പാപ്പായുടെ വാത്സല്യം നുകർന്ന് ബാലികാബാലന്മാർ വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുട്ടികൾക്കായി വത്തിക്കാൻ സംഘടിപ്പിച്ചിരിക്കുന്ന വേനൽക്കാല ശിബിരത്തിൽ പങ്കെടുന്നവരും യുദ്ധവേദിയായ ഉക്രൈയിനിൽ നിന്നു എത്തിയിരുന്നുവരും അടങ്ങുന്ന അറുനൂറിലേറെ ബാലികാബാലന്മാരുമൊത്ത് പാപ്പാ കുടിക്കാഴ്ച നടത്തുകയും അവരുമൊത്ത് സംഭാഷണത്തിലേർപ്പെടുകയും അവരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.
ജൂലൈ 3-ന് (03/07/25) വ്യാഴാഴ്‌ച ആയിരുന്നു ലിയൊ പതിനാലാമൻ പാപ്പാ കുട്ടികളുമൊത്ത് അല്പസമയം ചിലവഴിച്ചത്.
വത്തിക്കാൻ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന വേനൽക്കാല ശിബിരത്തിൽ പങ്കെടുക്കുന്ന 310 കുട്ടികളും കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസിൻറെ ഇറ്റാലിയൻ ഘടകം “ഒത്തൊരുമിച്ചായിരിക്കുന്നത് ഉപരി മനോഹരം” എന്ന പദ്ധതിയുടെ ഭാഗമായി, ഈ വേനൽക്കാലത്ത് ആതിഥ്യമരുളുന്ന ഉക്രൈയിൻകാരായ മുന്നൂറോളം കുട്ടികളുമൊത്ത് വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ വച്ചു നടന്ന ഈ കൂടിക്കാഴ്ചാ വേളയിൽ പാപ്പാ താൻ തൻറെ ബാല്യകാലത്ത് വിശുദ്ധകുർബ്ബാനയിൽ സംബന്ധിച്ചിരുന്നതും പള്ളിയിൽ വച്ച് കൂട്ടുകാരുമായി, സർവ്വോപരി, ഏറ്റവും നല്ല സുഹൃത്തായ യേശുവുമായി കണ്ടുമുട്ടിയിരുന്നതുമായ അനുഭവങ്ങൾ പങ്കുവച്ചു.
ഉക്രൈയിൻകാരായ കുഞ്ഞുങ്ങളെ പ്രത്യേകം സ്വാഗതം ചെയ്യവെ വൈവിധ്യം, ആതിഥ്യമനോഭാവം എന്നിവയെക്കുറിച്ച് പരാമർശിച്ച പാപ്പാ, വിത്യാസങ്ങൾക്കു മുന്നിൽ സ്തംഭിച്ചു നില്ക്കാതെ പരസ്പരം ആദരിക്കുകയും പാലങ്ങൾ പണിയുകയും സൗഹൃദങ്ങൾ സ്ഥാപിക്കുകയും ചെയ്യണമെന്നും സുഹൃത്തുക്കളും സഹോദരീസഹോദരന്മാരുമാകാൻ നമുക്കെല്ലാവർക്കും കഴിയുമെന്നും പറഞ്ഞു.
യുദ്ധത്തെക്കുറിച്ചുയർന്ന ഒരു ചോദ്യത്തിന് പാപ്പാ, നാം കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ സമാധാനത്തിൻറെയും സൗഹൃദത്തിൻറെയും ശില്പികളായിത്തീരണമെന്നും ചെറുപ്പത്തിൽത്തന്നെ പരസ്പരം ബഹുമാനിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണെന്നും ഓർമ്മിപ്പിച്ചു. തങ്ങൾ പങ്കെടുക്കുന്ന വേനൽക്കാല ശിബിരവേളയിൽ തങ്ങൾ തന്നെ മെനഞ്ഞെടുത്ത ചില വസ്തുക്കളും തങ്ങളുടെ കൊച്ചു കാലസൃഷ്ടികളും കുഞ്ഞുങ്ങൾ പാപ്പായ്ക്ക് സമ്മാനിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: