ഇറ്റാലിയൻ പ്രസിഡന്റിന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇറ്റാലിയൻ രാഷ്ട്രത്തിന്റെ ഐക്യത്തിനുവേണ്ടി ആത്മത്യാഗ മനോഭാവത്തോടെ, രാഷ്ട്രപതി എന്ന നിലയിൽ സെർജോ മത്തരെല്ലയുടെ സേവനങ്ങൾക്ക് പ്രാർത്ഥനകൾ ഉറപ്പു നൽകിക്കൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ ജന്മദിന ആശംസകൾ നേർന്നു. ജൂലൈ ഇരുപത്തിമൂന്നാം തീയതിയാണ് അദ്ദേഹത്തിന് 84 വയസ് തികഞ്ഞത്. ഇറ്റലിയിലെ പലെർമോയിൽ 1941 ജൂലൈ ഇരുപത്തിമൂന്നാം തീയതി ജനിച്ച അദ്ദേഹം 2015 ഫെബ്രുവരി 3 മുതൽ ഇറ്റാലിയൻ പരമോന്നതരാഷ്ട്രത്തിന്റെ തലവനാണ്.
ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"താങ്കളുടെ ജന്മദിനത്തോടനുബന്ധിച്ച്, പ്രിയ ഭരണത്തലവന്, എന്റെ ഏറ്റവും ഹൃദ്യമായ ശുഭാശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട ഇറ്റാലിയൻ രാഷ്ട്രത്തിന്റെ ഐക്യത്തിന് അനുകൂലമായി ആത്മത്യാഗ മനോഭാവത്തോടെ താങ്കൾ നിർവ്വഹിക്കുന്ന മഹത്തായ ദൗത്യത്തിനു എന്റെ പ്രാർത്ഥനകൾ ഞാൻ ഉറപ്പു നൽകുന്നു. ജനങ്ങൾക്കിടയിലെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി താങ്കൾ നൽകിയ മാതൃകാപരമായതും, അക്ഷീണവുമായ സേവനത്തിന് താങ്കളോട് കൃതജ്ഞതാപൂർവ്വമായ അടുപ്പം പ്രകടിപ്പിക്കുന്ന എല്ലാവരോടും ചേർന്ന് ഈ ജന്മദിനത്തിന്റെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. കന്യകാമറിയത്തിന്റെ മാതാവിനടുത്ത മധ്യസ്ഥതയ്ക്കും, ഇറ്റലിയുടെ മധ്യസ്ഥരായ വിശുദ്ധർക്കും സമർപ്പിക്കുന്നതോടൊപ്പം, താങ്കൾക്കും, കുടുംബാഗങ്ങൾക്കും, സഹകാരികൾക്കും, മുഴുവൻ രാജ്യത്തിനും എന്റെ അപ്പസ്‌തോലിക ആശീർവാദവും ഞാൻ നൽകുന്നു."
ഇറ്റാലിയൻ രാഷ്ട്രത്തിന്റെ പന്ത്രണ്ടാമത്തെ ഭരണാധികാരിയാണ് സെർജോ മത്തരെല്ല. മഹാമാന്ദ്യത്തിന്റെയും യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധിയുടെയും, കോവിഡ് മഹാമാരിയുടെയും സമയത്ത് ഇറ്റാലിയൻ രാഷ്ട്രത്തെ ഒരുമിച്ചു നിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കു എടുത്തു പറയേണ്ടതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: