MAP

പാപ്പാ സുവിശേഷ സന്ദേശം നൽകുന്നു പാപ്പാ സുവിശേഷ സന്ദേശം നൽകുന്നു   (AFP or licensors)

പങ്കുവയ്ക്കൽ മനോഭാവത്തിൽ നിന്നുമാണ് സമാധാനത്തിന്റെ സംസ്കാരം ഉടലെടുക്കുന്നത്: പാപ്പാ

ജൂലൈ മാസം ഇരുപതാം തീയതി ഞായറാഴ്ച്ച, അൽബാനോ രൂപതയുടെ കത്തീഡ്രലിൽ ലിയോ പതിനാലാമൻ പാപ്പാ ദിവ്യബലിയർപ്പിച്ചു. തദവസരത്തിൽ നല്കിയ വചനസന്ദേശത്തിൽ, പഴയനിയമത്തിൽ അബ്രഹാമിനെയും, സാറയെയും സന്ദർശിച്ച ദൈവദൂതന്മാരും, പുതിയ നിയമത്തിൽ മാർത്തയുടെയും മറിയത്തിന്റെയും ഭവനത്തിൽ വിരുന്നുകാരനായി എത്തിയ യേശുവും ഇന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ സന്ദർശകനായി എത്തുന്നുവെന്നു അടിവരയിട്ടുപറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വേനൽക്കാല വിശ്രമത്തിനായി, കാസൽ ഗന്ധോൽഫോയിൽ ആയിരിക്കുന്ന പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ മാസം ഇരുപതാം തീയതി ഞായറാഴ്ച്ച, അൽബാനോ രൂപതയുടെ കത്തീഡ്രലിൽ  ദിവ്യബലിയർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. അബ്രാമിനെയും സാറയെയും സന്ദർശിക്കുവാൻ എത്തിയ മൂന്നു ആളുകളുടെ സംഭവം എടുത്തു പറഞ്ഞുകൊണ്ടാണ് സന്ദേശം ആരംഭിച്ചത്. ദിവസത്തിലെ ഏറ്റവും ചൂട് കൂടിയ സമയത്ത് അപരിചിതരായ  സന്ദർശകരായി എത്തിയ ഇവരെ, യാതൊരു മടിയും കൂടാതെ അവരിലെ ദൈവസാനിധ്യം തിരിച്ചറിഞ്ഞുകൊണ്ട്, അവരെ സ്വീകരിക്കുവാൻ ചെല്ലുന്ന അബ്രാമിന്റെ പ്രവൃത്തികൾ സ്‌നേഹത്താൽ നിറഞ്ഞവയായിരുന്നുവെന്നു പാപ്പാ വിശദീകരിച്ചു. തുടർന്ന് അവർ പുത്രസൗഭാഗ്യത്തിന്റെ നല്ല വാർത്ത സമ്മാനിക്കുന്നതും പാപ്പാ കൂട്ടിച്ചേർത്തു.

ഈ കൂടിക്കാഴ്ചയുടെ ചലനാത്മകത നമ്മെ ചിന്തിപ്പിക്കണമെന്നു പറഞ്ഞ പാപ്പാ, സാറയെയും അബ്രാഹാമിനെയും കണ്ടുമുട്ടാനും അവർക്ക് സന്ദേശം നൽകാനും ദൈവം ആതിഥ്യമര്യാദയുടെ പാത തിരഞ്ഞെടുക്കുന്നുവെന്ന വ്യതിരിക്തതയും വ്യക്തമാക്കി. ഇവിടെ ദൈവത്തിന്റെ ആഹ്വാനത്തിന് ക്രിയാത്മകമായി പ്രതികരിക്കുന്ന ഇരുവരും നമുക്ക് മാതൃകകളാണെന്നും പാപ്പാ പറഞ്ഞു. ഈ ആതിഥ്യമര്യാദ അവർക്കു സമ്മാനിച്ചത് പുതിയ ജീവിതത്തിന്റെയും, പിൻഗാമികളുടെയും വാഗ്ദാനം ആയിരുന്നുവെന്നതും പാപ്പാ ഓർമ്മപ്പെടുത്തി.

തുടർന്ന് സുവിശേഷത്തിൽ വായിച്ചുകേട്ട, മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ ഒരു അതിഥിയായി എത്തുന്ന യേശുവിനെയും പാപ്പാ പരിചയപ്പെടുത്തി. ഇവിടെ ഒരു അപരിചിതനായല്ല, മറിച്ച് തന്റെ സുഹൃത്തിന്റെ വീട്ടിൽ, ഉത്സവ പ്രതീതിയിലാണ് യേശു ആയിരിക്കുന്നത്. എന്നാൽ തന്റെ കാൽക്കൽ ഇരുന്നുകൊണ്ട് തന്റെ വാക്കുകൾ ശ്രവിക്കുന്ന മറിയവും, പ്രായോഗിക കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മാർത്തയും  നമ്മുടെ ജീവിതത്തിൽ പരസ്പര വിരുദ്ധമായ രണ്ടു മനോഭാവങ്ങളല്ല നൽകുന്നത്, മറിച്ച് ആതിഥ്യമര്യാദയുടെ രണ്ട് ഇരട്ട മാനങ്ങളാണെന്നത് പാപ്പാ വിവരിച്ചു.

ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനത്തിൽ നിന്ന് ആരംഭിച്ച് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ നിർദ്ദേശിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ ഉദ്ദേശ്യത്തിനായി നമ്മുടെ സമയം നീക്കിവയ്ക്കുകയും ചെയ്യേണ്ടത് അടിസ്ഥാനപരമാണെന്ന്, മറിയത്തിന്റെ പ്രവൃത്തിയെ ഉദ്ധരിച്ച് പറഞ്ഞ പാപ്പാ, നിശ്ശബ്ദതയ്ക്കും, പ്രാർത്ഥനയ്ക്കും സമയം നീക്കിവയ്ക്കേണ്ടത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാനമാണെന്നും കൂട്ടിച്ചേർത്തു. വേനൽക്കാല അവധിദിനങ്ങൾ പ്രാർത്ഥനയ്ക്കായും  നീക്കിവയ്ക്കണമെന്നു പാപ്പാ ഓർമ്മപ്പെടുത്തി.

ഫ്രാൻസിസ് പാപ്പാ ഈ വചന ഭാഗത്തെ ഉദ്ധരിച്ചു പറഞ്ഞിട്ടുള്ള സന്ദേശശകലങ്ങളും പാപ്പാ എടുത്തു പറഞ്ഞു. "ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കണമെങ്കിൽ, നാം ഈ രണ്ട് മനോഭാവങ്ങളും സംയോജിപ്പിക്കണം: ഒരു വശത്ത്, യേശുവിന്റെ 'കാൽക്കൽ ആയിരിക്കുക', എല്ലാ കാര്യങ്ങളുടെയും രഹസ്യം അവൻ നമുക്ക് വെളിപ്പെടുത്തുമ്പോൾ അവനെ ശ്രദ്ധിക്കുക; മറുവശത്ത്, ഉന്മേഷത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവം ആവശ്യമുള്ള ഒരു സുഹൃത്തിന്റെ മുഖവുമായി അദ്ദേഹം കടന്നുവരുമ്പോൾ ആതിഥ്യമര്യാദയിൽ ശ്രദ്ധാലുക്കളായിരിക്കുക." ഈ രണ്ടു കാര്യങ്ങൾക്കും പരിശ്രമം ആവശ്യമെന്നും പാപ്പാ പറഞ്ഞു.

കുടുംബ ജീവിതത്തിൽ, വ്യത്യസ്ത അഭിപ്രായങ്ങളുള്ളപ്പോൾ പരസ്പരം മനസിലാക്കുവാനും, തെറ്റ് ചെയ്യുമ്പോൾ പരസ്പരം ക്ഷമിക്കുവാനും,  അസുഖമുള്ളപ്പോൾ സഹായം നൽകുവാനും, സങ്കടപ്പെടുമ്പോൾ പിന്തുണ നൽകുവാനും സാഥിക്കുമ്പോഴാണ് ഈ രണ്ടു മനോഭാവങ്ങളെയും കർമ്മപഥത്തിൽ എത്തിക്കുവാൻ സാധിക്കുന്നതെന്നും എന്നാൽ ഇത് ശ്രമകരമായ ഒരു പ്രവൃത്തി ജീവിതത്തിൽ ആവശ്യപെടുന്നതാണെന്നും പാപ്പാ പറഞ്ഞു. ഈ വിധത്തിൽ മാത്രമാണ് ആളുകൾക്കിടയിൽ ആധികാരികവും ശക്തവുമായ ബന്ധങ്ങൾ ജനിക്കുകയും വളരുകയും ചെയ്യുന്നതെന്നും, ഇത് ദൈവരാജ്യ സ്ഥാപനത്തിന് ഇടയാക്കുമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വിശുദ്ധ അഗസ്റ്റിൻ ഈ ഉപമയെ സംബന്ധിച്ച് പറഞ്ഞ ചിന്തകളും പാപ്പാ പങ്കുവച്ചു. ഈ രണ്ട് സ്ത്രീകളിലും രണ്ട് ജീവിതങ്ങൾ പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു: വർത്തമാനവും ഭാവിയും. ഈ ജീവിതത്തിൽ കർത്താവിനു വേണ്ടി അധ്വാനിക്കുന്നവർക്ക്, നിത്യജീവിതത്തിൽ കർത്താവിനോടൊപ്പം വിശ്രമിക്കുവാൻ സാധിക്കുമെന്നാണ് വിശുദ്ധ അഗസ്റ്റിൻ വിവരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂലൈ 2025, 12:38