ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാർത്ഥിക്കാം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ശരിയായ വിവേചനത്തിനു വേണ്ട പരിശീലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയും, ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവ് നേടാനും, ജീവിതത്തിന്റെ ശരിയായ മാർഗ്ഗം തിരഞ്ഞെടുക്കാനും ക്രിസ്തുവിൽനിന്നും സുവിശേഷത്തിൽനിന്നും നമ്മെ അകറ്റുന്നവയെ ഉപേക്ഷിക്കാനും നമുക്ക് കഴിവ് ലഭിക്കാനുമായി പ്രാർത്ഥിക്കാൻ ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.
ശരിയായ രീതിയിൽ കാര്യങ്ങൾ വിവേചിച്ചറിയാനുള്ള കൃപ ലഭിക്കാനായി, പരിശുദ്ധാത്മാവിനോടുള്ള, പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു പ്രാർത്ഥന വായിച്ചുകൊണ്ടാണ് ഇത്തവണ ലിയോ പതിനാലാമൻ പാപ്പാ ജൂലൈ മാസത്തേക്കുള്ള പ്രാർത്ഥനാ നിയോഗം ഒരു വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് മുൻകാലങ്ങളിലേതിനേക്കാൾ കൂടുതലായി കാര്യങ്ങൾ ശരിയായി വിവേചിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തിലേക്കുകൂടിയാണ് ഈ മാസത്തെ പ്രാർത്ഥനാനിയോഗം ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്.
തന്റെ വീഡിയോ സന്ദേശത്തിൽ പാപ്പാ വായിക്കുന്ന പ്രാർത്ഥനയുടെ പരിഭാഷ ഇപ്രകാരമാണ്:
ഞങ്ങളുടെ ബുദ്ധിയുടെ വെളിച്ചമായ പരിശുദ്ധാത്മാവേ
ഞങ്ങളുടെ തീരുമാനങ്ങളിലെ ഇളം കാറ്റും മാധുര്യവുമായവനേ
എന്റെ ഹൃദയത്തിന്റെ രഹസ്യാത്മകമാർഗ്ഗങ്ങൾ വിവേചിച്ചറിയാനും
സത്യത്തിൽ നിനക്ക് പ്രധാനപ്പെട്ടവ എനിക്ക് ഗ്രഹിക്കാൻ സാധിക്കുന്നതിനും
എന്റെ ഹൃദയത്തെ അതിന്റെ പീഡനങ്ങളിൽനിന്ന് മോചിപ്പിക്കുന്നതിനുമായി
നിന്റെ സ്വരം ശ്രദ്ധാപൂർവ്വം ശ്രവിക്കാനുള്ള കൃപ എനിക്ക് നൽകണമേ
മിക്കപ്പോഴും ഞാൻ മനസ്സിലാക്കുന്നുപോലുമില്ലാത്ത
എന്റെ പ്രവർത്തനരീതികളെക്കുറിച്ചും
എന്നിലെ വികാരങ്ങളെക്കുറിച്ചും
എന്നെ ഭരിക്കുന്ന ചിന്തകളെക്കുറിച്ചും
ഞാൻ ബോധവാനാകാൻവേണ്ടി
എന്നെത്തന്നെ നിയന്ത്രിക്കാൻ പഠിക്കാനുള്ള കൃപ നിന്നോട് ഞാൻ പ്രാർത്ഥിക്കുന്നു
സംശയത്തിന്റെയും ക്ഷീണത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും,
എനിക്ക് പോരാടുകയും വിചിന്തനം ചെയ്യുകയും അന്വേഷിക്കുകയും പുനഃരാരംഭിക്കുകയും ചെയ്യേണ്ടിവന്നാലും
എന്റെ തിരഞ്ഞെടുപ്പുകൾ എന്നെ
സുവിശേഷത്തിന്റെ സന്തോഷത്തിലേക്ക് നയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
കാരണം യാത്രയുടെ അവസാനം
നീ നൽകുന്ന ആശ്വാസം ശരിയായ തീരുമാനത്തിന്റെ പ്രതിഫലമാണ്.
എന്നെ ക്രിസ്തുവിൽനിന്നും അകറ്റുന്നവയെ നിരസിക്കാനും
അവനെ കൂടുതലായി സ്നേഹിക്കാനും ശുശ്രൂഷിക്കാനുമായി,
എന്നെ നയിക്കുന്നതെന്താണെന്ന് ശരിയായി അറിയാൻ എന്നെ സഹായിക്കണമേ
ആമേൻ
ലിയൊ പതിനാലാമൻ പാപ്പായുടെ പ്രാർത്ഥനാനിയോഗമടങ്ങിയ ഈ വീഡിയൊ ജൂലൈ 3-ന് വ്യാഴാഴ്ച വൈകുന്നേരമാണ് പരസ്യപ്പെടുത്തപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: