പാപ്പാ:കർത്താവുമായുള്ള സംഭാഷണത്തിലും ബന്ധത്തിലും വളരുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിൽ ഉഷ്ണതരംഗം തുടരുന്നു. എന്നിരുന്നാലും ഈ ഞായാറാഴ്ചയും (06/07/25) ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ പൊരിവെയിലിനെ അവഗണിച്ച്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. അർക്കാംശുക്കൾക്കെതിരെ പരിചയെന്നോണം പലരും കുട ചൂടുകയൊ തൊപ്പിയണിയുകയോ ചെയ്തിരുന്നു. മറ്റുചിലർ ചത്വരത്തിലുള്ള സ്തംഭാവലിക്കിടയിലുള്ള, തണലത്ത്, അഭയം തേടിയിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, യേശു 72 പേരെ സമാധാന-രോഗസൗഖ്യദൗത്യവുമായി അയയ്ക്കുന്നതും ദൗത്യനിർവ്വഹണാനന്തരം അവർ സസന്തോഷം തിരിച്ചെത്തുന്നതുമായ സുവിശേഷ സംഭവം, അതായത്, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10, 1-12 വരെയും 17-20 വരെയും ഉള്ള വാക്യങ്ങൾ ആയിരുന്ന. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
നമ്മുടെ വിളിയും ദൗത്യവും
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഇന്നത്തെ സുവിശേഷം (ലൂക്കാ 10:1-12.17-20), നമ്മുടെ വിളിക്കനുസൃതവും കർത്താവ് നമ്മെ ആക്കിയിരിക്കുന്ന സമൂർത്ത സാഹചര്യങ്ങളിലും നമുക്ക് ഓരോരുത്തർക്കുമുളള ദൗത്യത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു.
യേശു എഴുപത്തിരണ്ട് ശിഷ്യന്മാരെ അയയ്ക്കുന്നു (ലൂക്കാ 10, വാക്യം 1). സുവിശേഷത്തിൻറെ പ്രത്യാശ സകല ജനങ്ങൾക്കുമായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ പ്രതീകാത്മക സംഖ്യ സൂചിപ്പിക്കുന്നു: ഇത് കൃത്യമായി ദൈവത്തിൻറെ ഹൃദയവിശാലതയാണ്, അവൻറെ വിളവ്, അതായത്, തൻറെ എല്ലാ മക്കളും തൻറെ സ്നേഹം അനുഭവിക്കുന്നതിനും അവരെല്ലാവരും രക്ഷ കൈവരിക്കുന്നതിനും വേണ്ടി അവൻ ലോകത്തിൽ ചെയ്യുന്ന പ്രവൃത്തികൾ, സമൃദ്ധമാണ്.
വിളവധികം, വേലക്കാരോ ചുരുക്കം
അതേ സമയം യേശു പറയുന്നു: "കൊയ്ത്തു സമൃദ്ധമാണ്, എന്നാൽ വേലക്കാരോ ചുരുക്കം! അതിനാൽ വിളവെടുപ്പിന് വേലക്കാരെ അയയ്ക്കാൻ വിളവിൻറെ നാഥനോട് പ്രാർത്ഥിക്കുവിൻ!" (ലൂക്കാ 10,2).
ഒരു വശത്ത്, ദൈവം, ഉദാരമായി വിതയ്ക്കുന്നതിന്, ഒരു വിതക്കാരനെപ്പോലെ, ലോകത്തിലേക്ക് ഇറങ്ങി, മനുഷ്യൻറെയും ചരിത്രത്തിൻറെയും ഹൃത്തിൽ അനന്തതയ്ക്കും, പൂർണ്ണ ജീവിതത്തിനും, മോചനദായക രക്ഷയ്ക്കും വേണ്ടിയുള്ള ആഗ്രഹം വിന്യസിച്ചു. ആകയാൽ വിളവ് സമൃദ്ധമാണ്, ദൈവരാജ്യം നിലത്ത് ഒരു വിത്ത് മുളയ്ക്കുന്നതുപോലെയാണ്, ഇന്നത്തെ മനുഷ്യൻ, മറ്റനേകം കാര്യങ്ങളാൽ വലയുന്നതായി തോന്നുമ്പോഴും, ഒരു വലിയ സത്യത്തിനായി അവൻ കാത്തിരിക്കുന്നു, അവൻറെ ജീവിതത്തിൻറെ പൂർണ്ണമായ അർത്ഥം അവൻ തേടിക്കൊണ്ടിരിക്കയാണ്, അവൻ നീതി ആഗ്രഹിക്കുന്നു, നിത്യജീവനുവേണ്ടിയുള്ള ആഗ്രഹം അവൻ ഉള്ളിൽ പേറുന്നു.
ദൈവത്തിൻറെ പ്രവർത്തികൾ തിരിച്ചറിയാൻ കഴിയുന്നവർ
എന്നിരുന്നാലും, മറുവശത്ത്, കർത്താവ് വിതച്ച വയലിൽ ജോലിക്കു പോകുന്ന വേലക്കാർ, അതിലുപരി, വിളവെടുപ്പിന് പാകമായ നല്ല ധാന്യം യേശുവിൻറെ കണ്ണുകളാൽ തിരിച്ചറിയാൻ കഴിയുന്നവർ, കുറവാണ് (യോഹന്നാൻ 4:35-38 കാണുക). നമ്മുടെ ജീവിതത്തിലും നരകുലത്തിൻറെ ചരിത്രത്തിലും കർത്താവ് ചെയ്യാൻ ആഗ്രഹിക്കുന്ന മഹത്തായ എന്തോ കാര്യമുണ്ട്, പക്ഷേ അത് മനസ്സിലാക്കുന്നവരും, ആ സമ്മാനം സ്വീകരിക്കാൻ നിൽക്കുന്നവരും, അത് പ്രഘോഷിക്കുന്നവരും, അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുന്നവരും ചുരുക്കമാണ്.
"യാദൃശ്ചിക ക്രൈസ്തവർ"
പ്രിയ സഹോദരീ സഹോദരന്മാരേ, തങ്ങളുടെ വിശ്വാസം ഒരു ബാഹ്യ അടയാളമായി കാണിച്ചുകൊണ്ട് മതപരമായ കടമകൾ നിറവേറ്റുന്ന ആളുകളെ സഭയ്ക്കും ലോകത്തിനും ആവശ്യമില്ല; പകരം അവയ്ക്കാവശ്യം, പ്രേഷിത മേഖലയിൽ പ്രവർത്തിക്കാൻ ഉത്സുകരായവരെയും എവിടെയായിരുന്നാലും അവിടെ ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കുന്ന സ്നേഹഭരിതരായ ശിഷ്യന്മാരെയുമാണ്. ഇടയ്ക്കിടെ എന്തെങ്കിലും നല്ല മതവികാരത്തിന് ഇടം നൽകുന്നവരോ അല്ലെങ്കിൽ എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കുന്നവരോ ആയ "യാദൃശ്ചിക ക്രൈസ്തവർക്ക്" ഒരുപക്ഷേ, ഒരു കുറവുമില്ലായിരിക്കാം; എന്നാൽ ദൈനംദിന ജീവിതത്തിലേക്കും കുടുംബത്തിലും തൊഴിലിടങ്ങളിലും, പഠന സ്ഥലങ്ങളിലും, വിവിധ സാമൂഹിക ചുറ്റുപാടുകളിലും, ആവശ്യത്തിലിരിക്കുന്നവരിലും എത്തിക്കുന്നതിനായി തങ്ങളുടെ ഹൃദയങ്ങളിൽ സുവിശേഷത്തിൻറെ വിത്ത് നട്ടുവളർത്തിക്കൊണ്ട് ദൈവത്തിൻറെ വയലിൽ എല്ലാ ദിവസവും പ്രവർത്തിക്കാൻ തയ്യാറുള്ളവർ ചുരുക്കമാണ്.
കർത്താവുമായുള്ള ബന്ധവും പ്രാർത്ഥനയും
ഇത് ചെയ്യുന്നതിന്, അജപാലനാശയങ്ങളെക്കുറിച്ച് നമുക്ക് നിരവധിയായ സൈദ്ധാന്തിക ധാരണകളൊന്നും ആവശ്യമില്ല; ആവശ്യമായിരിക്കുന്നത് എല്ലാറ്റിനുമുപരി, വിളവിൻറെ നാഥനോട് പ്രാർത്ഥിക്കുകയാണ്. ഒന്നാമതായി, അതായത്, കർത്താവുമായുള്ള ബന്ധം, അവിടന്നുമായുള്ള സംഭാഷണം വളർത്തിയെടുക്കുക. അപ്പോൾ അവൻ നമ്മെ തൻറെ വേലക്കാരാക്കുകയും തൻറെ രാജ്യത്തിൻറെ സാക്ഷികളായി ലോകമാകുന്ന വയലിലേക്ക് അയയ്ക്കുകയും ചെയ്യും.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുക
നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാനും ക്രിസ്ത്വാനുകരണപാതയിൽ നമ്മെ തുണയ്ക്കാനും നമുക്ക്, "ഇതാ ഞാൻ" എന്ന ഉദാരമായ പ്രത്യുത്തരത്തിലൂടെ സ്വയം സമർപ്പിച്ചുകൊണ്ട് പരിത്രാണപ്രവർത്തനത്തിൽ പങ്കുചേർന്ന കന്യകാമറിയത്തോട്, പ്രാർത്ഥിക്കാം, അങ്ങനെ നമുക്കും ദൈവരാജ്യത്തിൻറെ സന്തോഷമുള്ള വേലക്കാരാകാൻ സാധിക്കട്ടെ. ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
റോമക്കാരും ഇറ്റലിയിടെ ഇതരഭാഗങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയിരുന്നവരുമായ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ, അത്യുഷ്ണം അനുഭവപ്പെടുന്ന ഈ വേളയിൽ, വിശുദ്ധ വാതിലുകൾ താണ്ടാനുള്ള അവരുടെ യാത്ര അത്യധികം ധീരവും പ്രശംസനീയവുമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തിരുഹൃദയത്തിൻറെ ഫ്രാൻസിസ്കൻ പ്രേഷിതസഹോദരികളും പോളണ്ടിലെ സ്തൃഷോവിലെ വിദ്യാർത്ഥികളും അവരുടെ മതാപിതാക്കളും പോളണ്ടിലെ തന്നെ ലെഗ്നിസായിലെ വിശ്വാസികളും ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കരും അടങ്ങുന്ന തീർത്ഥാടകരെ പാപ്പാ അഭിവാദ്യം ചെയ്തു.
ടെക്സസിലെ മിന്നൽ പ്രളയ ദുരന്തം, പാപ്പായുടെ പ്രാർത്ഥന
ആംഗലഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ തൻറെ ജന്മനാടായ അമേരിക്കൻ ഐക്യനാടുകളിലെ, ടെക്സസ് സംസ്ഥാനത്തിൽ ഗ്വാദലൂപെ നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ജീവൻ പൊലിഞ്ഞവർക്കു വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരെ തൻറെ അനുശോചനം അറിയിക്കുകയും ചെയ്തു. അവിടെ വാർഷിക വേനൽക്കാല ശിബിരത്തിൽ പങ്കെടുക്കുകയായിരുന്ന 8 വയസ്സു മുതലുള്ള എഴുനൂറോളം ക്രൈസ്തവപെൺകുട്ടികളിൽപ്പെട്ടവരുൾപ്പടെ 70-ഓളം പേർ വെള്ളിയാഴ്ചയുണ്ടായ പ്രളയത്തിൽ മരിച്ചതായി കരുതപ്പെടുന്നു.
സമാധാനാഭ്യർത്ഥന
സകലജനതകളുടെയും അഭിലാഷമാണ് സമാധാനമെന്നും യുദ്ധം പിച്ചിച്ചീന്തിയവരുടെ ദുഃഖകരമായ കരച്ചിലാണതെന്നും പറഞ്ഞ പാപ്പാ ആയുധങ്ങളുടെ അക്രമത്തിൻറെ സ്ഥാനത്ത് സംഭാഷണത്തിനായുള്ള അന്വേഷണം ഇടം പിടിക്കുന്നതിനായി ഭരണകർത്താക്കളുടെ ഹൃദയങ്ങളെ സ്പർശിക്കാനും അവരുടെ മനസ്സുകളെ പ്രചോദിപ്പിക്കാനും കർത്താവിനോട് പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
കാസ്തൽ ഗന്തോൾഫൊയിലേക്ക്
ജൂലൈ 6-ന് ഞായറാഴ്ച വൈകുന്നേരം മുതൽ ഏതാനും ദിവസം താൻ വിശ്രമത്തിനായി കാസ്തൽ ഗന്തോൾഫൊയിൽ ആയിരിക്കുമെന്ന് പാപ്പാ തുടർന്നു വെളിപ്പെടുത്തി. ശരീരത്തിൻറെയും ആത്മാവിൻറെയും ഉന്മേഷം വീണ്ടെടുക്കുന്നതിനായി എല്ലാവർക്കും കുറച്ചുനാൾ അവധിക്കാലം ചെലവഴിക്കാൻ കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും ശുഭഞായർ ആശംസിച്ചുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: