വൃദ്ധജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണ്: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വാർദ്ധക്യം, മറ്റുളവർക്കായി പ്രാർത്ഥിക്കുവാനുള്ള അവസരമാണെന്നു ഓർമ്മപ്പെടുത്തിക്കൊണ്ട്, ജൂലൈ മാസം ഇരുപത്തിയൊന്നാം തീയതി, കാസൽ ഗന്ധോൽഫോയിലുള്ള സാന്താ മാർത്താ വൃദ്ധ മന്ദിരത്തിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദർശനം നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. ഭവനത്തിന്റെ ചുമതലയുള്ള സന്യാസിനികൾ പാപ്പായെ സ്വാഗതം ചെയ്തു. തുടർന്ന് ചെറിയ ചാപ്പലിൽ അല്പസമയം പ്രാർത്ഥനയിൽ ചിലവഴിച്ചു. 80 നും 101 നും ഇടയിൽ പ്രായമുള്ള ഏകദേശം 20 വൃദ്ധരായ അമ്മമാരാണ് അന്തേവാസികളായി ഭവനത്തിൽ ഉള്ളത്.
നമ്മിൽ ഓരോരുത്തരുടെയും ഉള്ളിൽ മാർത്തയുടെയും മറിയത്തിന്റെയും ഒരു ഭാഗമുണ്ടെന്ന് പാപ്പ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു. യേശുവിന്റെ വചനം കേട്ട് പ്രാർത്ഥിക്കുന്നതിലൂടെ മറിയത്തിന്റെ ജീവിതമാനം അനുഭവിക്കാൻ ഈ ജീവിത സമയം പ്രയോജനപ്പെടുത്താൻ എല്ലാവരെയും ആഹ്വാനം ചെയ്തു. വൃദ്ധരായവരുടെ പ്രാർത്ഥനകൾ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വളരെ വലുതാണെന്ന് പറഞ്ഞ പാപ്പാ, അവരുടെ പ്രാർത്ഥനകൾക്ക് നന്ദിയുമർപ്പിച്ചു.
നമ്മിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നത് യേശുവാണെന്നും, പ്രായവ്യത്യാസമില്ലാതെ അവൻ നമ്മുടെ അതിഥിയായി കടന്നുവരുന്നുവെന്നും, അതിനാൽ അവന്റെ സാക്ഷികളാകുക എന്നതാണ് നമ്മുടെ വിളിയെന്നും പാപ്പാ ഓർമ്മപ്പെടുത്തി. "നിങ്ങൾ ജീവിതത്തിൽ വളരെയധികം നൽകിയിട്ടുണ്ട്", പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ഈ സാക്ഷിയായി തുടരുക," എന്ന് പറഞ്ഞ പാപ്പാ "നിങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണ്," എന്ന ആശംസയോടെ വാക്കുകൾ ഉപസംഹരിച്ചു. തുടർന്ന് അവരോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: