വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂലൈ മാസം ഇരുപത്തിയേഴാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം, യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന സാധാരണക്കാരായ ആളുകളെ സ്മരിക്കുകയും, ഇരകളാകുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മധ്യപൂർവേഷ്യയിലെയും, തായ്‌ലൻഡ് - കംബോഡിയ അതിർത്തിയിലെയും, സംഘർഷങ്ങളെ പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. തായ്‌ലൻഡ് - കംബോഡിയ അതിർത്തിയിലെ സംഘർഷങ്ങളിൽ, പലായനം ചെയ്യേണ്ടി വരുന്ന ആളുകളിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്, സ്ത്രീകളും കുട്ടികളും ആണെന്നതും പാപ്പാ കൂട്ടിച്ചേർത്തു. സമാധാനത്തിന്റെ രാജാവ്, സംഭാഷണത്തിനും, അനുരഞ്ജനത്തിനുമായി ബന്ധപ്പെട്ട അധികാരികളെ പ്രചോദിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
തെക്കൻ സിറിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു. അതോടൊപ്പം ഗാസയിൽ യുദ്ധക്കെടുതികളാൽ ഉടലെടുത്തിരിക്കുന്ന മാനുഷിക അടിയന്തിരാവസ്ഥ ഓർമ്മപ്പെടുത്തിക്കൊണ്ട് , ഇത് തന്നെ ഏറെ അലോസരപ്പെടുത്തുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഗാസ പ്രദേശത്തു ആളുകൾ പട്ടിണിമൂലം ഏറെ കഷ്ടപ്പെടുകയാണെന്നും, നിരവധിയാളുകൾ സംഘർഷത്തിൽ കൊല്ലപ്പെടുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.
ഒരിക്കൽ കൂടി വെടിനിർത്തലിനും പാപ്പാ ആഹ്വാനം ചെയ്തു. തടവുകാരെ മോചിപ്പിക്കുന്നതിനും, അപ്രകാരം മാനുഷികനിയമങ്ങളെ ബഹുമാനിക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. "ഓരോ മനുഷ്യനും ദൈവം ഒരു അന്തസ്സ് നൽകിയിട്ടുണ്ടെന്നും, അത് തിരിച്ചറിയുവാനും, അതിനു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുവാനും, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഞാൻ അഭ്യർത്ഥിക്കുന്നു", പാപ്പാ പറഞ്ഞു. ഭാവിയിൽ സമാധാനത്തോടെയുള്ള ജീവിതം നയിക്കുവാൻ ഉതകുമാറ് ചർച്ചകൾ നടത്തുന്നതിനും, അപകടസാധ്യതകളെ ഒഴിവാക്കുന്നതിനും പാപ്പാ ഭരണകർത്താക്കളെ ക്ഷണിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: