പാപ്പാ: കണ്ടുമുട്ടുന്നവർക്കെല്ലാം അയൽക്കാരാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജൂലൈ 6, ഞായറാഴ്ച വൈകുന്നേരം മുതൽ ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ നിന്നു അല്പം തെക്കുകിഴക്കു മാറി റോമിനു പുറത്ത് 25 കിലോമീറ്ററോളം അകലെ അൽബാനൊ കുന്നുകളിൽ സ്ഥിതിചെയ്യുന്ന കാസ്തൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയിലാണ്. ആകാൽ ഈ പതിമൂന്നാം തീയതി ഞായറാഴ്ച (13/07/25) പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത് കാസ്തൽ ഗന്തോൾഫൊയിലെ ആ വസതിയുടെ മുന്നിലുള്ള സ്വാതന്ത്ര്യ ചത്വരത്തിൽ - പ്യാത്സ ദെല്ല ലിബെർത്തായിൽ (Piazza della Libertà) വച്ചായിരുന്നു. അന്നു രാവിലെ പാപ്പാ കാസ്തൽഗന്തോൾഫൊയിലെ പൊന്തിഫിക്കൽ ഇടവകയായ വില്ലനോവയിലെ വിശുദ്ധ തോമസിൻറെ നാമത്തിലുള്ള ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചതിനു ശേഷമാണ് അരമനയുടെ മുന്നിലുള്ള അങ്കണത്തിൽ ത്രികാലപ്രാർത്ഥനയ്ക്കെത്തിയത്. ഈ ചത്വരത്തിൽ മാത്രമല്ല അങ്കണത്തിൻറെ മൂന്നു വശങ്ങളിലുമുള്ള കെട്ടിടസമുച്ചയങ്ങളുടെ മുകൾ നിലകളിലുള്ള വീടുകളുടെ മട്ടുപ്പാവുകളിലും ജാലകത്തിങ്കലും നിന്ന് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കുകൊണ്ടു. മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി പേപ്പൽ ഭവനത്തിൻറെ മുഖ്യകവാടത്തിനു മുന്നിൽ ഏത്തിയ പാപ്പായെ പ്രദേശവാസികളും വിവിധരാജ്യക്കാരുമുൾപ്പെട്ടിരുന്ന ജനസഞ്ചയം കരഘോഷമോടെയും ആനന്ദാരവങ്ങളോടെയും സ്വീകരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ജൂലൈ 13-ന് ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10, 25-37 വരെയുള്ള വാക്യങ്ങൾ ആയിരുന്നു. നിത്യജീവൻ അവകാശമാക്കാൻ എന്തു ചെയ്യണം എന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി അവിടത്തോട് ഒരു നിയമജ്ഞൻ ചോദിക്കുന്നതും അതിന് യേശു, കവർച്ച ചെയ്യപ്പെട്ട് മുറിവേറ്റ് വഴിയിൽ അർദ്ധപ്രാണനായി കിടന്നിരുന്നവനെ പരിചരിച്ച നല്ലസമറിയക്കാരൻറെ ഉപമയിലൂടെ പ്രത്യുത്തരിക്കുന്നതുമാണ് ഈ സുവിശേഷഭാഗത്തിൻറെ ഉള്ളടക്കം. ഈ സുവിശേഷഭാഗം അവലംബമാക്കി പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
നിത്യജീവൻ, നമ്മുടെ ഹൃദയാഭിലാഷം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് യേശുവിനോട് ഉന്നയിക്കപ്പെട്ട മനോഹരമായ ഒരു ചോദ്യത്തോടെയാണ്: "ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?" (ലൂക്കാ 10:25). ഈ വാക്കുകൾ നമ്മുടെ ജീവിതത്തിലുള്ള നിരന്തരമായ ഒരു അഭിവാഞ്ചയെ ആവിഷ്കരിക്കുന്നു: അത് രക്ഷയ്ക്കുള്ള ആഗ്രഹമാണ്, അതായത്, പരാജയം, തിന്മ, മരണം എന്നിവയിൽ നിന്ന് മുക്തമായ ഒരു അസ്തിത്വത്തിനായുള്ള ആഗ്രഹം.
ദൈവത്തിനു മാത്രം നല്കാൻ കഴിയുന്ന ദാനം
മാനവ ഹൃദയം പ്രതീക്ഷിക്കുന്നതിനെ വർണ്ണിച്ചിരിക്കുന്നത് "പൈതൃകമായി" ലഭിക്കേണ്ട ഒരു നന്മയായിട്ടാണ്: അത് ബലപ്രയോഗത്തിലൂടെ നേടിയെടുക്കുകയോ, ഒരു ദാസനെപ്പോലെ യാചിക്കുകയോ, കരാറിലൂടെ കരസ്ഥമാക്കുകയോ ചെയ്യുന്ന കാര്യമല്ല. ദൈവത്തിന് മാത്രം നൽകാൻ കഴിയുന്നതാണ് നിത്യജീവൻ, പിതാവിൽ നിന്ന് പുത്രനിലേക്കെന്നപോലെ ഒരു പൈതൃകമായി മനുഷ്യനു കൈമാറ്റം ചെയ്യപ്പെടുന്നു.
ദൈവഹിതം നിറവേറ്റുക
അതുകൊണ്ടാണ്, ദൈവത്തിൻറെ ദാനം സ്വീകരിക്കണമെങ്കിൽ, നാം അവിടത്തെ ഹിതം സ്വീകരിക്കണം എന്ന്, യേശു, നമ്മുടെ ചോദ്യത്തിന് ഉത്തരം നൽകുന്നത്. ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ: "നിൻറെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണം" "നിൻറെ അയൽക്കാരനെ നിന്നെപ്പോലെയും" (ലൂക്കാ 10:27; cf. ആവർത്തനം 6:5; ലേവ്യപുസ്തകം 19:18). അങ്ങനെ ചെയ്യുമ്പോൾ, നാം പിതാവിൻറെ സ്നേഹത്തോട് പ്രത്യുത്തരിക്കുകയാണ്: വാസ്തവത്തിൽ, ദൈവഹിതം എന്നത് തൻറെ പുത്രനായ യേശുവിൽ നമ്മെയെല്ലാം പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചുകൊണ്ട് ദൈവം തന്നെ ആദ്യം നമ്മിൽ പ്രയോഗിക്കുന്ന ജീവൻറെ നിയമമാണ്.
സമാശ്വാസ ദായകരാകുക
സഹോദരരേ, നമുക്ക് അവനെ നോക്കാം! ദൈവത്തോടും മനുഷ്യനോടുമുള്ള യഥാർത്ഥ സ്നേഹത്തിൻറെ വെളിപാടാണ് യേശു: നൽകുന്നതും കൈവശപ്പെടുത്താത്തതുമായ ഒരു സ്നേഹം, ക്ഷമിക്കുകയും അവകാശപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു സ്നേഹം, സഹായിക്കുന്നതും ഒരിക്കലും ഉപേക്ഷിക്കാത്തതുമായ ഒരു സ്നേഹം. ക്രിസ്തുവിൽ, ദൈവം എല്ലാ സ്ത്രീപുരുഷന്മാർക്കും ഒരു അയൽക്കാരനായി: അതിനാൽ, നമ്മുടെ യാത്രയിൽ കണ്ടുമുട്ടുന്നവർക്കെല്ലാം ഒരു അയൽക്കാരനാകാൻ നമുക്കോരോരുത്തർക്കും കഴിയും, അങ്ങനെ ആകണം. ലോകരക്ഷകനായ യേശുവിൻറെ മാതൃക പിൻചെന്നുകൊണ്ട്, പ്രത്യേകിച്ച്, അധൈര്യർക്കും ഭഗ്നാശർക്കും, ആശ്വാസവും പ്രത്യാശയും പ്രദാനം ചെയ്യാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു.
ജീവൻറെ ശുശ്രൂഷകരാകുക
ആകയാൽ, നിത്യമായി ജീവിക്കുന്നതിനുവേണ്ടി മരണത്തെ കബളിപ്പിക്കേണ്ട കാര്യമില്ല, മറിച്ച് ജീവനെ സേവിക്കുകയാണ് ചെയ്യേണ്ടത്, അതായത്, നാം പൊതുവായി അനുഭവിക്കുന്ന സമയത്തിൽ അപരൻറെ അസ്തിത്വത്തെ പരിചരിക്കുക. എല്ലാ സാമൂഹിക നിയമങ്ങൾക്കും മുമ്പായി വരികയും അതിന് അർത്ഥം നൽകുകയും ചെയ്യുന്ന പരമ നിയമമാണിത്.
പരിശുദ്ധാംബയുടെ മാദ്ധ്യസ്ഥ്യം
അനുദിനം സമാധാന പ്രവർത്തകരായിരിക്കാനും സദാ സ്നേഹത്തിൻറെയും രക്ഷയുടെയും ഹിതമായ ദൈവഹിതം നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാനും സഹായിക്കണമേ എന്ന് കരുണയുടെ അമ്മയായ കന്യകാമറിയത്തോട് നമുക്കു പ്രാർത്ഥിക്കാം.
ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
കാസ്തൽ ഗന്തോൾഫൊയിൽ ജനങ്ങൾക്കു മദ്ധ്യേ ആയിരിക്കാൻ കഴിഞ്ഞതിലുള്ള തൻറെ സന്തോഷം ആശീർവാദാനന്തരം ജനങ്ങളെ അഭിവാദ്യം ചെയ്യവെ പാപ്പാ പ്രകടപ്പിച്ചു. തനിക്കേകിയ ഊഷ്മള സ്വീകരണത്തിന് പാപ്പാ പ്രാദേശിക പൗരാധികാരികൾക്കും അവിടെ സന്നിഹിതരായിരുന്ന സൈനികർക്കും നന്ദി പ്രകാശിപ്പിച്ചു.
വാഴ്ത്തപ്പെട്ട ലികാരിയോൺ മായ്
ജൂലൈ 12-ന് ശനിയാഴ്ച സ്പെയിനിലെ ബർസെല്ലോണയിൽ ലികാരിയോൺ മായ് എന്ന മാരിസ്റ്റ് സന്ന്യസ്ത സഹോദരൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. വിശ്വാസത്തെ പ്രതി 1909-ൽ വധിക്കപ്പെട്ട നവവാഴ്ത്തപ്പെട്ട ലികാരിയോൺ വിദ്വേഷഭരിതമായിരുന്ന ആ സാഹചര്യങ്ങളിൽ വിദ്യഭ്യാസ-അജപാലനപരങ്ങളായ ദൗത്യം അർപ്പണത്തോടെയും ധീരതയോടെയും നിറവേറ്റിയെന്ന് പാപ്പാ അനുസ്മരിച്ചു. ഈ രക്തസാക്ഷിയുടെ വീരോചിത സാക്ഷ്യം എല്ലാവർക്കും, പ്രത്യേകിച്ച് യുവജനവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്നവർക്ക് പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
വിവിധ സംഘങ്ങളെ അഭിവാദ്യം ചെയ്ത് പാപ്പാ
ആരാധനാക്രമ അക്കാദമി സംഘടിപ്പിച്ചിരിക്കുന്ന വേനൽക്കാല പഠനപരിപാടിയിൽ പങ്കെടുക്കുന്ന പോളണ്ടുകാരെയും അന്നാട്ടുകാരായ തീർത്ഥാടകരെയും ഇറ്റലിയിലെ ബെർഗമോ രൂപതയുടെ ഞായറാഴ്ച സമാപിച്ച ജൂബിലി തീർത്ഥാടനത്തിൽ പങ്കെടുത്തവരെയും മറ്റു സംഘങ്ങളെയും ഇറ്റലിയിലെ സായുധ പൊലീസ് സേനയായ കരബിനിയേരിൽ പരിശീലനം നേടുന്നവരെയും പാപ്പാ അഭിവാദ്യം ചെയ്തു. വേനൽക്കാല മാസങ്ങളിൽ, കുട്ടികൾക്കും യുവജനത്തിനും വേണ്ടി നടത്തപ്പെടുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചു പരാമർശിച്ച പാപ്പാ അതിന് മുൻകൈയ്യെടുക്കുന്നവർക്ക് നന്ദി പ്രകാശിപ്പിച്ചു. ലോകമെമ്പാടുമുള്ള യുവജനത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ജിഫോണി ചലച്ചിത്രോത്സവത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. "മനുഷ്യനാകുക" എന്നതാണ് ഈ ചലച്ചിത്രോത്സവത്തിൻറെ പ്രമേയം എന്നതും പാപ്പാ അനസ്മരിച്ചു.
സമാധാനത്തിനായി പ്രാർത്ഥിക്കുക
സമാധാനത്തിനുവേണ്ടിയും അക്രമവും യുദ്ധവും മൂലം ദുരിതത്തിലായവർക്കു വേണ്ടിയും പ്രാർത്ഥിക്കാൻ മറക്കരുതെന്ന് പാപ്പാ പറഞ്ഞു. എല്ലാവർക്കും ശുഭഞായർ ആശംസിച്ചുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടിക്ക് സമാപനം കുറിച്ച പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവരുടെ അടുത്തെത്തുകയും അവരെ അഭിവാദ്യം ചെയ്യുകയും ചിലർക്ക് ഹസ്തദാനമേകുകയും ചെയ്തതിനു ശേഷം തൻറെ താല്ക്കാലിക വസതിയിലേക്കു പോയി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: