പാപ്പാ:ദൈവഹിതം നിറവേറ്റുമ്പോൾ നാം യേശുവിൻറെ സഹോദരങ്ങൾ ആയിത്തീരും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവം നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിച്ചു ജീവിച്ചുകൊണ്ട് ദൈവഹിതം നറവേറ്റുമ്പോൾ നമ്മൾ ക്രിസ്തുവിൻറെ യഥാർത്ഥ സഹോദരങ്ങൾ ആയിത്തീരുന്നുവെന്ന് മാർപ്പാപ്പാ.
റോമിനു പുറത്ത്, കാസ്തെൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയിൽ ഏതാനും നാളുകൾ കഴിയുന്ന ലിയൊ പതിനാലാമൻ പാപ്പാ, ജൂലൈ 15-ന്, ചൊവ്വാഴ്ച രാവിലെ, ഇറ്റലിയുടെ സായുധ സൈനിക പൊലീസ് വിഭാഗമായ “കരബിനിയേരി”യുടെ (Carabinieri) പ്രാദേശിക കാര്യാലയത്തിലെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു.
പരിശുദ്ധ കന്യകാമറിയം ദൈവവചനത്തോടു പ്രകടിപ്പിച്ച വിശ്വസ്തയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, ഈ വിശ്വസ്ത ഒരോ “കരബിനിയേരി”ക്കും സ്വന്തം നാടിനോടും ഇറ്റലിക്കാരനായ ഒരോ പൗരനോടുമുള്ള വിശ്വസ്തയുടെ മാതൃകയായി ചൂണ്ടിക്കാട്ടി.
വിശ്വസ്ത എന്ന പുണ്യം പൊതുനന്മയ്ക്കായുള്ള പരിശ്രമത്തിലുള്ള സമർപ്പണം, വിശുദ്ധി, സ്ഥൈര്യം എന്നിവയെ ആവിഷ്കരിക്കുന്നുവെന്നും കരബിനിയേരികൾ പൊതുസുരക്ഷ ഉറപ്പാക്കുകയും സകലരുടെയും, വിശിഷ്യ, അപകടാവസ്ഥയിലാകുന്നവരുടെ, അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഈ വിശ്വസ്തത കാത്തുസൂക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ദൈവത്തിൻറെ സ്നേഹത്തിൻറെ മാഹത്മ്യത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ദൈവം അവനിലും നമുക്കുവേണ്ടിയും ജീവിക്കുന്ന ബന്ധം ഒരു ദാനമായി മാറുന്നുവെന്നും സ്വന്തം അമ്മയെപ്പോലും തനിക്കുമാത്രമുള്ളതായി കരുതാതെ നമുക്കായി നല്കത്തക്കവിധം അത്രമാത്രം വലുതാണ് ദൈവത്തിൻറെ സ്നേഹമെന്നും പാപ്പാ വിശദീകരിച്ചു.
ഇറ്റലിക്കും ഇറ്റലിയിലെ പൗരന്മാർക്കും സേവനം ചെയ്യുന്നതിനു പുറമെ പിരിശുദ്ധസിംഹാസനത്തിനും റോമിലെത്തുന്ന വിശ്വാസികൾക്കും, വിശിഷ്യ ജൂബിലി വർഷത്തിൽ ഇവിടെയെത്തുന്ന തീർത്ഥാടകർക്കും ഏകുന്ന സേവനത്തിന് പാപ്പാ കരബിനിയേരി വിഭാഗത്തിന് നന്ദി പറഞ്ഞു.
കരബിനിയേരിയുടെ കാര്യാലയത്തിലെ കപ്പേളയിലെ ദിവ്യബലിക്കു ശേഷം പാപ്പാ അൽബാനൊയിലെ ക്ലാരമഠം സന്ദർശിക്കുകയും ആശ്രമത്തിലെ കപ്പേളയിൽ അല്പ സമയം പ്രാർത്ഥിക്കുകയും ചെയ്തു.
ക്ലാരമഠത്തിലെ സഹോദരികളുമൊത്ത് സംഭാഷണത്തിലേർപ്പെട്ട പാപ്പാ അവരേകുന്നത് വിലയേറിയ ഒരു സാക്ഷ്യമാകയാൽ അവരുടെ ജീവിതം സഭ അറിയുന്നത് മനോഹരമാണെന്ന് പ്രസ്താവിച്ചു. പാപ്പാ ആ സമൂഹത്തിന് ഒരു കാസയും പീലാസയും സമ്മാനിക്കുകയും ചെയ്തു. യേശുവിൻറ തിരുമുഖത്തിൻറെ ഒരു രൂപമാണ് സന്ന്യാസിനികൾ പാപ്പായ്ക്ക് സമ്മാനമായി നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: