MAP

പാപ്പാ അൽബാനോ രൂപതയുടെ കത്തീഡ്രലിൽ വിശുദ്ധ ബലിയർപ്പിക്കുന്നു പാപ്പാ അൽബാനോ രൂപതയുടെ കത്തീഡ്രലിൽ വിശുദ്ധ ബലിയർപ്പിക്കുന്നു   (ANSA)

കുടിയേറ്റക്കാരുടെ ജീവിതം സഭയുടെ തീർത്ഥാടനമാനത്തെ വെളിപ്പെടുത്തുന്നു: പാപ്പാ

കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും നൂറ്റിപതിനൊന്നാമത് ആഗോള ദിനത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. "കുടിയേറ്റക്കാർ, പ്രതീക്ഷയുടെ മിഷനറിമാർ" എന്നതാണ് സന്ദേശത്തിന്റെ ശീർഷകം. 2025 ഒക്ടോബർ മാസം നാലും അഞ്ചും തീയതികളിലാണ് ഇവരുടെ ജൂബിലി ആഘോഷം നടക്കുന്നത്

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കുടിയേറ്റക്കാരുടെയും, മിഷനറി ലോകത്തിന്റെയും ജൂബിലിയോടനുബന്ധിച്ച് കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും 111-ാമത് ലോക ദിനം ആചരിക്കപ്പെടണമെന്നത്, തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹമായിരുന്നുവെന്ന വാക്കുകളോടെയാണ്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. യുദ്ധങ്ങൾ, അക്രമം, അനീതി, തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്ന ഒരു സാഹചര്യം, ദശലക്ഷക്കണക്കിന് ആളുകളെ മാതൃരാജ്യം വിട്ട് മറ്റെവിടെയെങ്കിലും അഭയം തേടാൻ നിർബന്ധിതരാക്കുന്നുവെന്ന  സത്യം  പാപ്പാ അടിവരയിട്ടു പറഞ്ഞു. ആയുധക്കച്ചവടവും, അണ്വായുധഭീഷണികളും, സാമ്പത്തിക അസമത്വങ്ങളും, വർത്തമാനകാലത്തും, ഭാവിയിലേക്കും വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തിൽ, എല്ലാ മനുഷ്യർക്കും അന്തസ്സിന്റെയും സമാധാനത്തിന്റെയും ഭാവി പ്രതീക്ഷിക്കുവാനുതകും വണ്ണം, ദൈവീക പദ്ധതിയോടു ചേർന്ന് പ്രവർത്തിക്കുവാനുള്ള ആഹ്വാനവും പാപ്പാ നൽകുന്നു. കർത്താവ് എല്ലായ്പ്പോഴും തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നവനാകയാൽ, ഇക്കാര്യങ്ങളിലും പ്രത്യാശയോടെ മുൻപോട്ടു പോകുവാൻ ഏവരെയും ക്ഷണിച്ചു. സന്തോഷത്തിനായുള്ള അന്വേഷണമാണ് പ്രത്യാശയെന്നും, പ്രത്യാശയുടെ പ്രാധാന്യം  ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ദൈവം വെച്ചിരിക്കുന്ന സന്തോഷത്തിനായുള്ള അഭിലാഷത്തോട് പ്രതികരിക്കുക എന്നതാണെന്നും, കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

കുടിയേറ്റക്കാരും അഭയാർഥികളും കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളും ദൈനംദിന ജീവിതത്തിൽ, ഭാവി കണക്കിലെടുത്ത് പ്രതികൂല സാഹചര്യങ്ങളോടുള്ള സഹിഷ്ണുതയിലൂടെയും ജീവിക്കുന്ന പ്രത്യാശയുടെ സവിശേഷ സാക്ഷികളാണെന്ന് പറഞ്ഞ പാപ്പാ, പഴയനിയമത്തിലെ ഇസ്രായേൽ ജനതയുടെ പുറപ്പാടിനെക്കുറിച്ചും അനുസ്മരിച്ചു. യുദ്ധങ്ങളാലും അനീതികളാലും ഇരുണ്ട ഒരു ലോകത്ത്, എല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നിടത്ത് പോലും, കുടിയേറ്റക്കാരും അഭയാർഥികളും പ്രത്യാശയുടെ സന്ദേശവാഹകരായി നിൽക്കുന്നുവെന്നും, ഇത് വിശ്വാസത്തിന്റെ വീരോചിത സാക്ഷ്യമാണെന്നും പാപ്പാ സന്ദേശത്തിൽ എടുത്തുപറഞ്ഞു.

കുടിയേറ്റക്കാരും അഭയാർഥികളും സഭയെ തന്റെ  തീർത്ഥാടന മാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുവെന്നും, ഇത് ഉദാസീനതയുടെ പ്രലോഭനത്തിൽ നിന്നും നമ്മെത്തന്നെ രക്ഷിക്കുവാൻ പ്രചോദനം നൽകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. യേശുക്രിസ്തുവിന്റെ സന്ദേശം ഇതുവരെ എത്തിയിട്ടില്ലാത്ത ഇടങ്ങളിൽ, സുവിശേഷം പ്രസംഗിക്കുവാനുള്ള മിഷനറി ദൗത്യവും, കത്തോലിക്കാ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും ഉണ്ടെന്നും, അപ്രകാരം അവർക്ക് പ്രത്യാശയുടെ മിഷനറിമാരാകാൻ കഴിയുമെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ മക്കളെന്ന നിലയിൽ എല്ലാവരുടെയും അന്തസ്സ് അംഗീകരിക്കുന്ന വർത്തമാനകാലത്തിന്റെയും ഭാവിയുടെയും വാഗ്ദാനമായി കുടിയേറ്റക്കാരെ സ്വീകരിക്കുന്ന ജനത മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കുടിയേറ്റക്കാരെയും അഭയാർഥികളെയും സഹോദരീസഹോദരന്മാരായി അംഗീകരിച്ചുകൊണ്ട്, ഒരു കുടുംബമായി മാറുവാനും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജൂലൈ 2025, 14:22