കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂലൈ മാസം പതിനെട്ടാം തീയതി അന്തരിച്ച, ഫ്രാൻസിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആയുടെ വേർപാടിൽ, ലിയോ പതിനാലാമൻ പാപ്പാ അനുശോചനം രേഖപ്പെടുത്തി. പാരീസ് അതിരൂപത ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ ലോറന്റ് ഉൽറിചിന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ്, കർദ്ദിനാൾ അന്ത്രേ വിംഗിനെ പാപ്പാ അനുസ്മരിച്ചത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"പാരീസിലെ ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ, ദൈവത്തിങ്കലേക്കു മടങ്ങിയ വാർത്ത ഉൾക്കൊണ്ടുകൊണ്ട്, ഈ വേർപാട് നിങ്ങൾക്കു നൽകിയ വേദനയിൽ ആത്മീയമായി ഞാൻ പങ്കുചേരുകയും, പ്രാർത്ഥനയുടെ കൂട്ടായ്മയിൽ നിങ്ങൾക്കൊപ്പമായിരിക്കുകയും ചെയ്യുന്നു. കർദിനാളിന്റെ കുടുംബാംഗങ്ങളെയും, പ്രിയപ്പെട്ടവരെയും, അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ അദ്ദേഹത്തെ ശുശ്രൂഷിച്ച മേരി-തെരേസ് ഭവനത്തിലെ ആരോഗ്യസേവകരെയും, 12 വർഷമായി, തീക്ഷ്ണതയോടെയും നന്മ കാംക്ഷിച്ചും അജപാലന ശുശ്രൂഷ ചെയ്ത പാരീസ് അതിരൂപതയിലെ പുരോഹിതരെയും വിശ്വാസികളെയും പ്രത്യേകമായി താൻ അഭിസംബോധന ചെയ്യുന്നു. ഇടയശുശ്രൂഷയിൽ മുഴുകിയശേഷം, തന്റെ അവസാന നാളുകളിൽ, ക്രിസ്തുവിന്റെ കുരിശിൽ തന്റെ ശരീരത്തെ ചേർത്തു വച്ച അദ്ദേഹത്തെ, ഉത്ഥിതനായ കർത്താവ്, സമാധാനത്തിന്റെയും, പ്രഭയുടെയും വിശ്രമഭവനത്തിലേക്ക് സ്വീകരിക്കട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വസ്തരായ പരിപാലകർക്ക് ദിവ്യ ഗുരു വാഗ്ദാനം ചെയ്ത പ്രതിഫലം നൽകുന്നതിനായി ഞാൻ അദ്ദേഹത്തിനുവേണ്ടി യാചിക്കുന്നു. സാന്ത്വനത്തിന്റെ അടയാളമായി ഹൃദ്യമായ എന്റെ അപ്പസ്തോലിക ആശീർവാദവും നിങ്ങൾക്ക് ഞാൻ നൽകുന്നു."
പാരീസിൽ 1942 നവംബർ 7-ന് ജനിച്ച കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ 1969 ജൂൺ 28-ന് പൗരോഹിത്യം സ്വീകരിച്ചു. 1988 ഒക്ടോബർ 14-ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹത്തെ ബെനഡിക്ട് പതിനാറാമൻ പാപ്പാ 2007നവംബർ 24-ന് കർദ്ദിനാളാക്കി. 1999 മുതൽ 2005 വരെ ടൂർസ് അതിരൂപതയുടെയും 2005-2017 വരെ പാരിസ് അതിരൂപതയുടെയും ആർച്ചുബിഷപ്പായിരുന്നു കർദ്ദിനാൾ അന്ത്രേ ത്രൊആ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: