MAP

പാപ്പാ അഭിവാദ്യം ചെയ്യുന്നു പാപ്പാ അഭിവാദ്യം ചെയ്യുന്നു   (AFP or licensors)

മാധ്യമപ്രവർത്തകരുമായി പാപ്പാ അനൗദ്യോഗികസംഭാഷണം നടത്തി

ജൂലൈ മാസം ഇരുപതാം തീയതി അൽബാനോ രൂപത കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം കാസൽ ഗന്ധോൽഫോയിലെ വേനൽക്കാലവസതിയിലേക്ക് മടങ്ങവേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ,എല്ലാ കക്ഷികളും മേശയ്ക്കു ചുറ്റും എത്തണമെന്ന് പറഞ്ഞുകൊണ്ട് പാപ്പാ തന്റെ നിലപാട് വ്യക്തമാക്കി. ജൂലൈ മാസം ഇരുപതാം തീയതി അൽബാനോ രൂപത കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം കാസൽ ഗന്ധോൽഫോയിലെ വേനൽക്കാലവസതിയിലേക്ക് മടങ്ങവേയാണ്  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്  മറുപടി നൽകികൊണ്ട് പാപ്പാ ഇപ്രകാരം പറഞ്ഞത്.

"സമാധാനത്തിനായി നാം പ്രാർത്ഥിക്കണം, എല്ലാ കക്ഷികളെയും ചർച്ചാ മേശയിലേക്ക് വരാനും, സംഭാഷണം നടത്താനും, ആയുധങ്ങൾ താഴെ വയ്ക്കാനും പ്രേരിപ്പിക്കാൻ ശ്രമിക്കണം, കാരണം ലോകത്തിന് ഇനി ഇത് സഹിക്കാൻ കഴിയില്ല, വളരെയധികം സംഘർഷങ്ങളുണ്ട്, നിരവധി യുദ്ധങ്ങളുണ്ട്, നാം യഥാർത്ഥത്തിൽ സമാധാനത്തിനായി പ്രവർത്തിക്കണം, ദൈവത്തിൽ വിശ്വാസമർപ്പിച്ച് പ്രാർത്ഥിക്കണം, മാത്രമല്ല പ്രവർത്തിക്കുകയും വേണം." ഇതായിരുന്നു പാപ്പായുടെ വാക്കുകൾ.

ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചും പാപ്പയോട് മാധ്യമപ്രവർത്തകർ ചോദിച്ചു. എല്ലാ മതങ്ങളുടെയും പുണ്യസ്ഥലങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംഭാഷണത്തിൽ പറഞ്ഞുവെന്നും, ജനങ്ങളോടും പുണ്യസ്ഥലങ്ങളോടും യഥാർത്ഥ ബഹുമാനം പുലർത്തിക്കൊണ്ട്, അക്രമവും വെറുപ്പും, യുദ്ധങ്ങളും ഉപേക്ഷിക്കാൻ ശ്രമിക്കേണ്ടതും സംഭാഷണത്തിൽ ഉൾച്ചേർന്ന വിഷയങ്ങളാണെന്നും പാപ്പാ മറുപടിയായി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂലൈ 2025, 12:31