പാപ്പാ:പൗരോഹിത്യം എന്ന ദാനം താഴ്മയോടും സൗമ്യതയോടുംകൂടി വിനിയോഗിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നല്ല ഇടയനായ ക്രിസ്തുവിൻറെ വിശ്വസ്തരും അശ്രാന്തരുമായ ശിഷ്യരെന്ന നിലയിൽ എളിമയോടും സൗമ്യതയോടും ശ്രവിക്കാനും സമീപസ്ഥരായിരിക്കാനുമുള്ള കഴിവോടു കൂടി വൈദികർ പൗരോഹിത്യം എന്ന ദാനം വിനിയോഗിക്കണമെന്ന് പാപ്പാ.
പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ പരിശീലനം നേടുന്ന വൈദികർ ഈ പരിശീലന പരിപാടിയുടെ ഭാഗമായി ലോകത്തിലെവിടെയെങ്കിലും പ്രാദേശിക സഭയിൽ നിന്ന് ഒരു വർഷത്തെ പ്രേഷിപ്രവർത്തന പരിചയം നേടണമെന്ന് ഫ്രാൻസീസ് പാപ്പാ 2020- ഫെബ്രുവരി 11-ന് ഒരു കത്തു മുഖേന വ്യവസ്ഥ ചെയ്തതനുസരിച്ച്, ഇക്കഴിഞ്ഞ ഒരു വർഷത്തെ ഈ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയവരെ ജൂൺ 20-ന് വെള്ളിയാഴ്ച (20/06/25) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ
ലോകത്ത് എവിടെയായിരുന്നാലും, ഏല്പിക്കപ്പെടുന്ന ജോലികൾ എന്തുതന്നെയായാലും, പ്രാർത്ഥനയിലെന്നപോലെ പ്രവൃത്തിയിലും, തങ്ങളുടെ സാക്ഷ്യത്തിലൂടെ ജനങ്ങളോടും സഭകയോടും തൻറെ സാമീപ്യം അനുഭവവേദ്യമാക്കുന്നതിൽ പിന്നോട്ട് പോകാത്ത പുരോഹിതന്മാരിൽ ആശ്രയിക്കാൻ പാപ്പായക്ക് കഴിയുന്ന അവസ്ഥയുണ്ടാകണം എന്ന് പാപ്പാ പറഞ്ഞു.
ഫ്രാൻസീസ് പാപ്പാ “പത്രോസിൻറെ ശുശ്രൂഷ” എന്ന കൈറോഗ്രപിൽ അവതരിപ്പിച്ചിട്ടുള്ള വൈദികൻറെ രൂപം മൂർത്തമാക്കുന്നതിന് “ഇടയന്മാർ നിലത്തു നില്ക്കുന്നവരായിരിക്കണം” എന്ന് പൊന്തിഫിക്കൽ നയതന്ത്രജ്ഞരെ താൻ അടുത്തയിടെ സംബോധന ചെയ്യവെ പറഞ്ഞത് പാപ്പാ അനുസ്മരിച്ചു.
പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയുടെ സ്ഥാപനത്തിൻറെ മുന്നൂറ്റിയിരുപത്തിയഞ്ചാം വാർഷികാഘോഷം അടുത്തുവരുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. 1701-ലാണ് ഇത് സ്ഥാപിതമായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: