പാപ്പാ:സാങ്കേതികതയാൽ മുദ്രിതമായ ഇന്നിൻറെ സംസ്കാരത്തെ മാനവികമാക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാം ഇന്ന് സാങ്കേതികത ആഴത്തിൽ പതിഞ്ഞതും അതിനാൽ രൂപീകൃതമായതുമായ ഒരു സാസ്കാരത്തിലാണെന്നും അതിനെ മാനവികമാക്കി നിലനിറുത്തുക നമ്മുടെ കടമായാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഡിജിറ്റൽസാങ്കേതികവിദ്യ പ്രേഷിതപ്രവർത്തിന് ഉപയോഗപ്പെടുത്തുവരായ ഡിജിറ്റൽ പ്രേഷിതരുടെയും കത്താലിക്കാ സ്വാധീനശാലികളുടെയും (ഇൻഫ്ലുവെൻസർ) ജൂബിലിയോടനുബന്ധിച്ച് റോമിൽ എത്തിയവരെ ലിയൊ പതിനാലാമൻ പാപ്പാ ചൊവ്വാഴ്ച (29/07/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് സംബോധന ചെയ്യുകയായിരുന്നു.
ശത്രുത, യുദ്ധം എന്നിവയാൽ ഛിന്നഭിന്നമായ നമ്മുടെ ഈ കാലഘട്ടത്തിൽ നമുക്ക് സമാധാനം എത്രമാത്രം ആവശ്യമായിരിക്കുന്നു എന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പാപ്പാ ലോകത്തോട് സമാധാനം പഘോഷിക്കുക സഭയുടെ ദൗത്യമാണെന്ന് ഓർമ്മിപ്പിച്ചു.
മരണത്തെ ജയിക്കുകയും ദൈവത്തിൻറെ മാപ്പും പിതാവിൻറെ ജീവനും നമുക്കേകുയും സ്നേഹത്തിൻറെ പാത കാണിച്ചുതരുകയും ചെയ്യുന്ന കർത്താവിൽ നിന്ന് വരുന്നതാണ് ഈ സമാധാനമെന്നും അത് അന്വേഷിക്കുകയും പ്രഘോഷിക്കുകയും എല്ലായിടത്തും പങ്കുവയ്ക്കുകയും ചെയ്യേണ്ടതാണെന്നും പാപ്പാ പറഞ്ഞു. ഉത്ഥിതൻറെ ദാനം ലോകത്തിലേക്ക് കൊണ്ടുവരുന്ന, ജീവിക്കുന്ന യേശു നമുക്കേകുന്ന പ്രത്യാശയ്ക്ക് ശബ്ദം നൽകുന്ന പ്രേഷിത ശിഷ്യരെ ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയുംകുറിച്ച് പരാമർശിക്കവെ പാപ്പാ അവ നമ്മുടെ ജീവിത രീതിയെ സ്വാധീനിക്കുന്നുവെന്നും എന്നാൽ മനുഷ്യനിൽ നിന്നും അവൻറെ സർഗ്ഗാത്മകതയിൽ നിന്നും വരുന്ന ഒന്നും അപരൻറെ അന്തസ്സിനെ തകർക്കാൻ ഉപയോഗിക്കപ്പടരുത് എന്ന് ഉദ്ബോധിപ്പിച്ചു. ക്രിസ്തീയ മാനവികതയുടെ ഒരു സംസ്കാരം വളർത്തിയെടുക്കുക, അത് ഒരുമിച്ച് ചെയ്യുക എന്നത് നമ്മിൽ നിക്ഷിപ്തമായ ദൗത്യമാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
ഇന്ന് നമ്മൾ സകലത്തിലും സാങ്കേതിക മാനത്തിൻറെ സ്പർശമുള്ള ഒരു സംസ്കാരത്തിലാണെന്നും, പ്രത്യേകിച്ച്, കൃത്രിമബുദ്ധിയുടെ വ്യാപകമായ സ്വീകാര്യത വ്യക്തികളുടെയും സമൂഹത്തിൻറെയും മൊത്തത്തിലുള്ള ജീവിതത്തിൽ ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുകയാണെന്നും പറഞ്ഞ പാപ്പാ ഇത് നാം നേരിടേണ്ട ഒരു വെല്ലുവിളിയാണെന്ന് മുന്നറിയിപ്പേകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: