപുത്രത്വത്തിൻറെ കൃപ ആഘോഷിക്കുന്നതോടൊപ്പം, ക്രിസ്തുവിൽ സഹോദരങ്ങളെന്നപോലെ പരസ്പരം സ്നേഹിച്ചുകൊണ്ട് ഈ ദാനത്തോട് പ്രതികരിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയും നാം പ്രകടിപ്പിക്കുന്നു. ഇതിനെക്കുറിച്ചുള്ള ധ്യാനത്തിൽ സഭാ പിതാക്കന്മാരിൽ ഒരാൾ എഴുതുന്നു: "ദൈവത്തെ 'നമ്മുടെ പിതാവ്' എന്ന് നാം വിളിക്കുമ്പോൾ, മക്കൾക്കനുയോജ്യമാം വിധം പെരുമാറാനുള്ള നമ്മുടെ കടമ നാം ഓർക്കണം" (കാർത്തേജിലെ വിശുദ്ധ സിപ്രിയൻ, ദൈ ദൊമേനിക്ക ഒറാസിയോനെ, 11), മറ്റൊരാൾ കൂട്ടിച്ചേർക്കുന്നു: "നിങ്ങൾക്ക് ക്രൂരവും മനുഷ്യത്വരഹിതവുമായ ഒരു ഹൃദയമാണ് ഉള്ളതെങ്കിൽ സകല നന്മകളുടെയും ദൈവത്തെ നിങ്ങളുടെ പിതാവ് എന്ന് വിളിക്കാൻ നിങ്ങൾക്ക് കഴിയില്ല; അങ്ങനെയെങ്കിൽ, വാസ്തവത്തിൽ, സ്വർഗ്ഗസ്ഥനായ പിതാവിൻറെ നന്മയുടെ മുദ്ര നിങ്ങളുടെ ഉള്ളിൽ ഇനി ഉണ്ടാകില്ല" (വിശുദ്ധ ജോൺ ക്രിസോസ്റ്റം, ദെ ആംഗുസ്ത പോർത്ത ഏത്ത് ഇൻ ഒറാസിയോനെം ഡൊമിനിക്കാം, 3). നമുക്ക് ദൈവത്തെ "പിതാവ്" എന്ന് വിളിച്ചു പ്രാർത്ഥിച്ചതിനു ശേഷം മറ്റുള്ളവരോട് പരുഷമായും വികാരരഹിതമായും പെരുമാറാൻ കഴിയില്ല. മറിച്ച്, ഒരു കണ്ണാടിയിലെന്നപോലെ അവൻറെ മുഖം നമ്മിൽ പ്രതിഫലിക്കുമാറാക്കുന്നതിനായി അവൻറെ നന്മ, അവൻറെ ക്ഷമ, അവൻറെ കരുണ എന്നിവയാൽ രൂപാന്തരപ്പെടുത്തപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുക സുപ്രധാനമാണ്.

പരിശുദ്ധ അമ്മയുടെ സഹായം തേടുക

പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്നത്തെ ആരാധനക്രമം പ്രാർത്ഥനയിലൂടെയും പരസ്നേഹത്തിലൂടെയും നമ്മെ ക്ഷണിക്കുന്നത്, നാം സ്നേഹിക്കപ്പെട്ടവരാണെന്ന അവബോധം പുലർത്താനും ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാനുമാണ്, അതായത്, സന്നദ്ധതയോടും വിവേചബുദ്ധിയോടും പരസ്പര കരുതലോടും, കണക്കുകൂട്ടലുകളില്ലാതെയും സ്നേഹിക്കാനും ആണ്. ഈ വിളിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയുന്നതിനും പിതാവിൻറെ വദനത്തിൻറെ മാധുര്യം പ്രകടിപ്പിക്കാൻ കഴിയുന്നതിനും നമുക്ക് മറിയത്തോട് അപേക്ഷിക്കാം.

ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ: മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ദിനം

മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള അഞ്ചാം ദിനം ഈ ഞായറാഴ്ച ആചരിക്കപ്പെട്ടതും "പ്രതീക്ഷ കൈവെടിയാത്തവർ ഭാഗ്യവാന്മാർ" എന്ന വിചിന്തനപ്രമേയം അതിന് സ്വീകരിച്ചിരുന്നതും പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു. പുതിയ തലമുറകളുടെ പാതയെ പ്രകാശിപ്പിക്കാൻ കഴിവുള്ള, പ്രത്യാശയുടെ സാക്ഷികളായി നാം മുത്തശ്ശീമുത്തശ്ശന്മാരെയും വൃദ്ധജനത്തെയും കാണണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവരെ ഒറ്റയ്ക്കാക്കാതെ അവരുമായി സ്നേഹത്തിൻറെയും പ്രാർത്ഥനയുടെയും ഒരു ഉടമ്പടി നാം ഉണ്ടാക്കണമെന്ന് പാപ്പാ പറഞ്ഞു.

ലോകത്തിൽ തുടരുന്ന സംഘർഷങ്ങളിൽ വേദനിക്കുന്നവരുടെ ചാരെ പാപ്പാ

ലോകത്തിൽ നടക്കുന്ന സംഘർഷത്തിലും അക്രമത്തിലും ദുരിതമനുഭവിക്കുന്ന എല്ലാവരുടെ ചാരെയാണ് തൻറെ ഹൃദയം എന്നു പറഞ്ഞ പാപ്പാ തായ്‌ലൻഡിനും കംബോഡിയയ്ക്കും ഇടയിലുള്ള അതിർത്തിയിലെ സംഘർഷങ്ങളിൽ അകപ്പെട്ടവർക്കായി, പ്രത്യേകിച്ച് കുട്ടികൾക്കും കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചു. സംഭാഷണവും അനുരഞ്ജനവും തേടാൻ സമാധാന രാജകുമാരൻ എല്ലാവർക്കും പ്രചോദനം പകരട്ടെയെന്ന് പാപ്പാ ആശംസിച്ചു. സിറിയയുടെ തെക്കുഭാഗത്തു നടക്കുന്ന അക്രമത്തിന് ഇരകളായവർക്കുവേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

ഗാസയിലെ ദുരന്തം

പൗരജനം പട്ടിണിക്കും അക്രമത്തിനും ഇരകളാകുകയും മരിച്ചുവീഴുകയും ചെയ്തുകൊണ്ടിരിക്കുന്ന ഗാസയിലെ ഗുരുതരമായ മാനവികസാഹചര്യത്തിൽ പാപ്പാ അതീവ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ, ബന്ദികളുടെ മോചനം, മാനവിക നിയമങ്ങളോടുള്ള പൂർണ്ണ ആദരവ് എന്നിവയ്ക്കായുള്ള തൻറെ ഹൃദയംഗമമായ അഭ്യർത്ഥന പാപ്പാ നവീകരിച്ചു. ദൈവദത്തമായ സഹജമായ ഔന്നത്യം ഓരോ മനുഷ്യവ്യക്തിക്കും ഉണ്ടെന്നു പറഞ്ഞ പാപ്പാ എല്ലാ സംഘർഷങ്ങളിലെയും കക്ഷികൾ ഈ ഔന്നത്യം അംഗീകരിക്കണമെന്നും അതിനു വിരുദ്ധമായ ഏതൊരു പ്രവൃത്തിയും അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. എല്ലാ ജനങ്ങൾക്കും സമാധാനപരമായ ഒരു ഭാവി ഉണ്ടാകുന്നതിനുവേണ്ടി ചർച്ചയിലേർപ്പെടാനും അതിനെ അപകടപ്പെടുത്തുന്ന എന്തിനെയും തള്ളിക്കളായനും പാപ്പാ ആവശ്യപ്പെട്ടു. സംഘർഷങ്ങൾക്കിരകളായ നിരപരാധികളെയും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അധികാരമുള്ള ഭരണാധികാരികളെയും പാപ്പാ സമാധാന രാജ്ഞിയായ മറിയത്തിനു ഭരമേൽപ്പിക്കുകയും ചെയ്തു.

വത്തിക്കാൻ റേഡിയോ വിഭാഗത്തിന് അനുമോദനങ്ങൾ

ജൂബിലി വേളയിൽ വിശ്വാസികളോടും തീർത്ഥാടകരോടും കൂടുതൽ അടുത്തായിരിക്കുന്നതിനു വേണ്ടി, ലൊസ്സെർവത്തോരെ റൊമാനോയുമായി ചേർന്ന് ബെർണിനിയുടെ സ്തംഭാവലിക്കു കീഴിൽ ഒരു ചെറിയ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത വത്തിക്കാൻ റേഡിയോ/വത്തിക്കാൻ വാർത്താ വിഭാഗത്തിന് പാപ്പാ  അഭിവാദ്യം അർപ്പിച്ചു. വത്തിക്കാൻ റേഡിയോ പാപ്പായുടെ ശബ്ദം ലോകമഖിലം എത്തിച്ചുകൊണ്ട് നിരവധി ഭാഷകളിലേകുന്ന സേവനത്തിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും സമാധാനത്തിൻറെയും സത്യത്തിൻറെയും വിനിമയത്തിന് സംഭാവന നൽകുന്ന എല്ലാ പത്രപ്രവർത്തകർക്കും കൃതജ്ഞതയോതുകയും ചെയ്തു.

യുവതയ്ക്ക് അഭിവാദ്യങ്ങൾ

ഇറ്റലിയിൽ നിന്നും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമുള്ള എല്ലാവരെയും അതുപോലെതന്നെ "യുവജന ജൂബിലി"ക്കായി റോമിൽ സമ്മേളിച്ചിരിക്കുന്ന വിവിധ രാജ്യക്കാരായ യുവജനത്തെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.. ക്രിസ്തുവിനെ കണ്ടുമുട്ടാനും വിശ്വാസത്തിലും അവനെ വിശ്വാസാനുസൃതം പിന്തുടരാനുള്ള പ്രതിബദ്ധതയിലും അവനാൽ ശക്തിപ്പെടുത്തപ്പെടാനുമുള്ള ഒരു അവസരമാകട്ടെ ഇതെന്ന് പാപ്പാ ആശംസിച്ചു.

കർമ്മല നാഥയുടെ തിരുന്നാളിനോടനുബന്ധിച്ച് ജൂലൈ 16-30 വരെ നടക്കുന്ന വിവിധ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 27-ന് ഞായറാഴ്ച രാത്രി റോമിലെ ടൈബർ നദിയിൽ പരിശുദ്ധ കന്യകയുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കാൻ പോകുന്നതിനെക്കുറിച്ചും പരാമർശിച്ച പാപ്പാ ഈ മനോഹരമായ മരിയൻ പാരമ്പര്യത്തിൽ പങ്കെടുക്കുന്നവർക്ക് യേശുവിൻറെ അമ്മയിൽ നിന്ന് അവരുടെ ദൈനംദിന ജീവിതത്തിൽ സുവിശേഷം പ്രാവർത്തികമാക്കാൻ പഠിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. തുടർന്ന് എല്ലാവർക്കും സന്തോഷകരമായ ഒരു ഞായറാഴ്ച നേർന്നുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂലൈ 2025, 11:47

ത്രികാലപ്രാര്čത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്čത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്čത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്čത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >