പാപ്പായും ഇസ്രായേലിൻറെ പ്രധാനമന്ത്രിയും ടെലെഫോൺ സംഭാഷണം നടത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇസ്രായേലിൻറെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലിയൊ പതിനാലാമൻ പാപ്പായെ ഫോണിൽ വിളിച്ചു സംസാരിച്ചു.
ജൂലൈ 17-ന് വ്യാഴാഴ്ച (17/07/25) ഗാസയിലെ തിരുക്കുടുബ ഇടവകദേവാലയത്തിനു നേർക്ക് ഇസ്രായേലി സേന നടത്തിയ ആക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നെതന്യാഹു പാപ്പായെ ഫോണിൽ വിളിച്ചതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
ഇസ്രായേൽ സേന ദേവാലയത്തിനു നേർക്കു നടത്തിയ ആക്രമണത്തിൽ മൂന്നുപേർ മരണമടയുകയും ഏതാനും പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ചർച്ചകൾക്ക് നവവീര്യം പകരാനും വെടിനിറുത്തലിലെത്തിച്ചേരാനും യുദ്ധം അവസാനിപ്പിക്കാനും പാപ്പാ ഈ ടെലെഫോൺസംഭാഷണവേളയിൽ അഭ്യർത്ഥിച്ചു. ഗാസയിലെ ജനങ്ങളുടെ നാടകീയമായ മാനവികാവസ്ഥയെക്കുറിച്ചുള്ള തൻറെ ആശങ്ക പാപ്പാ ആവർത്തിച്ചു രേഖപ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ച് കുട്ടികളും വയോജനങ്ങളും രോഗികളുമാണ് ഈ ദുരന്തത്തിൽ കടുത്തവില നല്കേണ്ടിവരുന്നതെന്ന് പാപ്പാ പറഞ്ഞു. ആരാധനാലയങ്ങളും സർവ്വോപരി, പലസ്തീനിലെയും ഇസ്രായേലിലെയും വിശ്വാസികളെയും സകല ജനങ്ങളെയും സംരക്ഷിക്കേണ്ടതിൻറെ അടിയന്തിര പ്രാധാന്യം പാപ്പാ ആവർത്തിച്ചു ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഗാസയിലെ തിരുക്കുടുംബ കത്തോലിക്കാ ഇടവക ദേവാലയത്തിനു നേർക്കുണ്ടായ ആക്രമണത്തിലും ഏതാനും പേർക്ക് ജീവഹാനി സംഭവിക്കുകയും മുറിവേല്ക്കുകയും ചെയ്തതിലുമുള്ള തൻറെ വേദന പാപ്പാ സാമൂഹ്യമാദ്ധ്യമായ “എക്സി”ലൂടെ അറിയിച്ചിരുന്നു. ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പീയെർ ബത്തീസ്ത പിത്സബാല്ലയുമായും പാപ്പാ ടെലെഫോണിൽ സംസാരിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടില്ലയെന്ന ഉറപ്പാക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിരുന്നു.
ഗാസയിലെ ദേവാലയം ആക്രമിക്കപ്പെട്ട സംഭവത്തെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ഡൊണാഡ് ട്രംപും യൂറോപ്യൻ നാടുകളും അപലപിച്ചിരുന്നു. ഈ ആക്രമണത്തിൽ പള്ളി വികാരി ഗബ്രിയേൽ റൊനമേല്ലിക്കും പരിക്കേറ്റു. ഫ്രാൻസീസ് പാപ്പാ ഗാസയിലെ സ്ഥിതി അറിയുന്നതിനും തൻറെ സാമീപ്യം അറിയിക്കുന്നതിനും അദ്ദേഹവുമായി പലപ്പോഴും ഫോണിൽ ബന്ധപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: