പോളണ്ടിൻറെ സ്ഥാനമൊഴിയുന്ന പ്രസിഡൻറ് പാപ്പായെ സന്ദർശിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പോളണ്ടിൻറെ പ്രസിഡൻറ് അന്ത്രെയ് ദൂതയെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
ലിയൊ പതിനാലാമൻ പാപ്പായും പ്രസിഡൻറ് ദൂതയും തമ്മിലുള്ള കൂടിക്കാഴ്ച വത്തിക്കാനിൽ ജൂലൈ 3-ന് വ്യാഴാഴ്‌ച (03/07/25) ആയിരുന്നു. പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
2015 ആഗ്സ്റ്റ് 6 മുതൽ പോളണ്ടിൻറെ പ്രസിഡൻറ് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹത്തിൻറെ രണ്ടാം വട്ട ഭരണകാലാവധിയും അവസാനിക്കാറായിരിക്കുകയാണ്. പോളണ്ടിൽ ഒരാൾക്ക് കൂടിവന്നാൽ രണ്ടുവട്ടം മാത്രമെ പ്രസിഡൻറ് സ്ഥാനാർത്ഥിയാകാൻ കഴിയുകയുള്ളു. ആകയാൽ, പോളണ്ടിൻറെ, സ്ഥാനമൊഴിയുന്ന പ്രസിഡൻറാണ് ദൂത. പുതിയ പ്രസിഡൻറായി ഇക്കഴിഞ്ഞ മെയ് 18, ജൂൺ എന്നീ തീയതികളിലായി നടന്ന രണ്ടുവട്ട തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞടുക്കപ്പെട്ടിരിക്കുന്നത് കരോൾ തദ്ദേവൂസ് നവ്രോത്സ്കിയാണ്.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് അന്ത്രെയ് ദൂത വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിൻറെ കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു.
പരിശുദ്ധസിംഹാസനവും പോളണ്ടും തമ്മിലുള്ള ഉറച്ച ഉഭയക്ഷിബന്ധങ്ങളിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും പോളണ്ടിലെ സാമൂഹ്യ-രാഷ്ട്രീയാവസ്ഥയെയും ഉക്രൈയിൻ യുദ്ധം പോലെ അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: