MAP

ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ സംസ്കാരശുശ്രൂഷ ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ സംസ്കാരശുശ്രൂഷ  

കോമാണ്ട കത്തോലിക്കാ ദേവാലയ ആക്രമണത്തിൽ പാപ്പാ ഖേദം പ്രകടിപ്പിച്ചു

കോംഗോയിലെ കോമാണ്ടയിലുള്ള കത്തോലിക്കാ ദേവാലയത്തിൽ ജൂലൈ 27 ന് നടന്ന ആക്രമണത്തിൽ ഏകദേശം നാൽപ്പത് പേർ കൊല്ലപ്പെട്ടു . ഉഗാണ്ടൻ വിമതരിൽപെട്ട അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിലെ (എഡിഎഫ്) തീവ്രവാദികളാണ് അക്രമം നടത്തിയത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏകദേശം നാൽപ്പതോളം വിശ്വാസികളുടെ ജീവനപഹരിച്ച,  കോംഗോയിലെ കോമാണ്ടയിലുള്ള കത്തോലിക്കാ ദേവാലയത്തിൽ ഉഗാണ്ടൻ വിമതരിൽപെട്ട അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് അംഗങ്ങൾ നടത്തിയ ഭീകരാക്രമണത്തെ ഒരിക്കൽക്കൂടി അപലപിച്ചും, ഖേദം പ്രകടിപ്പിച്ചും ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു. ജൂലൈ മുപ്പതാം തീയതി വത്തിക്കാൻ ചത്വരത്തിൽ പരിശുദ്ധ പിതാവിന്റെ പൊതുകൂടിക്കാഴ്ച്ചയുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.  ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദ സംഘടനയോട് അനുഭവം പുലർത്തുന്നവരാണ് ഈ വിമതർ.

പാപ്പായുടെ അഭ്യർത്ഥന ഇപ്രകാരമായിരുന്നു:

"ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ കിഴക്കൻ  ഭാഗത്തുള്ള കോമാണ്ടയിൽ  കഴിഞ്ഞ ജൂലൈ 26 നും 27 നും ഇടയിൽ രാത്രി, ദേവാലയത്തിലെ ജാഗരണപ്രാർത്ഥനാവേളയിൽ പങ്കെടുത്തവർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ  ഞാൻ  അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.  ആക്രമണത്തിൽ ദേവാലയത്തിലും വീടുകളിലും ആയിരുന്ന നാല്പതോളം ആളുകൾ കൊല്ലപ്പെട്ടു.  ഇരകളായവരെ ദൈവത്തിന്റെ കരുണയ്ക്ക് ഭരമേല്പിക്കുന്നതോടൊപ്പം, പരിക്കേറ്റവർക്ക്‌ വേണ്ടിയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമവും പീഡനവും അനുഭവിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. അത്തരം ദുരന്തങ്ങൾ തടയുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ ഉത്തരവാദിത്തങ്ങളുള്ളവർ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഞാൻ അഭ്യർത്ഥിക്കുന്നു."

ഉഗാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിലുള്ള അതിർത്തി പ്രദേശത്താണ് എഡിഎഫ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്, ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും സാധാരണക്കാർക്കെതിരെ പതിവായി ആക്രമണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂലൈ 2025, 12:18