പാപ്പാ: സാമൂഹ്യബന്ധങ്ങളുടെ മാനവികക്രമം പരിപോഷിപ്പിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമഗ്ര മാനവ വികസനത്തിനും മാനവകുടുംബത്തിൻറെ നന്മയ്ക്കും വേണ്ടി സമാധാനവും നീതിയും വാഴുന്ന സമൂഹങ്ങളെ ഊട്ടിവളർത്തേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
“ചിസ്ൽ” (Cisl-Confederazione Italiana Sindacati Lavoratori) എന്ന ചുരുക്കസംജ്ഞയിൽ അറിയപ്പെടുന്ന, ഇറ്റലിയിലെ തൊഴിലാളിസംഘടനകളുടെ സംയുക്ത സമിതിയുടെ റോമിൽ, ഏവൂറിൽ (Eur) ജൂലൈ 16-19 വരെ നടക്കുന്ന ഇരുപതാം ദേശീയസമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇതു ഓർമ്മിപ്പിച്ചിരിക്കുന്നത്.
വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിൻ പാപ്പായുടെ നാമത്തിൽ ഒപ്പിട്ടു ഈ സമിതിയുടെ പൊതുകാര്യദർശി ദനിയേല ഫുമറോളയ്ക്ക് നല്കിയ ഈ സന്ദേശം സമ്മേളനത്തിൻറെ അദ്ധ്യക്ഷൻ റൊബേർത്തൊ പെത്സാനി സമ്മേളനത്തിൽ അതിൻറെ ആരംഭ ദിനത്തിൽ, ബുധനാഴ്ച വായിച്ചു.
“ധീരമായ പങ്കാളിത്തം” എന്നതാണ് ഈ ചതുർദിന സമ്മേളനത്തിൻറെ വിചിന്തന പ്രമേയം. സാമൂഹ്യബന്ധങ്ങളുടെ കൂടുതൽ മാനുഷികമായ ഒരു ക്രമം പരിപോഷിപ്പിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ തൻറെ ഹൃദയപൂർവ്വമായ ആശംസയറിയിക്കുന്ന പാപ്പാ സംഘടനയുടെ പ്രവർത്തനത്തിൻറെ ഒരു നാഴികക്കല്ലായ ഈ സമ്മേളനത്തോടുള്ള തൻറെ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നു. സുപ്രധാനമായ ഈ ചർച്ചായോഗം ഏവരുടെയും സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നവീകൃത പ്രതിബദ്ധതയ്ക്ക് പ്രചോദനമേകുമെന്ന് പ്രത്യാശ പാപ്പാ പ്രകടിപ്പിക്കന്നു. വിശുദ്ധ അഗസ്റ്റിൻ പറയുന്നതായ “ത്രങ്ക്വിലിത്താസ് ഓർദിനിസ്”-ന് (“tranquillitas ordinis”) അഥവാ, ക്രമ സമാധാനത്തിന് സംഭാവന ചെയ്യുക എന്ന പൊതു ലക്ഷ്യത്തിൽ നിന്ന് ദൃഷ്ടി എടുക്കരുതെന്ന് പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: