MAP

വേനൽക്കാല വസതിയിൽ എത്തിയ പാപ്പാ വേനൽക്കാല വസതിയിൽ എത്തിയ പാപ്പാ   (ANSA)

വേനൽക്കാലവസതിയിലെത്തി ലിയോ പതിനാലാമൻ പാപ്പാ

ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിയോടെ ലിയോ പതിനാലാമൻ പാപ്പാ റോഡുമാർഗം തന്റെ വേനൽക്കാല വസതിയായ കാസൽ ഗന്ധോൾഫോയിലെത്തി. വില്ല ബാർബെറിനി എന്ന ഭവനത്തിലാണ് പാപ്പാ വിശ്രമിക്കുന്നത്

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പാരമ്പര്യമായി പാപ്പാമാർ ഇറ്റലിയിലെ വേനൽക്കാല അവസരത്തിൽ വിശ്രമിക്കുവാൻ എത്തുന്ന കാസൽ ഗന്ധോൾഫോയിൽ ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിയോടെ എത്തിച്ചേർന്നു. അവിടെ, അദ്ദേഹം ജൂലൈ 20 വരെയും തുടർന്ന് ഓഗസ്റ്റിൽ കുറച്ച് ദിവസങ്ങളിലും വിശ്രമം ചെലവഴിക്കും. റോമിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഈ ഭവനം, അൽബാനോ തടാകത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ലിയോ പതിനാലാമൻ പാപ്പായെ വരവേൽക്കുന്നതിനും, അദ്ദേഹത്തിന് സ്വാഗതമരുളുന്നതിനും നിരവധിയാളുകളാണ് അനേകം മണിക്കൂറുകൾക്കു മുൻപ് തന്നെ വസതിയിലേക്കുള്ള വഴിയിൽ കാത്തുനിന്നിരുന്നത്. വില്ല ബാർബെറിനി എന്ന ഭവനത്തിലാണ് ഈ ദിവസങ്ങളിൽ പാപ്പാ വസിക്കുന്നത്. പൊന്തിഫിക്കൽ ഭവനത്തിനു സമീപമുള്ള ചത്വരത്തിൽ, തുടർന്നുവരുന്ന ഞായറാഴ്ച്ചകളിൽ പാപ്പാ മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, സന്ദേശം നൽകുകയും ചെയ്യും.

കാസൽ ഗന്ധോൾഫോയിൽ എത്തിച്ചേർന്ന പാപ്പാ, തുടർന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും അവർക്ക് ആശീർവാദം നൽകുകയും ചെയ്തു. വളരെ പ്രത്യേകമായി കുട്ടികളെ പാപ്പാ ആശീർവദിച്ചു. ജൂലൈ മാസം പതിമൂന്നാം തീയതി ഞായറാഴ്ച്ച, പാപ്പാ സാൻ തോമാസോ ദ വില്ലനോവ ഇടവകയിൽ വിശുദ്ധ ബലിയർപ്പിക്കും. വസതിയിലെത്തിയ ശേഷം ബാൽക്കണിയിൽ നിന്നും ഒരിക്കൽ കൂടി പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തു.

കാസൽ ഗന്ധോൾഫോയിൽ ആയിരിക്കുന്നതിൽ പരിശുദ്ധ പിതാവിന് ഏറെ സന്തോഷമുണ്ടെന്നും, വരും ദിവസങ്ങളിൽ ആളുകളെ കാണാനും, അതേ സമയം ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് തന്റെ പ്രവർത്തനങ്ങൾ തുടരാനും കഴിയുന്നതിൽ പാപ്പാ ഏറെ കൃതാർത്ഥൻ ആണെന്നും വത്തിക്കാൻ വാർത്താകാര്യാലയം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജൂലൈ 2025, 11:48