പാപ്പാ: ഇന്ന് അഹിംസാപരിപോഷണ യത്നങ്ങൾ ഉപരിയാവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വ്യാപകമായ സായുധസംഘർഷം, ജനതകൾക്കിടയിലുള്ള പിളർപ്പ്, നിർബന്ധിത കുടിയേറ്റം എന്നിവയുൾപ്പടെയുള്ള ഇന്നിൻറെ നിരവധിയായ വെല്ലുവിളികൾക്കിടയിൽ അഹിംസാപരിപോഷണ പരിശ്രമങ്ങൾ കൂടുതൽ ആവശ്യമാണെന്ന് പാപ്പാ പറയുന്നു.
1945-ൽ ഫ്രാൻസിൽ രൂപംകൊണ്ട അന്താരാഷ്ട്ര കത്തോലിക്കാ സമാധാനപ്രസ്ഥാനമായ “പാക്സ് ക്രിസ്തി” യുടെ (Pax Christi International) അമേരിക്കൻ ഐക്യനാടുകളിലെ ഘടകത്തിൻറെ മിഷിഗണിലെ ഡിട്രോയിറ്റിൽ നടക്കുന്ന ദേശീയ അർദ്ധവാർഷിക സമ്മേളനത്തിന് ജൂലൈ 26-ന് ശനിയാഴ്ച നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്.
തന്നെ കുരിശിലേറ്റിയ അക്രമസംഭവത്തിനു ശേഷം ഉത്ഥാനം ചെയ്ത ക്രിസ്തു അപ്പോസ്തലന്മാരോടു പറഞ്ഞ ആദ്യവാക്ക് സമാധാനം എന്നതായിരുന്നു എന്ന് തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്ന പാപ്പാ ആ സമാധാനം “നിരായുധവും നിരായുധീകരിക്കുന്നതും എളിമയാർന്നതും സ്ഥൈര്യമാർന്നതും” ആയിരുന്നുവെന്ന് ആവർത്തിക്കുന്നു.
ദൈനംദിന ജീവിതത്തിൽ സമാധാനത്തിൻറെ ശില്പികളാകാൻ യേശു തൻറെ അനുയായികളെ ലോകത്തിലേക്ക് അയയ്ക്കുന്നത് തുടരുന്നുവെന്നും ഇടവകകളിലും, അയൽപക്കങ്ങളിലും, പ്രത്യേകിച്ച്, പ്രാന്തപ്രദേശങ്ങളിലും, അനുരഞ്ജനത്തിന് പ്രാപ്തിയുള്ള ഒരു സഭ സന്നിഹിതവും ദൃശ്യവുമാകേണ്ടത് കൂടുതൽ പ്രധാനമാണെന്നും പാപ്പാ പറയുന്നു.
സംഭാഷണത്തിലൂടെ ശത്രുതയെ എങ്ങനെ നിർവീര്യമാക്കാമെന്ന് പഠിക്കുന്ന, നീതി പാലിക്കപ്പെടുന്ന, മാപ്പേകൽ പരിപോഷിപ്പിക്കപ്പെടുന്ന 'സമാധാന ഭവനങ്ങൾ' ആക്കി പ്രാദേശിക സമൂഹങ്ങളെ മാറ്റുന്നതിനു വേണ്ടി യത്നിക്കാൻ അമേരിക്കയിലെ പാക്സ് ക്രിസ്തി പ്രസ്ഥാനത്തിലെ എല്ലാവർക്കും ഈ സമ്മേളനം പ്രചോദനമേകുന്നതിനായി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: