ലോകത്തെ കീഴ്പ്പെടുത്തുകയല്ല മറിച്ച് ലോകത്തിന്റെ ജീവനെ സേവിക്കുകയാണ് വേണ്ടത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കാലാവസ്ഥാ പ്രശ്നങ്ങളുടെ അടിയന്തിരാവസ്ഥ എടുത്തുകാണിച്ചുകൊണ്ട്, സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‍നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുവാൻ സ്‌കൗട്ട്, ഗൈഡ്‌സ് വിദ്യാർത്ഥികൾ ഫ്രാൻസിൽ നടത്തുന്ന "നിലവിളികൾ" "ക്ലമേഴ്സ്" മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. സന്ദേശത്തിൽ, മാറ്റത്തിന്റെ അഭിനേതാക്കളാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് തങ്ങളുടേതായ സംഭാവന നൽകാനും, പൊതുനന്മയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനും വിദ്യാർത്ഥികൾ പരിശ്രമിക്കുന്നതിനു പാപ്പാ അവരെ അഭിനന്ദിച്ചു.
സൃഷ്ടിയുടെ നിലവിളി ശ്രദ്ധാപൂർവം കേൾക്കാൻ ഇന്ന് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നും, പരിസ്ഥിതിയുടെ വർദ്ധിച്ചുവരുന്ന ഗുരുതരമായ നാശനഷ്ടങ്ങൾക്ക് മുന്നിൽ നമ്മുടെ മനസ്സാക്ഷിയെ പരിശോധനയ്ക്കു വിധേയമാക്കണമെന്നും പാപ്പാ പറഞ്ഞു. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യത്തിന്റെ നഷ്ടം, ജീവിതത്തിന്റെ തകർച്ച, സാമൂഹിക അധഃപതനം, ആഗോള അസമത്വങ്ങൾ, കുടിവെള്ളത്തിന്റെ അഭാവം, എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ പെരുകുമ്പോൾ, എല്ലാവർക്കും പാരിസ്ഥിതിക വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
ആശയങ്ങളും ഉത്സാഹവും നിറഞ്ഞ ചെറുപ്പക്കാരെന്ന നിലയിൽ, താഴ്മ, സേവന മനോഭാവം, ക്രിസ്തുവുമായുള്ള ആഴമായ ബന്ധം എന്നീ ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട്, ദൈവത്തിൽ നിന്ന് വരുന്ന ജീവനെ സേവിക്കുവാനുള്ള മനോഭാവം വളർത്തിയെടുക്കണമെന്നും, അപ്രകാരം പൊതുഭവനം സംരക്ഷിക്കുന്നതിനുള്ള പുതിയ വഴികളും ദിശകളും കണ്ടെത്തണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ജീവിത പരിതസ്ഥിതിയിൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതിനിധികളാകുവാനും, മുതിർന്നവരുമായും പ്രായമായവരുമായും സമ്പർക്കം പുലർത്തുവാനും, വിശ്വാസം, സത്യം, നീതി, സമാധാനത്തിന്റെ സുവിശേഷം എന്നീ ക്രിസ്തീയ മൂല്യങ്ങളുടെ പ്രചാരകരാകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. സ്ഥൈര്യലേപനകൂദാശ വഴി നാം സ്വീകരിച്ച പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും കൃപകളാലും നിറയപ്പെടാൻ പ്രാർത്ഥിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പ്രതീക്ഷ കൈവിടാതെ, നിരുത്സാഹപ്പെടാതെ, അശുഭാപ്തിക്ക് വഴങ്ങാതെ മുന്നോട്ട് പോകുവാനും, ഓരോരുത്തരും സൃഷ്ടിയിൽ അതുല്യരാണെന്നും കർത്താവിനാൽ വ്യക്തിപരമായി സ്നേഹിക്കപ്പെടുന്നവരാണെന്നു തിരിച്ചറിയുവാനും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: