MAP

ടെക്‌സസിൽ നിന്നുള്ള കാഴ്ച്ച ടെക്‌സസിൽ നിന്നുള്ള കാഴ്ച്ച  

ടെക്സസ് ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് പാപ്പാ

ടെക്സസിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിൽ മരണപ്പെട്ടവർക്കും, ദുരിതബാധിതർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. നിരവധി കുട്ടികളും സംഭവത്തിൽ മരണപ്പെട്ടിട്ടുണ്ട്

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൂലൈ 4 വെള്ളിയാഴ്ച്ച അമേരിക്കയിലെ ടെക്സസിൽ  പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ, ഏകദേശം എൺപത്തിരണ്ടോളം ആളുകൾ കൊല്ലപ്പെട്ടു,  ഇതിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു.  ക്യാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ പെൺകുട്ടികൾക്കായുള്ള വേനൽക്കാലസമ്മേളനത്തിൽ സംബന്ധിച്ചുകൊണ്ടിരുന്ന നിരവധി കുട്ടികൾക്കാണ്  ജീവൻ നഷ്ടപ്പെട്ടത്. അനേകം ആളുകളെ ഇനിയും കണ്ടെത്തുവാനുമുണ്ട്. ഗ്വാഡലൂപ്പ് നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.

ദുരിതബാധിതരരെ പ്രത്യേകം സ്മരിച്ചുകൊണ്ടും, അവർക്കായി തന്റെ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ മാസം ആറാം തീയതി വത്തിക്കാൻ ചത്വരത്തിൽ നയിച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ സംസാരിച്ചു. പരിശുദ്ധ പിതാവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു,

" യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെക്സസിലെ ഗ്വാഡലൂപ്പ് നദിയിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും, പ്രത്യേകിച്ച് വേനൽക്കാല  ശിബിരത്തിലുണ്ടായിരുന്ന പെൺമക്കൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു."

ടെക്‌സാസിലെ പ്രളയം ഒരു ദേശീയ ദുരന്തമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കാണാതായവർക്കായി തുടർച്ചയായി തിരച്ചിലും നടത്തിവരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജൂലൈ 2025, 11:55