MAP

പാപ്പാ: പരസ്പര സ്വീകരണത്തിൻറെ അഭാവത്തിൽ നമ്മുടെ ജീവിതം ശുഷ്ക്കമാകും!

ലിയൊ പതിനാലാമൻ പാപ്പായുടെ മദ്ധ്യാഹ്ന പ്രഭാഷണം. കാസ്തൽ ഗന്തോൾഫോയിൽ ഏതാനും ദിവസത്തെ വേനൽക്കാല വിശ്രമത്തിനെത്തിയിരിക്കുന്ന പാപ്പാ അവിടെയുള്ള അരമനയുടെ അങ്കണത്തിൽ വച്ചാണ് ത്രികാലപ്രാർത്ഥന നയിച്ചത്. പ്രാർത്ഥനയ്ക്കു മുമ്പ നടത്തിയ വിചിന്തനത്തിൽ പാപ്പാ ആതിഥ്യത്തിൻറെ ദാനസ്വീകരണ മാനങ്ങൾ വേദപുസ്തക സംഭവങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലിയൊ പതിനാലാമൻ പാപ്പാ ജൂലൈ 6, ഞായറാഴ്ച വൈകുന്നേരം മുതൽ, വത്തിക്കാനിൽ നിന്നു തെക്കുകിഴക്കു മാറി റോമിനു പുറത്ത് 25 കിലോമീറ്ററോളം അകലെ അൽബാനൊ കുന്നുകളിൽ സ്ഥിതിചെയ്യുന്ന കാസ്തൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയിലാണ്. ആകാൽ ഈ ഞായറാഴ്ചയും (20/07/25) പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത് കാസ്തൽ ഗന്തോൾഫൊയിലെ ആ വസതിയുടെ മുന്നിലുള്ള സ്വാതന്ത്ര്യ ചത്വരത്തിൽ - പ്യാത്സ ദെല്ല ലിബെർത്തായിൽ (Piazza della Libertà) വച്ചായിരുന്നു. അന്നു രാവിലെ പാപ്പാ അൽബാനൊ രൂപതയുടെ കത്തീദ്രൽ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചതിനു ശേഷമാണ് അരമനയുടെ മുന്നിലുള്ള അങ്കണത്തിൽ ത്രികാലപ്രാർത്ഥനയ്ക്കെത്തിയത്. ഈ ചത്വരത്തിൽ മാത്രമല്ല അങ്കണത്തിൻറെ മൂന്നു വശങ്ങളിലുമുള്ള കെട്ടിടസമുച്ചയങ്ങളുടെ മുകളിലത്തെ നിലകളിലുള്ള വീടുകളുടെ മട്ടുപ്പാവുകളിലും ജാലകത്തിങ്കലും നിന്ന് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കുകൊണ്ടു. മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി പേപ്പൽ ഭവനത്തിൻറെ മുഖ്യകവാടത്തിനു മുന്നിൽ ഏത്തിയ പാപ്പായ്ക്ക് പ്രദേശവാസികളും വിവിധരാജ്യക്കാരുമുൾപ്പെട്ടിരുന്ന ജനസഞ്ചയം കരഘോഷങ്ങളോടെയും ആനന്ദാരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചുപ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ജൂലൈ 20-ന് ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ ഉല്പത്തിപ്പുസ്തകം അദ്ധ്യായം 18,1-10 വരെയും ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10,38-42 വരെയും ഉള്ള വാക്യങ്ങളായിരുന്നു. തങ്ങൾക്ക് പ്രത്യക്ഷനാകുന്ന കർത്താവിനെ സ്വീകരിക്കുന്ന അബ്രാഹമിനെയും സാറായെയും തങ്ങളുടെ ഭവനത്തിലെത്തിയ യേശുവിനെ സ്വീകരിക്കുന്ന മാർത്തയെയും മറിയത്തെയും അവതരിപ്പിക്കുന്നവയാണ് ഈ വേദപുസ്തകഭാഗങ്ങൾ. ഈ വായനകളെ അവലംബമാക്കി നടത്തിയ വിചിന്തനത്തിൽ പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

ആഥിത്യം പഴയനിയമത്തിലും പുതിയ നിയമത്തിലും

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

അബ്രഹാമിൻറെയും ഭാര്യ സാറയുടെയും, തുടർന്ന് യേശുവിൻറെ സുഹൃത്തുക്കളായ സഹോദരിമാരായ മാർത്തയുടെയും മറിയത്തിൻറെയും അതിഥിസൽക്കാരമാണ് ഇന്നത്തെ ആരാധനക്രമം നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് (ഉൽപ്പത്തി 18:1-10; ലൂക്കാ 10:38-42 കാണുക). കർത്താവിൻറെ അത്താഴത്തിനായുള്ള ക്ഷണം സ്വീകരിച്ച് ദിവ്യകാരുണ്യവിരുന്നിൽ പങ്കെടുക്കുമ്പോഴെല്ലാം, "നമ്മെ പരിചരിക്കാൻ വരുന്നത്" ദൈവം തന്നെയാണ് (ലൂക്കാ 12:37 കാണുക). എന്നിരുന്നാലും, നമ്മുടെ ദൈവം ആദ്യം ഒരു അതിഥിയാകുന്നു, ഇന്നും അവൻ നമ്മുടെ വാതിൽക്കൽ വന്നു മുട്ടുന്നു (വെളിപാട്  3:20 കാണുക). ഇറ്റാലിയൻ ഭാഷയിൽ, "ഓസ്പിതെ" എന്നത് ആതിഥേയനെയും ആതിഥിയേയും സൂചിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അങ്ങനെ, നമുക്ക്, പരസ്പരം സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച്, ഈ വേനൽക്കാല ഞായറാഴ്ച,  ചിന്തിക്കാം, പരസ്പര സ്വീകരണത്തിൻറെ അഭാവത്തിൽ നമ്മുടെ ജീവിതം ശുഷ്ക്കമാകും.

വിനയം അനിവാര്യ ഘടകം, നാം നമ്മിൽ നിന്നു പുറത്തു കടക്കണം

ആതിഥേയത്വം വഹിക്കുന്നതിനും ആതിഥ്യം സ്വീകരിക്കുന്നതിനും എളിമ ആവശ്യമാണ്. ഇതിന് ലാളിത്യം, കരുതൽ, തുറന്ന മനസ്സ് എന്നിവ ആവശ്യമാണ്. സുവിശേഷത്തിൽ, ഈ വിനിമയത്തിൻറെ സന്തോഷത്തിൽ പൂർണ്ണമായും പ്രവേശിക്കാതിരിക്കുന്ന അപകടാവസ്ഥയുടെ മുന്നിലാണ് മാർത്ത. യേശുവിനെ സ്വീകരിക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങളിൽ മുഴികിയ അവൾ ആ കൂടിക്കാഴ്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തം ഇല്ലാതാക്കുന്ന  അപകടസാധ്യത കൂടുതലാണ്. മാർത്ത ഉദാരമതിയാണ്, പക്ഷേ ദൈവം അവളെ ആ ഔദാര്യത്തേക്കാൾ മനോഹരമായ ഒന്നിലേക്ക് വിളിക്കുന്നു. അവൻ അവളെ അവളിൽ നിന്ന് പുറത്തുകടക്കാൻ ക്ഷണിക്കുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, ഇതു മാത്രമേ നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുകയുള്ളൂ: നമ്മളിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുകയും അതേ സമയം നമ്മെ നിറയ്ക്കുകയും ചെയ്യുന്ന ഒന്നിലേക്ക് നമ്മെത്തന്നെ തുറക്കുക. പരിചരിക്കുന്നതിൽ തൻറെ സഹോദരി തന്നെ തനിച്ചാക്കി എന്ന് മാർത്ത പരാതിപ്പെടുന്ന നിമിഷത്തിൽ (വാക്യം 40 കാണുക), മറിയം സകല സമയബോധവും നഷ്ടപ്പെട്ടതുപോലെ, യേശുവിൻറെ വാക്കുകളാൽ കീഴടക്കപ്പെട്ടു. പ്രായോഗികതയിലോ ഉദാരതയിലോ അവൾ തൻറെ സഹോദരിയേക്കാൾ താഴെയല്ല. പക്ഷേ അവൾ അവസരം ഉപയോഗിക്കുന്നു. അതുകൊണ്ടാണ് യേശു മാർത്തയെ ഗുണദോഷിക്കുന്നത്: കാരണം അവൾക്കും വലിയ സന്തോഷം നൽകുന്നതായ ഉറ്റ സൗഹൃദത്തിന് പുറത്തായി അവൾ നിലകൊണ്ടു (ലൂക്കാ 10, 41-42 കാണുക).

വിശ്രമത്തിൻറെ ആവശ്യകത

വേനൽക്കാലം നമ്മെ "വേഗത കുറയ്ക്കാനും" മാർത്തയെക്കാൾ മറിയയെപ്പോലെയാകാനും സഹായിക്കും. ചിലപ്പോൾ നമ്മൾ ഏറ്റവും മികച്ച ഭാഗം തിരഞ്ഞടുക്കുന്നില്ല. ആതിഥ്യമര്യാദയെന്ന കല കൂടുതലഭ്യസിക്കുന്നതിനായുള്ള ആഗ്രഹത്തോടെ നാം കുറച്ച് വിശ്രമിക്കേണ്ടതുണ്ട്. അവധിക്കാല വാണിജ്യം എല്ലാത്തരം അനുഭവങ്ങളും നമുക്ക് വിൽക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ അവ ഒരുപക്ഷേ നമ്മൾ അന്വേഷിക്കുന്ന അനുഭവമയിരിക്കില്ല. വാസ്തവത്തിൽ അത് സൗജന്യമാണ്, എല്ലാ യഥാർത്ഥ കൂടിക്കാഴ്ചകളും വാങ്ങാൻ കഴിയില്ല: അത് ദൈവവുമായോ, മറ്റുള്ളവരുമായോ, അല്ലെങ്കിൽ പ്രകൃതിയുമായോ ഉള്ളതാകട്ടെ. നമ്മൾ അതിഥികളാകുക മാത്രമാണ് ചെയ്യേണ്ടത്: അതിന് ഇടം ഒരുക്കുകയും അതാവശ്യപ്പെടുകയും ചെയ്യുക; സ്വാഗതം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടാനനുവദിക്കുകകയും ചെയ്യുക. നൽകാൻ മാത്രമല്ല, സ്വീകരിക്കാനും നമുക്ക് ധാരാളം ഉണ്ട്. അബ്രഹാമും സാറയും, അവർ പ്രായമേറിയവരായിരുന്നെങ്കിലും, മൂന്ന് വഴിയാത്രികരിൽ കർത്താവിനെ ശാന്തമായി സ്വീകരിച്ചപ്പോൾ, അവർ അവരുടെ ഫലപുഷ്ടി കണ്ടെത്തി. നമുക്കും സ്വാഗതം ചെയ്യാൻ ഇനിയും ഒരുപാട് ജീവിതമുണ്ട്.

പരിശുദ്ധ അമ്മയുടെ സഹായം തേടുക

കർത്താവിനെ തൻറ ഉദരത്തിൽ സ്വീകരിക്കുകയും യൗസേപ്പിനോടു ചേർന്ന് അവന് ഒരു ഭവനനം പ്രദാനം ചെയ്യുകയും ചെയ്ത, സ്വാഗതം ചെയ്യുന്ന അമ്മയായ പരിശുദ്ധ മറിയത്തോട് നമുക്ക് പ്രാർത്ഥിക്കാം. അവളിൽ, നമ്മുടെ വിളി,  എല്ലാവർക്കും തുറന്ന ഒരു ഭവനമായിരിക്കാനും കടന്നുവരാൻ അനുവാദം ചോദിക്കുന്ന തൻറെ കർത്താവിനെ സ്വാഗതം ചെയ്യുന്നത് തുടരാനുമുള്ള സഭയുടെ വിളി, പ്രകാശിതമാകുന്നു.

ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവ്വാദാനന്തരം പാപ്പാ അവിടെ സന്നിഹിതരായിരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്തു. ഇരുപതാം തീയതി ഞായറാഴ്ച രാവിലെ താൻ അൽബാനൊ രൂപതയുടെ കത്തീദ്രലിൽ ദിവ്യബലിയർപ്പിച്ചത് പാപ്പാ അനുസ്മരിച്ചു. അത് സഭാകൂട്ടായ്മയുടെയും രൂപതാസമൂഹത്തിൻറെ കൂടിക്കാഴ്ചയുടെയും സുപ്രധാനമായൊരു വേളയായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്ത എല്ലാവർക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും രൂപതാസമൂഹത്തിന് ആശംസകൾ നേരുകയും ചെയ്തു.

ഗാസയിൽ നിന്നുള്ള ദുരന്തവൃത്താന്തങ്ങൾ- സംഘർഷത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാകട്ടെ!

മദ്ധ്യപൂർവ്വദേശത്തുനിന്ന്, വിശിഷ്യ, ഗാസയിൽ നിന്ന് നാടകീയമായ വാർത്തകൾ എത്തിക്കൊണ്ടിരിക്കയാണെന്ന് വേദനയോടെ അനുസ്മരിച്ച പാപ്പാ ഗാസയിലെ തിരുക്കുടുംബ കത്തോലിക്കാ ഇടക ദേവാലയത്തിനു നേർക്ക് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ തൻറെ അഗാധമായ വേദന രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയുണ്ടായ ഈ ആക്രമണം മൂന്നു ക്രൈസ്തവരുടെ ജീവനെടുത്തതതും ചിലരെ ഗുരുതരമായി പരിക്കേല്പിച്ചതും പാപ്പാ അനുസ്മരിച്ചു.

ഇരകളായ സാദ് ഈസ കൊസ്താന്തി സലാമെ, ഫൗമിയ ഈസ ലത്തീഫ് അയ്യാദ്, നജ്‌വ ഇബ്രാഹിം ലത്തീഫ് അബു ദാവൂദ് എന്നിവർക്കായി പാപ്പാ പ്രാർത്ഥിക്കുകയും അവരുടെ കുടുംബങ്ങളോടും എല്ലാ ഇടവകക്കാരോടുമുള്ള തൻറെ സാമീപ്യം അറിയിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, ഈ ആക്രമണ നടപടി ഗാസയിലെ പൗരജനത്തിനും ആരാധനാലയങ്ങൾക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന സൈനിക ആക്രമണങ്ങളുടെ തുടർച്ചായണെന്ന് പാപ്പാ കുറ്റപ്പെടുത്തി. യുദ്ധത്തിൻറെ നിഷ്ഠൂരതയ്ക്ക് ഉടനടി അറുതിവരുത്താനും സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാനുമുള്ള തൻറെ ആഹ്വാനം പാപ്പാ നവീകരിച്ചു. മാനവിക നിയമം പാലിക്കണമെന്നും പൗരജനത്തെ സംരക്ഷിക്കാനുള്ള കടമ മാനിക്കണമെന്നും സമൂഹത്തെ ഒന്നടങ്കം ശിക്ഷിക്കുന്നതും വിവേചനരഹിതമായി ശക്തി പ്രയോഗിക്കുന്നതും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നതും തടയണമെന്നും പാപ്പാ അന്താരാഷ്ട്രസമൂഹത്തോടു അഭ്യർത്ഥിച്ചു.

മദ്ധ്യപൂർവ്വദേശത്തെ ക്രൈസ്തവരുടെ ചാരെ താനുണ്ടെന്ന് പാപ്പാ!

മദ്ധ്യപൂർവ്വദേശത്തെ ക്രൈസ്തവർക്ക്, നിലവിലെ നാടകീയ സാഹചര്യത്തിന് മുന്നിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള അവരുടെ വികാരത്തിൽ താൻ പങ്കുചേരന്നുവെന്നും അവർ പപ്പായുടെയും മുഴുവൻ സഭയുടെയും ഹൃദയത്തിലുണ്ടെന്നും പറഞ്ഞ പാപ്പാ അവരേകുന്ന വിശ്വാസ സാക്ഷ്യത്തിന് നന്ദി പ്രകാശിപ്പിച്ചു. ചരിത്രത്തിൽ ഉദയം ചെയ്ത പുതിയ സൂര്യൻറെ അരുണോദയവും കിഴക്കിൻറെ സ്ത്രീയുമായ കന്യകാമറിയം അവരെ എപ്പോഴും സംരക്ഷിക്കുകയും സമാധാനോഷസ്സിലേക്ക് ലോകത്തെ നയിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

വിവിധ വിഭാഗങ്ങൾക്ക് പാപ്പായുടെ അഭിവാദനങ്ങൾ

ഏതാനും ആഴ്ചകൾ നീണ്ട പ്രാർത്ഥനയ്ക്കും രൂപീകരണത്തിനും ശേഷം റോം സന്ദർശിക്കുന്ന കാത്തലിക് വേൾഡ് വ്യൂ ഫെലോഷിപ്പിൻറെ ആഭിമുഖ്യത്തിലുള്ള തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന യുവജനത്തിന് പാപ്പാ ആശംസകൾ നേർന്നു. ഇൻറർനാഷണൽ ഫോറം ഓഫ് കാത്തലിക് ആക്ഷൻ ഇരുപതാം തീയതി ഞായറാഴ്ച  രാവിലെ 10:00 മുതൽ രാത്രി 10:00 വരെ,  "ഭരണകർത്താക്കൾക്കുള്ള പ്രാർത്ഥനാ മാരത്തോൺ" സംഘടിപ്പിച്ചതിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും  നമ്മുടെ ഭരണകർത്താക്കളെ  പ്രബുദ്ധരാക്കാനും അവരിൽ സമാധാന പദ്ധതികൾ സന്നിവേശിപ്പിക്കാനും കർത്താവിനോട് പ്രാർത്ഥിക്കാൻ ഒരു മിനിറ്റ് മൗനമായിനിലിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഈ ആഴ്ചകളിൽ, ഫോക്കളർ പ്രസ്ഥാനത്തിലെ നിരവധി കുടുംബങ്ങൾ "ഇന്റർനാഷണൽ സ്കൂൾ ഓഫ് ന്യൂ ഫാമിലിസി"നായി ലോപ്പിയാനോയിൽ സമ്മേളിച്ചിരിക്കുന്നത് പാപ്പാ അനുസ്മരിക്കുകയും ആത്മീയതയുടെയും സാഹോദര്യത്തിൻറെയുമായ ഈ അനുഭവം അവരെ വിശ്വാസത്തിൽ ശക്തിപ്പെടുത്തുകയും മറ്റ് കുടുംബങ്ങളെ ആത്മീയമായി തുണയ്ക്കുന്നതിൻറെ സന്തോ ഷം പ്രദാനംചെയ്യുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. കാസ്തൽ ഗന്തോൾഫൊയിലെ ഈ രണ്ടാഴ്ചത്തെ വാസത്തിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ താൻ വത്തിക്കാനിലേക്ക് മടങ്ങും എന്നു വെളിപ്പെടുത്തിയ പാപ്പാ തനിക്കേകിയ സ്വീകരണത്തിന് നന്ദി പറയുകയും എല്ലാവർക്കും സന്തോഷകരമായ ഒരു ഞായറാഴ്ച ആശംസിക്കുകയും ചെയ്തു. അതിനു ശേഷം ജനങ്ങളുടെ അടുത്തെത്തി അവരുമൊത്ത് അല്പസമയം ചിലവഴിച്ച പാപ്പാ തദ്ദനന്തരം അങ്കണത്തിൽ നിന്ന് അരമനയുടെ ഉള്ളിലേക്കു പോയി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂലൈ 2025, 12:00

ത്രികാലപ്രാര്čത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്čത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്čത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്čത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >