MAP

ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രത്തിൽ ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രത്തിൽ  (ANSA)

ലിയൊ പതിനാലാമൻ വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രത്തിൽ!

പാപ്പാ വത്തിക്കാൻറെ അതിർത്തിക്കു പുറത്ത് 30-ലേറെ കിലോമീറ്റർ വടക്കു മാറി ചെസാനൊയ്ക്കടുത്തുള്ള സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻ റേഡിയോയുടെ ഹ്രസ്വതരംഗ-എഫ് എം പ്രക്ഷേപണ കേന്ദ്രം സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ നിലയം സന്ദർശിച്ചു.

വത്തിക്കാൻറെ അതിർത്തിക്കു പുറത്ത് 30-ലേറെ കിലോമീറ്റർ വടക്കു മാറി ചെസാനൊയ്ക്കടുത്തുള്ള സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 76-ും 106-ും മീറ്റർ ഉയരമുള്ളതും യഥാക്രമം 85-ും 87-ും മീറ്റർ വ്യാസമുളളതുമായ 2 കറങ്ങുന്ന പ്രക്ഷേപണ ആൻറിനകളും 28 സാധാരണ ആൻറിനകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ അടങ്ങിയ ഈ പ്രക്ഷേപണ നിലയം ലിയൊ പതിനാലാമൻ പാപ്പാ ജൂൺ 19-ന് വ്യാഴാഴ്ചയാണ് സന്ദർശിച്ചത്.

ഭാരതമുൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള ഹ്രസ്വതരംഗ പ്രക്ഷേപണ സമയത്ത് ആ ദിശയിലേക്കു തരിച്ചു വയ്ക്കുന്നതിനാണ് കറങ്ങുന്ന ആൻറിനകൾ. 50 മുതൽ 500 വരെ കിലോവാട്ട് പ്രസരണ ശേഷിയുള്ള ആൻറിനകളാണ് ഇവിടെയുള്ളത്.

പാപ്പാ ഈ പ്രക്ഷേപണ കേന്ദ്രത്തിലെ ജീവനക്കാരുമായി അല്പസമയം ചിലവഴിക്കുകയും ആ കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിയുകയും തൻറെ പൗരോഹിത്യത്തിൻറെ നാല്പത്തിമൂന്നാം വാർഷികദിനമായിരുന്നതിനാൽ അവരുമൊത്ത് ലഘുഭക്ഷണം കഴിക്കുകയും ചെയ്തു.

ലത്തീനമേരിക്കയിലും ആഫ്രിക്കയിലും തൻറെ പ്രേഷിതപ്രവർത്തന വേളയിൽ വത്തിക്കാൻ റേഡിയോയുടെ ഹ്രസ്വതരംഗ പ്രക്ഷേപണം തനിക്ക് വളരെ വിലപ്പെട്ടതായിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു.

പന്ത്രണ്ടാം പീയൂസ് പാപ്പാ 1957-ലാണ് ഈ പ്രക്ഷേപണ കേന്ദ്രം ഉദ്ഘാടാനം ചെയ്തത്. ഇതിനു മുമ്പ് ഈ നിലയം സന്ദർശിച്ച പാപ്പാ വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പായായിരുന്നു. 1991-ൽ ആയിരുന്നു ഈ സന്ദർശനം.

വത്തിക്കാൻ റേഡിയോയുടെ പരിപാടികൾ തയ്യാറാക്കുന്നത് വത്തിക്കാൻ നഗരത്തിനടുത്ത് പ്യാത്സ പീയയിലുള്ള കാര്യാലയത്തിലാണ്. 1931 ഫെബ്രുവരി 12-നാണ് വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജൂൺ 2025, 12:55