MAP

ലിയൊ പതിനാലാമൻ പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ വിവിധ സന്ന്യാസിനീസമൂഹങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വേളയിൽ, ശനി, 12/07/25 ലിയൊ പതിനാലാമൻ പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ വിവിധ സന്ന്യാസിനീസമൂഹങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വേളയിൽ, ശനി, 12/07/25  (ANSA)

പാപ്പാ:സന്ന്യസ്ത സമൂഹങ്ങളുടെ സിദ്ധികൾ ദൈവത്തിന് നരകുലത്തോടുള്ള സ്നേഹത്തിൻറെ ആവിഷ്കാരം!

ലിയൊ പതിനാലാമൻ പാപ്പാ, വിവിധ സന്ന്യാസിനി സമൂഹങ്ങളുടെ പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരെ ജൂലൈ 12-ന് ശനിയാഴ്ച, കാസ്തൽ ഗന്തോൾഫോയിൽ വേനൽക്കാല വസതിയുടെ അങ്കണത്തിൽ പൊതുവായി സ്വീകരിക്കുകയും പരിശൂദ്ധാരൂപിയോടുള്ള വിധേയത്വത്തിൽ അവരുടെ സിദ്ധികൾ ഊട്ടിവളർത്താൻ പ്രചോദനം പകരുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമർപ്പിതജീവിത സമൂഹങ്ങൾ ദൈവജനത്തിൻറെ മുഴുവൻ ജീവിതത്തിൻറെയും പ്രവർത്തനത്തിൻറെയും പരസ്പര പൂരക മാനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് പാപ്പാ.

വിദേശമിഷനുകൾക്കായുള്ള പൊന്തിഫിക്കൽ സ്ഥാപനം (പിമെ-PIME), മയേസ്ത്രെ പീയെ ഫിലിപ്പിനി (Maestre Pie Filippini), മയേസ്ത്രെ പീയെ വെനെരീനി (Maestre Pie Venerini), സഭയുടെ പുത്രികൾ (The Daughters of the Church), തിരുഹൃദയത്തിൻറെ സലേഷ്യൻ സമർപ്പിതകൾ (Salesian Oblates of the Sacred Heart ), ഫ്രാൻസീസ്ക്കൻ ആഞ്ജെലിൻ സഹോദരകൾ (Franciscan Angeline Sisters), യേശുവിൻറെയും മറിയത്തിൻറെയും സമർപ്പിതകൾ, പുണ്യവിദ്യാലയങ്ങളുടെ സന്ന്യസ്തകളയാ മറിയത്തിൻറെ പുത്രികക്ഷ  എന്നീ സന്ന്യാസിനീസമൂഹങ്ങളുടെ പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരെ ജൂലൈ 12-ന് ശനിയാഴ്ച, കാസ്തൽ ഗന്തോൾഫോയിൽ വേനൽക്കാല വസതിയുടെ അങ്കണത്തിൽ പൊതുവായി സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

ക്രിസ്തുവിൻറെ യാഗവുമായുള്ള ഐക്യത്തിൽ ആത്മസമർപ്പണം, ജനതകളോടു സുവിശേഷം അറിയിക്കൽ, സംരക്ഷിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന സഭാസ്നേഹം, യുവജനത്തിൻറെ വിദ്യാഭ്യാസവും രൂപീകരണവും എന്നിങ്ങനെ ഈ സന്ന്യാസിനീസമൂഹങ്ങളുടെ സിദ്ധികളെക്കുറിച്ചു പരാമർശിച്ച പാപ്പാ, അവയെല്ലാം, സകലത്തെയും നയിക്കുന്ന ശാശ്വതവും ഏകവുമായ യാഥാർത്ഥ്യത്തെ, അതായത്, ദൈവത്തിന് നരകുലത്തോടുള്ള സ്നേഹത്തെ,  സവിശേഷ സിദ്ധിയുടെ രൂപത്തിൽ, അഥവാ, കരിസ്മാറ്റിക്ക് രൂപത്തിൽ ആവിഷ്കരിക്കുന്ന വ്യത്യസത വഴികളാണെന്ന് ഉദ്ബോധിപ്പിച്ചു. ഈ സന്ന്യാസിനീസമൂഹങ്ങൾ സ്ഥാപിച്ചവർ, ക്രിസ്തുവിൻറെ മൗതികഗാത്രം കെട്ടിപ്പടുക്കുന്നതിന് വിഭിന്നങ്ങളായ സിദ്ധികൾ പരിശുദ്ധാരൂപിയോടുള്ള വിധേയത്വത്തിൽ, പ്രദാനം ചെയ്തിട്ടുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യഥാർത്ഥ പ്രേഷിതാരൂപിയുടെ നവീകരണം, "ക്രിസ്തുയേശുവിൻറെ വികാരങ്ങൾ" സ്വന്തമാക്കൽ (cf. ഫിലി 2:5), ദൈവത്തിൽ പ്രത്യാശ വേരുറപ്പിക്കൽ (cf. ഈശ 40:31), ഹൃദയത്തിൽ ആത്മാവിൻറെ ജ്വാലയെ സജീവമായി നിലനിർത്തൽ (cf. 1 തെസ്സ 5:16-19), സമാധാന പരിപോഷണം, പ്രാദേശിക സഭകളിൽ അജപാലന കൂട്ടുത്തരവാദിത്വം വളർത്തിയെടുക്കൽ തുടങ്ങിയവയെക്കുറിച്ച് ഓർക്കുകയും അവയോടു ചേർന്നുനില്ക്കുകയും ചെയ്യുന്നത്  ഈ സമയത്ത് "ക്രിസ്തുവിനെ കൂടുതൽ അടുത്ത് അനുഗമിക്കുക" എന്ന വിസ്മയകരമായ സാഹസികതയിൽ പ്രതിജ്ഞാബദ്ധമായ ഒരു സമൂഹമെന്ന നിലയിൽ, പ്രത്യേകിച്ച് മതബോധനപരമായ ഒരു സമൂഹമെന്ന നിലയിൽ, നമ്മുടെ സമ്പന്നത മനസ്സിലാക്കാൻ സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജൂലൈ 2025, 12:15