പാപ്പാ: മാമ്മോദീസാ നമ്മെ മരണസംസ്കൃതിയെ നിരസിക്കാൻ പ്രതിജ്ഞാബദ്ധരാക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാമ്മോദീസാ നമ്മെ ക്രിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് ആനയിക്കുകയും ജീവൻ പ്രദാനം ചെയ്യുകയും നമ്മുടെ സമൂഹത്തിൽ അത്യധികം സന്നിഹിതമായ മരണ സംസ്കാരത്തെ നിരസിക്കാൻ നമ്മെ പ്രതിജ്ഞാബദ്ധരാക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ.
പുതുക്രിസ്ത്യാനികളും മാമ്മോദീസാ സ്വീകരിക്കുന്നതിന് ഒരുങ്ങന്നവരും അടങ്ങിയ ഫ്രഞ്ചുകാരായയുവതീയുവാക്കളുടെ ഒരു സംഘത്തെ ജൂലൈ 29-ന് ചൊവ്വാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധനചെയ്യവെയാണ് ലിയൊ പതിനാലാമൻ പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ഇന്ന് പ്രബലമായിരിക്കുന്ന മരണസംസ്കാരം, നിസ്സംഗത, മറ്റുള്ളവരോടുള്ള അവജ്ഞ, മയക്കുമരുന്ന്, അനായാസ ജീവിതത്തിനായുള്ള അന്വേഷണം, വിനോദമായി മാറുന്ന ലൈംഗികത, മനുഷ്യവ്യക്തിയെ പദാർത്ഥവത്ക്കരിക്കൽ അനീതി മുതലായവയിലൂടെ ആവിഷ്കൃതമാകുന്നുവെന്ന് പാപ്പാ ആശങ്കപ്രകടിപ്പിച്ചു.
ക്രിസ്തുവിനാലും അവൻറെ സുവിശേഷത്താലും നയിക്കപ്പെടുന്നവരും വിശ്വാസത്തിൽ പ്രതിജ്ഞാബദ്ധരും ജീവിതത്തിന് അർത്ഥം നൽകാൻ ആഗ്രഹിക്കുന്നവരുമായ യുവജനങ്ങളെ കാണുന്നതിലുള്ള തൻറെ അതിയായ ആനന്ദം പ്രകടിപ്പിച്ച പാപ്പാ മാമ്മോദീസാ നമ്മെ ദൈവത്തിൻറെ മഹത്തായ കുടുംബത്തിലെ പൂർണ്ണ അംഗങ്ങളാക്കുന്നുവെന്നും അതിന് മുൻകൈ എടുക്കുന്നത് എപ്പോഴും ദൈവമാണെന്നും പറഞ്ഞു.
മാമ്മോദീസാ സ്വീകരിക്കുന്നതിനുവേണ്ട ഒരുക്കം നടത്തുന്ന പ്രക്രിയായ “കാറ്റെക്കുമെനേറ്റി”നെക്കുറിച്ച് പരാമർശിച്ച പാപ്പാ അത്, സ്നാനത്തോടെ അവസാനിക്കാത്തതും ജീവിതത്തിലുടനീളം സന്തോഷസന്താപങ്ങളുടെ നിമിഷങ്ങളുമായി തുടരുന്നതുമായ വിശ്വാസ യാത്രയാണെന്ന് ഉദ്ബോധിപ്പിച്ചു.
കൂടുതൽ വളരാനും സഹായം ആവശ്യമുള്ള എല്ലാവരുമായും അടുത്തിടപഴകാനും സഭയ്ക്ക് അവരുടെ മനോഹരമായ വിശ്വാസ സാക്ഷ്യം ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, ക്രിസ്തുവിൻറെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നതിനും പ്രേഷിത ശിഷ്യരാകുന്നതിനും വിശ്വാസാനുഭവം മറ്റുള്ളവരുമായി പങ്കിടാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: