പാപ്പാ: നമ്മുടെ ഈ കാലഘട്ടത്തിനും സുഖപ്രാപ്തി ആവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യൂറോപ്പിൽ ജൂലൈ ആഗസ്റ്റ് മാസങ്ങൾ പൊതുവെ വേനൽക്കാല വിശ്രമത്തിൻറെ വേളയാകയാൽ ലിയൊ പതിനാലാമൻ പാപ്പായും കുറച്ചു നാൾ റോമിനു പുറത്തു അൽബാനൊ കുന്നുകളിൽ സ്ഥിതിചെയ്യുന്ന കാസ്തൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയിയിലായിരുന്നു. ആ കാലയളവിൽ, അതായത്, ജൂലൈ 2 മുതൽ 23 ഉൾപ്പടെയുള്ള ബുധനാഴ്ചകളിൽ പാപ്പാ പ്രതിവാര പൊതുദർശനം അനുവദിച്ചില്ല. കഴിഞ്ഞയാഴ്ച വത്തിക്കാനിൽ തിരിച്ചെത്തിയ പാപ്പാ ഈ ബുധനാഴ്ച (30/07/25) പ്രതിവാര പൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു. പൊതുദർശന പരിപാടിയുടെ വേദി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു. അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ടതിനാൽ താപാധിക്യം അനുഭവപ്പെട്ടെങ്കിലും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങൾ തുറസ്സായ ചത്വരത്തിൽ സന്നിഹിതരായിരുന്നു. യുവജനജൂബിലിയോടനുബന്ധിച്ച് 140-ലേറെ നാടുകളിൽ നിന്നെത്തിയിരിക്കുന്ന യുവതീയുവാക്കളുടെ സാന്നിധ്യം സവിശേഷമാംവിധം പ്രകടമായിരുന്നു. പ്രാദേശിക സമയം രാവിലെ 9.15-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.45-ന്, പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തൊട്ട് ആശീർവ്വദിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. മർക്കോസിൻറെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന യേശു ബധിരനെ സുഖപ്പെടുത്തുന്ന സംഭവം, അദ്ധ്യായം 7,32-37 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.
“ ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവുമായ ഒരുവനെ അവർ അവൻറെയടുത്തു കൊണ്ടുവന്നു. അവൻറെ മേൽ കൈകൾ വയ്ക്കണമെന്ന് അവർ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തിൽ നിന്നു മാറ്റി നിറുത്തി, അവൻറെ ചെവികളിൽ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവൻറെ നാവിൽ സ്പർശിച്ചു. സ്വർഗ്ഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: “ എഫത്താ” – തുറക്കപ്പെടട്ടെ എന്നർത്ഥം. ഉടനെ അവൻറെ ചെവികൾ തുറന്നു. നാവിൻറെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ എത്രയേറെ അവൻ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവർ അതു പ്രഘോഷിച്ചു. അവർ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവൻ എല്ലാക്കാര്യങ്ങളും നന്നായി ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്ക സംസാരശക്തിയും നല്കുന്നു .”
ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ അവിടത്തെ സൗഖ്യദായക പ്രവർത്തനങ്ങളെ അവലംബമാക്കി തുടർന്നു. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
സൗഖ്യം ആവശ്യമായ കാലമാണ് നമ്മുടേതും
പ്രിയ സഹോദരീ സഹോദരന്മാരേ,
കൂടിക്കാഴ്ചകളും ഉപമകളും രോഗശാന്തികളും ഇഴചേർന്ന യേശുവിൻറെ പരസ്യജീവിതത്തിലൂടെയുള്ള നമ്മുടെ പ്രയാണം ഈ പ്രബോധനത്തോടെ സമാപിക്കുകയാണ്. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും സൗഖ്യപ്പെടൽ ആവശ്യമാണ്. മാനവാന്തസ്സിനെ കെടുത്തുന്ന അക്രമത്തിൻറെയും വിദ്വേഷത്തിൻറെയുമായ ഒരു അന്തരീക്ഷത്തിലൂടെ കടന്നുപോകുകയാണ് നമ്മുടെ ലോകം. സാമൂഹ്യമാദ്ധ്യ ബന്ധങ്ങളുടെ അതിപ്രസരത്താൽ രോഗാതുരമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്: നമ്മൾ അമിതമായി ബന്ധപ്പെട്ടിരിക്കുന്നു, ചിലപ്പോൾ വ്യാജമോ വികലമോ പോലുമായ ചിത്രങ്ങളാൽ നാം നിറഞ്ഞിരിക്കുന്നു. പരസ്പരവിരുദ്ധമായ വികാരങ്ങളുടെ ഒരു കൊടുങ്കാറ്റ് നമ്മുടെ ഉള്ളിൽ ഇളക്കിവിടുന്ന നിരവധി സന്ദേശങ്ങളാൽ നാം മുങ്ങിപ്പോകുന്നു.
ഉൾവലിയാനുള്ള പ്രലോഭനം
ഈ സാഹചര്യത്തിൽ, എല്ലാം അണച്ചിടാനുള്ള ആഗ്രഹം നമ്മുടെ ഉള്ളിൽ ഉളവായേക്കാം. ഒന്നും കേൾക്കാതിരിക്കാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു അവസ്ഥയിൽ നാം എത്താം. നമ്മുടെ വാക്കുകൾ പോലും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്, കൂടാതെ നിശബ്ദതയിലേക്ക്, നമ്മൾ എത്ര അടുത്താണെങ്കിലും, ലളിതവും ആഴമേറിയതുമായ കാര്യങ്ങൾ പോലും പ്രകടിപ്പിക്കാൻ നമുക്ക് കഴിയാത്തതായ, ആശയവിനിമയരാഹിത്യത്തിലേക്ക് പിൻവലിയാൻ നാം പ്രലോഭിതരാകാം. ഇക്കാര്യത്തിൽ, മർക്കോസിൻറെ സുവിശേഷത്തിലെ ഒരു ഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, സംസാരിക്കുകയോ കേൾക്കുകയോ ചെയ്യാത്ത ഒരു മനുഷ്യനെ അതു നമുക്ക് പരിചയപ്പെടുത്തുന്നു (മർക്കോസ് 7:31-37 കാണുക). ഇന്ന് നമുക്ക് സംഭവിക്കാവുന്നതുപോലെ, തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയതിനാൽ സംസാരിക്കാതിരിക്കാനും, താൻ കേട്ട കാര്യങ്ങൾ നിരാശാപ്പെടുത്തുകയും മുറിവേല്പിക്കുകയും ചെയ്തതിനാൽ മൗനം പാലിക്കാനും ഈ മനുഷ്യൻ തീരുമാനിച്ചു. വാസ്തവത്തിൽ, അവൻ സൗഖ്യം തേടി യേശുവിൻറെ പക്കലേക്ക് പോകുകയല്ല മറ്റുള്ളവർ അവനെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. അവനെ ഗുരുവിൻറെ പക്കലേക്കു കൊണ്ടുപോകുന്നത് അവൻറെ ഒറ്റപ്പെടലിൽ വിഷമിക്കുന്നവരാണെന്ന് ഒരാൾക്ക് തോന്നിയേക്കാം. എന്നാൽ, യേശുവിൻറെ വചനം കേൾപ്പിക്കുന്നതിനായി ഓരോ വ്യക്തിയെയും അവിടത്തെ പക്കലേക്ക് കൊണ്ടുപോകുന്ന സഭയുടെ പ്രതിരൂപവും ക്രൈസ്തവ സമൂഹം ഈ ആളുകളിൽ ദർശിച്ചു. ഈ സംഭവം നടക്കുന്നത് വിജാതീയരുടെ ഒരു പ്രദേശത്താണ്. അതിനാൽ ഇതര സ്വരങ്ങൾ ദൈവസ്വനത്തെ മുക്കിക്കളയുന്ന ഒരു സാഹചര്യത്തിലാണ് നമ്മൾ.
യേശുവിൻറെ ശൈലിയുടെ സവിശേഷത
യേശുവിൻറെ പെരുമാറ്റം തുടക്കത്തിൽ വിചിത്രമായി തോന്നിയേക്കാം, കാരണം അവൻ അയാളെ ജനക്കുട്ടത്തിൽ നിന്നു മാറ്റി നിർത്തുന്നു (വാക്യം 33a). ഇത് ആ വ്യക്തിയുടെ ഒറ്റപ്പെടലിനെ കൂടുതൽ എടുത്തുകാട്ടുന്നതായി പ്രതീതമാകുന്നു, എന്നാൽ, സൂക്ഷ്മപരിശോധിക്കുകയാണെങ്കിൽ ഇത്, ഈ മനുഷ്യൻറെ നിശബ്ദതയ്ക്കും ഉൾവലിച്ചിലിനിലും പിന്നിൽ എന്താണെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കും. സൗഹൃദത്തിനും സാമീപ്യത്തിനുമുള്ള അവൻറെ ആവശ്യകത യേശു മനസ്സിലാക്കിയതുപോലെയാണ്.
യേശുവിൻറെ സാമീപ്യം
ആഴമേറിയ ഒരു കൂടിക്കാഴ്ചയെക്കുറിച്ച് ഓതുന്ന ചെയ്തികളിലൂടെ, സർവ്വോപരി, യേശു, മൗനഭരിത സാമീപ്യമേകുന്നു: അവൻ ഈ മനുഷ്യൻറെ ചെവികളിലും നാവിലും സ്പർശിക്കുന്നു (വാക്യം 33b കാണുക). യേശു അധികം വാക്കുകൾ ഉപയോഗിക്കുന്നില്ല; ഈ നിമിഷം അവന് ആവശ്യമുള്ള ഒരേയൊരു കാര്യം അവൻ പറയുന്നു: "തുറക്കപ്പെടട്ടെ!" (വാക്യം 34). മർക്കോസ് അറമായ ഭാഷയിലുള്ള, “എഫത്താ” എന്ന വാക്കാണ് അതിൻറെ ശബ്ദവും ശ്വാസവും "നേരിട്ടു" കേൾപ്പിക്കുക എന്ന മട്ടിൽ ഉപയോഗിക്കുന്നത്. കേൾക്കുന്നതും സംസാരിക്കുന്നതും നിർത്തിയ ഈ മനുഷ്യനോടുള്ള യേശുവിൻറെ ക്ഷണം ലളിതവും മനോഹരവുമായ ഈ വാക്കിൽ അടങ്ങിയിരിക്കുന്നു. യേശു അവനോട് ഇങ്ങനെ പറയുന്നതുപോലെയാണ് ഇത്: "നിന്നെ ഭയപ്പെടുത്തുന്ന ഈ ലോകത്തിലേക്ക് സ്വയം തുറക്കൂ! നിന്നെ നിരാശപ്പെടുത്തിയ ബന്ധങ്ങളിലേക്ക് നിന്നെത്തന്നെ തുറക്കുക! നീ നേരിടാതെ ഉപേക്ഷിച്ച ജീവിതത്തിലേക്ക് സ്വയം തുറന്നിടുക!" തീർച്ചയായും, സ്വയം അടച്ചുപൂട്ടുന്നത് ഒരിക്കലും ഒരു പരിഹാരമല്ല.
യേശുവുമായുള്ള കൂടിക്കാഴ്ചാനന്തര മാറ്റം
യേശുവുമായുള്ള കൂടിക്കാഴ്ചാനന്തരം, ആ വ്യക്തി വീണ്ടും സംസാരിക്കുക മാത്രമല്ല, "ശരിയായി" സംസാരിക്കുകയും ചെയ്യുന്നു (വാക്യം 35). സുവിശേഷകൻ ചേർത്ത ഈ ക്രിയാവിശേഷണം അയാളുടെ നിശബ്ദതയുടെ കാരണങ്ങളെക്കുറിച്ച് കൂടുതലായി എന്തോ നമ്മോടു പറയുന്നതായി തോന്നുന്നു. തെറ്റായരീതിയിൽ കാര്യങ്ങൾ പറയുന്നതായി തോന്നിയതുകൊണ്ടോ, ഒരുപക്ഷേ താൻ അപര്യാപ്തനാണെന്നു തോന്നിയതുകൊണ്ടോ ആയിരിക്കാം ഈ മനുഷ്യൻ സംസാരം നിർത്തിവച്ചത്. തെറ്റിദ്ധരിക്കപ്പെടുകയും മനസ്സിലാക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അനുഭവം നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്. കൂടുതൽ ഫലപ്രദമാകാൻ മാത്രമല്ല, നമ്മുടെ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കാനും നമ്മുടെ ആശയവിനിമയ രീതിയെ സുഖപ്പെടുത്താൻ നാമെല്ലാവരും കർത്താവിനോട് അപേക്ഷിക്കേണ്ടതുണ്ട്.
കുറൂക്കുവഴികളില്ലാത്ത യാത്ര
ശരിയായി സംസാരിക്കുന്നതിലേക്ക് മടങ്ങുന്നത് ഒരു യാത്രയുടെ തുടക്കമാണ്; ആ യാത്ര ഇതുവരെ അവസാനച്ചിട്ടില്ല. വാസ്തവത്തിൽ, ആ മനുഷ്യന് സംഭവിച്ചവ വിവരിക്കരുതെന്ന് യേശു അയാളെ വിലക്കുന്നു (വാക്യം 36 കാണുക). യേശുവിനെ യഥാർത്ഥത്തിൽ അറിയാൻ, നാം ഒരു യാത്ര ചെയ്യേണ്ടിയിരിക്കുന്നു, നാം അവനോടൊപ്പം ആയിരിക്കണം, അവൻറെ പീഡാനുഭവത്തിലൂടെ കടന്നുപോകണം. അവൻ അപമാനിതനായി യാതന അനുഭവിക്കുന്നതായി കാണുമ്പോൾ, അവൻറെ കുരിശിൻറെ രക്ഷാകരശക്തി നാം അനുഭവിക്കുമ്പോൾ, നമുക്ക് അവനെ യഥാർത്ഥത്തിൽ അറിയുന്നുവെന്ന് പറയാനാകും. യേശുവിൻറെ ശിഷ്യരാകാൻ കുറുക്കുവഴികളൊന്നുമില്ല.
പ്രാർത്ഥിക്കുക
പ്രിയ സഹോദരീ സഹോദരന്മാരേ, സത്യസന്ധമായും വിവേകത്തോടെയും ആശയവിനിമയം നടത്താൻ നമ്മെ പഠിപ്പിക്കാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. മറ്റുള്ളവരുടെ വാക്കുകളാൽ മുറിവേറ്റവർക്കെല്ലാം വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ആളുകളെ യേശുവിൻറെ അടുക്കലേക്ക് കൊണ്ടുവരാനുള്ള തൻറെ ദൗത്യം സഭ ഒരിക്കലും അവഗണിക്കാതിരിക്കുന്നതിനും അങ്ങനെ ജനങ്ങൾ അവൻറെ വചനം കേൾക്കുകയും, അതിലൂടെ അവർ സുഖം പ്രാപിക്കുകയും, അവൻറെ രക്ഷാസന്ദേശത്തിന്റെ സംവാഹകരാകുകയും ചെയ്യുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
കൊമാന്തയിലെ ഭീകരാക്രമണം
കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൻറെ കിഴക്കുഭാഗത്ത് കൊമാന്തയിൽ ജൂലൈ 26-നും 27-ും ഇടയ്ക്കുള്ള രാത്രിയിൽ ഉണ്ടായ നിഷ്ഠൂര ഭീകരാക്രമണത്തിൽ തനിക്കുള്ള അഗാധ ദുഃഖം പാപ്പാ ആവർത്തിച്ചു രേഖപ്പെടുത്തി. ഒരു ദേവാലയത്തിൽ ജാഗരണ പ്രാർത്ഥനാശൂശ്രൂഷയിൽ പങ്കെടുക്കുകയും സ്വഭവനങ്ങളിൽ കഴിഞ്ഞിരുന്നവരുമുൾപ്പടെ നാല്പതിലേറെ ക്രൈസ്തവർ ഈ ആക്രമണത്തിൽ വധിക്കപ്പെട്ടതും പാപ്പാ വേദനയോടെ അനുസ്മരിച്ചു. ഈ ആക്രമണത്തിന് ഇരകളായവരെ പാപ്പാ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും പരിക്കേറ്റവർക്കും ലോകമെമ്പാടും അക്രമവും പീഡനവും അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കും വേണ്ടി പ്രാർത്ഥിക്കുകയും സമാനമായ ദുരന്തങ്ങൾ തടയാൻ സഹകരിച്ചു പ്രവർത്തിക്കാൻ പ്രാദേശികവും അന്തർദ്ദേശീയവുമായ ഉത്തരവാദിത്വം പേറുന്നവരെ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഹെൽസിങ്കി അന്തിമ രേഖയുടെ അമ്പതാം വാർഷികം
ഓഗസ്റ്റ് 1-ന് ഹെൽസിങ്കി അന്തിമ രേഖ ഒപ്പുവയക്കപ്പെട്ടതിൻറെ അമ്പതാം വാർഷികമാണെന്നും ശീതയുദ്ധ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനുള്ള ആഗ്രഹത്തോടുകൂടി 35 രാജ്യങ്ങൾ ഒരു പുതിയ ഭൗമരാഷ്ട്രീയ യുഗത്തിന് തുടക്കമിടുകയായിരുന്നുവെന്നും അത് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു സൗഹൃദം വളർത്തിയെടുക്കുന്നതിന് സഹായകമായിയെന്നും പാപ്പാ അനുസ്മരിച്ചു. ഹെൽസിങ്കി രേഖ മതസ്വാതന്ത്ര്യമുൾപ്പടെയുള്ള മനുഷ്യാവകാശങ്ങളിലുള്ള താൽപ്പര്യം നവീകരിക്കുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു. ഹെൽസിങ്കി സമ്മേളനത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ സജീവ പങ്കാളിത്തം ആർച്ച്ബിഷപ്പ് അഗൊസ്തീനൊ കസറോളിയുടെ സാന്നിധ്യം വഴി ഉണ്ടായിരുന്നതും സമാധാനത്തിനുവേണ്ടിയുള്ള യത്നത്തിന് രാഷ്ടീയ-ധാർമ്മിക പിന്തുണയേകിയതും പാപ്പാ അനുസ്മരിച്ചു. ഇന്ന്, എക്കാലത്തേക്കാളും, ഹെൽസിങ്കിയുടെ ചൈതന്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്നു പറഞ്ഞ പാപ്പാ, സംഘർഷങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള മുൻഗണനാപരമായ മാർഗ്ഗമായി സംഭാഷണത്തിൽ സ്ഥിരത പുലർത്തുകയും സഹകരണം ശക്തിപ്പെടുത്തുകയും, നയതന്ത്രജ്ഞതയെ സ്വീകരിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി.
സമാപനാഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: