MAP

മധ്യാഹ്നപ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ പാപ്പാ   (AFP or licensors)

മധ്യപൂർവ്വേഷ്യൻ ജനത എന്റെ ഹൃദയത്തിലുണ്ട്: ലിയോ പതിനാലാമൻ പാപ്പാ

ജൂലൈ മാസം ഇരുപതാം തീയതി മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം, ലിയോ പതിനാലാമൻ പാപ്പാ, ഹൃദയവ്യഥയോടെ മധ്യപൂർവ്വേഷ്യയിൽ, പ്രത്യേകിച്ചും ഗാസയിൽ നടക്കുന്ന നരനായാട്ടിനെ ചൂണ്ടിക്കാണിക്കുകയും, സമാധാനത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മധ്യപൂർവ്വേഷ്യയിൽ നിന്നും, പ്രത്യേകമായി ഗാസയിൽ നിന്നും  ഈ ദിവസങ്ങളിൽ എത്തുന്ന നാടകീയമായ വാർത്തകൾ ഏൽപ്പിക്കുന്ന വേദനകളെ ഓർമ്മപ്പെടുത്തിക്കൊണ്ട്, അവർക്കായി പ്രാർത്ഥിക്കുവാനും, സമാധാനം പുനഃസ്ഥാപിക്കുവാനും ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥിച്ചു. ജൂലൈ മാസം ഇരുപതാം തീയതി, തന്റെ വേനൽക്കാല വസതിയായ കാസൽ ഗന്ധോൽഫോയിൽ വച്ച് നടത്തിയ  മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ, യുദ്ധത്തിന്റെ ഭീകരതയെയും, അതിൽ ദുരിതമനുഭവിക്കുന്ന ജനതയെയും ഒരിക്കൽ കൂടി അനുസ്മരിച്ചത്.

കഴിഞ്ഞ ദിവസം, ഗാസയിലെ തിരുക്കുടുംബ ദേവാലത്തിനുനേരെ നടന്ന ആക്രമണത്തിൽ മൂന്നു പേർ  കൊല്ലപ്പെടുകയും, വികാരിയുൾപ്പെടെ പലർക്കും പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരുടെ പേരുകൾ പാപ്പാ പരാമർശിക്കുകയും, അവർക്കായി താൻ പ്രത്യേകം പ്രാർത്ഥിക്കുന്നുവെന്നു അറിയിക്കുകയും ചെയ്തു.

യുദ്ധത്തിന്റെ കാടത്തം ഉടനടി അവസാനിപ്പിക്കണമെന്നും സംഘർഷത്തിനു സമാധാനപരമായ പരിഹാരം കൈവരിക്കണമെന്നും പാപ്പാ വീണ്ടും അഭ്യർത്ഥിച്ചു. അതോടൊപ്പം അന്താരാഷ്ട്ര സമൂഹത്തോട്, മാനവികനിയമങ്ങൾ ബഹുമാനിക്കുന്നതിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനും താത്പര്യപ്പെടണമെന്നും, കൂട്ടായ ശിക്ഷാനടപടികൾ, വിവേചനരഹിതമായ ബലപ്രയോഗം, നിർബന്ധിതകുടിയൊഴിപ്പിക്കൽ എന്നിവയിൽ നിന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവരോടുള്ള തൻറെ ഹൃദയപൂർവ്വമായ അടുപ്പവും പാപ്പാ സന്ദേശത്തിൽ പ്രകടമാക്കി. : ഈ നാടകീയ സാഹചര്യത്തിന് മുന്നിൽ നിസഹായരായ അവർക്കൊപ്പം താനും ഉണ്ടെന്നും, അവരുടെ സ്ഥാനം പാപ്പായുടെയും, തിരുസഭയുടെയും ഹൃദയത്തിലാണെന്നും എടുത്തു പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസംരക്ഷണയ്ക്ക് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂലൈ 2025, 12:35