കായികമത്സരങ്ങൾ ഐക്യവും ഒരുമയും വളർത്തണം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കായിക, രാഷ്ട്രീയ, സംഗീത ഇടങ്ങൾ മാത്സര്യമല്ല, പൊതുനന്മയ്ക്കായുള്ള ഐക്യത്തിന്റെയും കണ്ടുമുട്ടലിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിലെ ആക്വില എന്ന പ്രദേശത്ത് "ഹൃദയത്തിന്റെ മത്സരം" (Partita del Cuore) എന്ന പേരിൽ ജൂലൈ 16 ബുധനാഴ്ച വൈകുന്നേരം 9.30-ന് ഫുട്ബോൾ മത്സരം നടക്കുന്ന അവസരത്തിലേക്കായി നൽകിയ വീഡിയോ സന്ദേശത്തിലാണ് സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കണ്ടുമുട്ടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
നമ്മുടെ സഹായം ആവശ്യമുള്ള, പ്രത്യേകിച്ച്, യുദ്ധമേഖലകളിൽനിന്ന് ഇറ്റലിയിലെത്തിയ കുട്ടികൾക്കുവേണ്ടിയുള്ള കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനസമ്പാദനത്തിന്റെ കൂടി ഭാഗമായി നടക്കുന്ന ഈ കായികമത്സരം പോരാട്ടത്തിന്റെതല്ല, കണ്ടുമുട്ടലിന്റെ ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ അഭിപ്രായപ്പെട്ടു.
മുറിവേറ്റ ഹൃദയങ്ങളെ ഐക്യത്തിലേക്ക് നയിക്കുന്നതിനായി പരസ്പരം കണ്ടുമുട്ടുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ ഹൃദയത്തിൽ നാമെല്ലാവരും ഒന്നാണെന്നും, ഹൃദയമാണ് ദൈവവും മറ്റു മനുഷ്യരുമായുള്ള കണ്ടുമുട്ടലിന്റെ ഇടമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
നാശവും മരണവും വിതയ്ക്കാനായല്ല, ജീവനും പരിപാലനത്തിനുമായാണ് "ഹൃദയത്തിന്റെ മത്സരമെന്ന" ഈ ഫുട്ബാൾ മത്സരം നടക്കുന്നതെന്ന വസ്തുത ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു. കായികമത്സരങ്ങൾ ശരിയായ രീതിയിൽ നടക്കുകയും, അതിൽ പങ്കെടുക്കുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ശരിയായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, അവ പോരാട്ടമോ മത്സരമോ അല്ല, കണ്ടുമുട്ടലിന്റെ അവസരങ്ങളായി മാറുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ടെലിവിഷൻ പോലും മറ്റുള്ളവരുമായി ബന്ധിപ്പിക്കുക എന്നതിനേക്കാൾ കാഴ്ചയിലുള്ള ഐക്യം വളർത്തുന്നതാകേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
രാഷ്ട്രീയരംഗത്തും സംഗീതരംഗത്തുമുള്ള ആളുകൾ ഉൾക്കൊള്ളുന്ന രണ്ടു ടീമുകളെക്കുറിച്ചും സംസാരിക്കവെ, പൊതുനന്മയ്ക്കായി പരസ്പരം കണ്ടുമുട്ടാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയത്തിന് ആളുകളെ ഒരുമിപ്പിക്കാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ വാക്കുകളെയും ഓർമ്മകളെയും കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നതിൽ സംഗീതത്തിനുള്ള പ്രാധാന്യവും പാപ്പാ പ്രത്യേകം പരാമർശിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: