പ്രകൃതിപരിപാലനത്തിനുള്ള ഉത്തരവാദിത്വം വാക്കുകളിൽ മാത്രം ഒതുങ്ങരുത്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തന്റെ ചായയിൽ സ്രഷ്ടാവായ ദൈവം സൃഷ്ടിച്ച മനുഷ്യരിൽ ഏൽപ്പിക്കപ്പെട്ട സൃഷ്ടലോകത്തിന്റെ സംരക്ഷണവും, വളർച്ചയുമെന്ന ഉത്തരവാദിത്വങ്ങൾ ശരിയായി നിർവഹിക്കാനും, അതുവഴി നീതിയും അതിന്റെ ഫലങ്ങളായ സമാധാനവും പ്രത്യാശയും കൂടുതലായി വളർത്താനും ഏവരെയും ആഹ്വാനം ചെയ്‌ത്, ലിയോ പതിനാലാമൻ പാപ്പാ. നാം ഭൂമിയിൽ ഏൽപ്പിക്കുന്ന ഓരോ മുറിവുകളുടെയും ഫലം ഏവരും അനുഭവിക്കേണ്ടിവരുമെങ്കിലും, പാവപ്പെട്ടവരും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുമാണ് ഇതിന്റെ കൂടുതൽ ദൂഷ്യഫലങ്ങൾ അനുഭവിക്കാൻ നിർബന്ധിതരാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രകൃതിപരിപാലനവും സംരക്ഷണവും വെറും വാക്കുകളിൽ ഒതുക്കാതെ, അവയെ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാൻ, സൃഷ്ടലോകത്തിന്റെ പരിപാലനത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം സ്ഥാപിക്കപ്പെട്ടതിന്റെയും, ഫ്രാൻസിസ് പാപ്പായുടെ "ലൗദാത്തോ സീ" യുടെയും പത്താം വാർഷികത്തിന്റെ കൂടി പശ്ചാത്തലത്തിൽ തയ്യാറാക്കിയ സന്ദേശത്തിലൂടെ ലിയോ പതിനാലാമൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്ന അവസരത്തിൽ യേശു പലപ്പോഴും വിത്തിന്റെ കാര്യം പരാമർശിക്കുന്നുണ്ടെന്നും, സജീവൻ നൽകിക്കൊണ്ട് ഫലം നൽകുന്ന വിത്തുപോലെ തന്റെ പീഡാനുഭവത്തിന് തലേന്ന് തന്നെത്തന്നെ വിത്തായി അവൻ ഉപമിച്ചുകൊണ്ട് സംസാരിക്കുന്നുണ്ടെന്നും എഴുതിയ പാപ്പാ, അതേസമയം ക്രിസ്തുവിൽ നമ്മളും സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാണെന്ന് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ദൈവം ഹിതമാകുന്നെങ്കിൽ, മരുഭൂമിയെപ്പോലും ഒരു പൂന്തോട്ടമാക്കി മാറ്റാൻ അവനു സാധിക്കുമെന്നും, എന്നാൽ അവിടെ നിയമവും നീതിയും വാഴേണ്ടതുണ്ടെന്നും എഴുതിയ പാപ്പാ, സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളിൽ നടക്കാനിരിക്കുന്ന "സൃഷ്ടിയുടെ സമയം" എന്ന എക്യൂമെനിക്കൽ പദ്ധതി, പ്രാർത്ഥനയ്‌ക്കൊപ്പം മൂർത്തമായ പ്രവൃത്തികളും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതാണെന്ന് ഓർമ്മിപ്പിച്ചു.
പ്രകൃതിയെ നശിപ്പിക്കുന്നത് ഏവരെയും ബാധിക്കുന്ന പ്രവൃത്തിയാണെന്ന് എഴുതിയ പാപ്പാ, നീതിയെയും സമാധാനത്തെയും ഇല്ലാതാക്കുന്നത് പാവപ്പെട്ടവരെയും പാർശ്വത്കരിക്കപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയുമാണ് കൂടുതലായി ബാധിക്കുക എന്ന് ഓർമ്മിപ്പിച്ചു. പ്രകൃതി വിഭവങ്ങളുടെമേലുള്ള അവകാശത്തിനും, രാഷ്ട്രീയനേട്ടങ്ങൾക്കുമായി ഭൂമിയെ അനീതിപരമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനെതിരെ എഴുതിയ പാപ്പാ, കൃഷിയിടങ്ങളിലും വനഭൂമിയിലും പോലും മൈനുകൾ വിതറുന്നത്, ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടും, അസംസ്കൃതവസ്തുക്കളുടെ തെറ്റായ വിതരണവുമായി ബന്ധപ്പെട്ടും നടക്കുന്ന സംഘർഷങ്ങൾ എന്നിവ പ്രത്യേകം പരാമർശിച്ചു.
തന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഭൂമിയെ മുറിവേൽപ്പിക്കുമെന്ന് കരുതിയല്ല ദൈവം അവനെ ഭൂമിയുടെ പരിപാലനം ഏൽപ്പിച്ചതെന്ന് പാപ്പാ എഴുതി. ലോകമെന്ന പൂന്തോട്ടത്തെ വളർത്താനും സംരക്ഷിക്കാനാണ് ദൈവം മനുഷ്യന് നിയോഗം നൽകുന്നത് (ഉൽപ്പത്തി 2, 15). പ്രകൃതിയും മനുഷ്യനുമായുള്ള ഉത്തരവാദിത്വപരമായ ഒരു ബന്ധത്തിനാണ്, കൃഷി ചെയ്യാനും, സംരക്ഷിക്കാനുമായി ദൈവം നൽകിയ നിയോഗം മനുഷ്യനെ ക്ഷണിക്കുന്നത്.
പ്രകൃതിയുമായി ബന്ധപ്പെട്ട നീതി എന്നത് സമൂർത്തമായ ഒരു ചിന്തയാണെന്ന് എഴുതിയ പാപ്പാ, ഇത് സാമൂഹ്യ, സാമ്പത്തിക, മാനവിക നീതിയുമായി ബന്ധപ്പെട്ട ഒന്നാണെന്ന് ഓർമ്മിപ്പിച്ചു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് ദൈവശാസ്ത്രപരമായ ഒന്നാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. സൃഷ്ടലോകത്തിന്റെ സംരക്ഷണം വിശ്വാസവും മാനവികതയും ആവശ്യപ്പെടുന്ന ഒന്നാണ്.
ദൈവത്തിന്റെ സൃഷ്ടിയുടെ സംരക്ഷകരാകുക എന്നത് ഒരു സാധ്യതയോ അപ്രധാനമായ ഒരു കാര്യമോ അല്ല എന്നും, വാക്കുകളിൽനിന്ന് പ്രവൃത്തിപഥത്തിലേക്ക് കടന്നുവരാനുള്ള സമയമാണ് നമുക്ക് മുന്നിലുള്ളതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. നീതിയുടെ വിത്തുകൾ മുളപ്പിച്ച് സമാധാനത്തിനും പ്രത്യാശയ്ക്കും വേണ്ടി നമ്മുടേതായ ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള സാധ്യതയാണ് നമുക്ക് മുന്നിലുള്ളത്. വിത്ത് വിതച്ച് ഫലത്തിനായി കാത്തിരിക്കുന്നതുപോലെ ചിലപ്പോൾ ഏറെ സമയം ആവശ്യമുള്ള ഒരു പ്രവൃത്തിയാണിത്.
"ലൗദാത്തോ സീ" സഭയെയും ഒരുപാട് വ്യക്തികളെയും കഴിഞ്ഞ പത്ത് വർഷങ്ങളായി പ്രകൃതിയോടുള്ള ഉത്തരവാദിത്വപരമായ ബന്ധത്തിലേക്ക് നയിച്ചത് അനുസ്മരിച്ച പാപ്പാ, "സമഗ്രപരിസ്ഥിതി" എന്ന ആശയം കൂടുതലായി പ്രവർത്തികമാകട്ടെയെന്നും, നമ്മുടെ ഉറപ്പുള്ള പ്രത്യാശയായ ക്രിസ്തുവിന്റെ കൃപയുടെ, പ്രത്യാശയുടെ വിത്തുകൾ വർദ്ധിപ്പിച്ചും, സംരക്ഷിച്ചും വളർത്തിയും മുന്നോട്ട് നീങ്ങാൻ നമുക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: