ബംഗ്ലാദേശ് വിമാനാപകടത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂലൈ മാസം ഇരുപത്തിരണ്ടാം തീയതി, തിങ്കളാഴ്ച പ്രാദേശിക സമയം 13:00 ന് പരിശീലന പരിശീലനത്തിനായി പറന്നുയർന്ന എഫ് 7 ജെറ്റ് വിമാനം തലസ്ഥാനമായ ധാക്കയിലെ ഒരു സ്കൂൾ പരിസരത്തു തകർന്നുവീണു. വിദ്യാലയത്തിന്റെ മുറ്റത്ത് ഉണ്ടായിരുന്ന നിരവധി കുട്ടികളുടെ മേലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ ഇരുപത്തിയഞ്ചോളം കുട്ടികളുൾപ്പെടെ നിരവധിയാളുകൾ കൊല്ലപ്പെടുകയും, അനേകമാളുകളെ ഗുരുതര പരിക്കുകളോടു കൂടി ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഭൂരിഭാഗവും 10 നും 15 നും ഇടയിൽ പ്രായമുള്ളവരാണ്.
സംഭവത്തിൽ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശം അയച്ചു.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
"ധാക്കയിൽ മൈൽസ്റ്റോൺ സ്കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾ ഉൾപ്പെട്ട എയർഫോഴ്സ് ജെറ്റ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ലിയോ പതിനാലാമൻ പാപ്പാ അതീവ ദുഃഖിതനാണ്. മരണപ്പെട്ടവരെ ദൈവത്തിന്റെ കരുണാമയ സ്നേഹത്തിനു അദ്ദേഹം ഭരമേല്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളും, സുഹൃത്തുക്കളും അവരുടെ ദുഃഖത്തിൽ സാന്ത്വനം കണ്ടെത്തുന്നതിനും, പരിക്കേറ്റവരുടെ സൗഖ്യത്തിനും, ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. അപകടത്തിൽ ഇരകളായവർക്കും, വിദ്യാലയ സമൂഹത്തിനും, ദൈവാനുഗ്രഹത്താൽ സമാധാനവും, കരുത്തും കണ്ടെത്തുന്നതിനായി പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുകയും ചെയ്യുന്നു."
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ജനവാസമില്ലാത്ത സ്ഥലത്തേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: