ലെബനൻറെ പ്രസിഡൻറ് പാപ്പായെ സന്ദർശിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലെബനൻറെ പ്രസിഡൻറ് ജോസഫ് ഔണിനെ ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
ജൂൺ 13-ന് വെള്ളിയാഴ്ച ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
പാപ്പായുമായുള്ള സൗഹൃദസംഭാഷണനാന്തരം പ്രസിഡൻറ് ഔൺ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, നാടുകളുമായുള്ള ബന്ധങ്ങക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ മിറൊസ്ലാവ് വച്ചോവ്സ്കി എന്നിവരുമായി കൂടിക്കാഴ്ചനടത്തി.
വത്തിക്കാനും ലെബനനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളിലും ലെബനനിലെ സമൂഹത്തിൽ കത്തോലിക്കാസഭ വഹിക്കുന്ന പരമ്പരാഗതവും നിരന്തരവുമായ പങ്കിലുമുള്ള സംതൃപ്തി ഈ കൂടിക്കാഴ്ചാവേളയിൽ തെളിഞ്ഞു നിന്നു.
ഇപ്പോൾ നടന്നുവരുന്ന സുദൃഢീകരണ-നവീകരണ പ്രക്രിയകളിലൂടെ അന്നാടിന് രാഷ്ട്രീയ ഏകതാനതയുടെയും സാമ്പത്തിക വീണ്ടെടുപ്പിൻറെയും നവമായൊരു ഘട്ടം ജീവിക്കാൻ സാധിക്കട്ടെയെന്നും ഭിന്നമതവിശ്വാസികളുടെ സഹവർത്തിത്വത്തിൻറെതായ ആദർശത്തിൻറെ ശാക്തീകരണവും അതിനെ അടയാളപ്പെടുത്തുന്നതായ വികസനത്തിൻറെ പരിപോഷണവും സാധ്യമാക്കട്ടെയെന്നുമുള്ള പ്രത്യാശയും ഈ കൂടിക്കാഴ്ചയിൽ പ്രകടിപ്പിക്കപ്പെട്ടു. മദ്ധ്യപൂർവ്വദേശത്താകമാനം സമാധാനം ഊട്ടിവളർത്തേണ്ടതിൻറെ അടിയന്തിരാവശ്യകത ഇരുവിഭാഗവും എടുത്തുകാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: