MAP

റോമിൽ ഒരു പെട്രോൾ പമ്പിലുണ്ടായ ഒരു സ്ഫോടനത്തെയും തുടർന്നുണ്ടായ അഗ്നിബാധയുടെയും ഒരു ദൂര ദൃശ്യം, 04/07/25 റോമിൽ ഒരു പെട്രോൾ പമ്പിലുണ്ടായ ഒരു സ്ഫോടനത്തെയും തുടർന്നുണ്ടായ അഗ്നിബാധയുടെയും ഒരു ദൂര ദൃശ്യം, 04/07/25  (ANSA)

റോം രൂപതാതിർത്തിക്കുള്ളിൽ ഉണ്ടായ സ്ഫോടനദുരന്തത്തിൽ പാപ്പാ ദുഃഖം രേഖപ്പെടുത്തി!

റോം രൂപതയിൽപ്പെട്ട ഒരു പ്രദേശത്തെ പെട്രോൾ പമ്പിൽ വെള്ളിയാഴ്ച വൻസ്ഫോടനം നടക്കുകയും തീപടരുകയും ചെയ്തു. ഈ ദുരന്തത്തിൽ തൻറെ വേദന പാപ്പാ ട്വിറ്ററിലൂടെ അറിയിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോം രൂപതയിൽപ്പെട്ട പ്രെനെസ്തീനൊ ലബിക്കാനൊ പ്രദേശത്തെ ഒരു പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിലും അഗ്നിബാധയിലും പാപ്പാ തൻറെ ദുഃഖം അറിയിച്ചു.

വെള്ളിയാഴ്ച (04/07/25) “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് റോം രൂപതയുടെ മെത്രാൻ കൂടിയായ ലിയൊ പതിനാലാമൻ പാപ്പാ ഈ ദുരന്തത്തിൽ തൻറെ വേദന രേഖപ്പെടുത്തിയത്.

ഈ സ്ഫോടന ദുരന്തത്തിലകപ്പെട്ടവർക്കെല്ലാം വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ദാരുണമായ ഈ അപകടവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ താൻ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും പാപ്പാ ഇറ്റാലിയൻ ഭാഷയിലുള്ള “എക്സ്” സന്ദേശത്തിൽ കുറിച്ചിരിക്കുന്നു.

റോമിൽ പലയിടത്തും പ്രകമ്പനം അനുഭവപ്പെടത്തക്കവിധം ശക്തമായിരുന്നു വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 8 മണിക്കു ശേഷമുണ്ടായ ഈ സ്ഫോടനം. ലഭ്യമായ വിവരമനുസരിച്ച്, അനേകർക്ക് പരിക്കു പറ്റിയിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂലൈ 2025, 12:27