MAP

ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു  ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു   (AFP or licensors)

സമാധാനത്തിനുള്ള ആഗ്രഹം മനുഷ്യഹൃദയങ്ങളുടെ നിലവിളിയാണ്: പാപ്പാ

യുവജന ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജൂലൈ ലക്കത്തിലെ പ്യാത്‌സ സാൻ പിയെത്രോ (Piazza san pietro ) മാസികയിൽ സമാധാനത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു അമ്മയുടെ പരാമർശത്തിന് പരിശുദ്ധ പിതാവ് നൽകുന്ന മറുപടി പ്രസിദ്ധീകരിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ കുട്ടികളുടെ സ്വപ്നങ്ങൾക്ക് എന്ത് സംഭവിക്കും? എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന സൈറ എന്ന മൂന്നു കുട്ടികളുടെ അമ്മ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് എഴുതിയ ചിന്തകൾക്ക് പാപ്പാ മറുപടി നൽകി. ചോദ്യങ്ങളും, അതിനുള്ള മറുപടിയും യുവജന ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജൂലൈ ലക്കത്തിലെ പ്യാത്‌സ സാൻ പിയെത്രോ (Piazza san pietro ) മാസികയിലാണ് പ്രസിദ്ധീകരിച്ചത്. തന്റെ മക്കളുടെ വിവിധ സ്വപ്നങ്ങളും, അഭിലാഷങ്ങളും സൈറ തന്റെ കത്തിൽ വിവരിക്കുന്നുണ്ട്. സമാധാനം എന്നത് ഒരു മൗലികാവകാശമാണ്, എന്തുകൊണ്ടാണ് നമ്മൾ അത് മറന്നത്? എന്ന സമസ്യയോടെ അവസാനിക്കുന്ന കത്തിന് പരിശുദ്ധ പിതാവ് നൽകുന്ന മറുപടി ഏറെ ചിന്തോദ്ദീപകമാണ്.

ദൈവത്തിന്റെ ഹൃദയത്തിലേക്ക് എത്തുന്ന ഒരു നിലവിളിയാണ് സൈറയുടെ ചിന്തകൾ എന്ന ആമുഖത്തോടെയാണ് പാപ്പാ തന്റെ മറുപടി ആരംഭിക്കുന്നത്. എന്നാൽ നാം നമ്മെത്തന്നെ കണ്ടെത്തുന്ന ഏറ്റവും ദുഷ്‌കരവും ദാരുണവുമായ സ്ഥലങ്ങളിൽ പോലും ദൈവം തന്റെ സാന്നിധ്യം കൊണ്ട് കൂട്ടിരിക്കുന്നുവെന്നും, ഇതാണ് ഇതാണ് നമ്മുടെ വിശ്വാസവും പ്രത്യാശയുമെന്നും പാപ്പാ എടുത്തു പറഞ്ഞു. എത്ര തന്നെ നാടകീയമായ യാഥാർഥ്യങ്ങളിലൂടെ നാം കടന്നുപോകേണ്ടിവന്നാലും, ആശയക്കുഴപ്പത്തിന്റെയും വഴിതെറ്റലിന്റെയും നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ഈ സാന്നിധ്യം ഒരിക്കലും നമ്മെ കൈവിടുകയില്ലെന്ന് പാപ്പാ പറഞ്ഞു. നാം ജീവിക്കുന്ന കുടുംബത്തിൽ തുടങ്ങി എല്ലാവരോടും ഇതിനു സാക്ഷ്യം നൽകുക നമ്മുടെ കടമയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

എന്നാൽ ദൈവം എല്ലാം ചെയ്തോളും എന്ന് കരുതിക്കൊണ്ട് നാം നിഷ്ക്രിയരായി ഇരിക്കരുതെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകുന്നുണ്ട്. മറിച്ച് ദിവ്യകാരുണ്യ യേശുവുമായുള്ള ബന്ധത്തിലൂടെ കൈവരുന്ന ദൈവസ്നേഹത്തിന്റെ അഗ്നി മാനവകുലത്തിന്റെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി അക്ഷീണം പരിശ്രമിക്കുവാൻ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ക്രിസ്തീയ വീക്ഷണകോണിൽ നിന്നുള്ള സമാധാനം—അതുപോലെ മറ്റ് മതാനുഭവങ്ങളിൽ നിന്നുള്ള സമാധാനം— പ്രഥമമായും പ്രധാനമായും ഒരു സമ്മാനമാണ്; അതായിരുന്നു ക്രിസ്തുവിന്റെ ആദ്യ ദാനമെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മുടെ സാംസ്കാരിക ഉത്ഭവവും മതപരമായ ബന്ധവും പരിഗണിക്കാതെ നമുക്ക് ലഭിക്കുന്ന  വലിയ ദാനമാണ് സമാധാനമെന്നു പാപ്പാ എടുത്തുപറഞ്ഞു. ആയുധങ്ങൾ കൊണ്ട് മാത്രമല്ല, വാക്കുകളാൽ മുറിവേൽപ്പിക്കാനും കൊല്ലാനും കഴിയും അതിനാൽ സമാധാനം ഹൃദയത്തിൽ നിന്നും ഉത്ഭവിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.

സംഭാഷണത്തിലൂടെ സമാധാനത്തിന്റെ സന്ദർഭങ്ങൾ വളർത്തിയെടുക്കുന്നതിൽ മതങ്ങളുടെ അടിസ്ഥാനപരമായ സംഭാവനയും പാപ്പാ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി. സമാധാനപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഓരോരുത്തരും അവരവരുടെ ഹൃദയശുദ്ധീകരണം നടത്തണമെന്നും, അതിനായി ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥന ശക്തിപ്പെടുത്തണമെന്നും പാപ്പാ പറഞ്ഞു. സമാധാനത്തിന്റെ യഥാർത്ഥ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്, എല്ലാ തലങ്ങളിലും സംഭാഷണം നടത്താനുള്ള ആഹ്വാനത്തോടെയാണ് പാപ്പായുടെ വാക്കുകൾ ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജൂലൈ 2025, 13:13