MAP

ലിയൊ പതിനാലാമൻ പാപ്പാ വൈദികാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, 24/06/25 ലിയൊ പതിനാലാമൻ പാപ്പാ വൈദികാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, 24/06/25  (@Vatican Media)

പാപ്പാ വൈദികാർത്ഥികളോട്: ക്രിസ്തുവിൻറെ ഹൃദയത്താൽ സ്നേഹിക്കുക!

ലിയൊ പതിനാലാമൻ പാപ്പാ സെമിനാരിവിദ്യാർത്ഥികളുടെ ജൂബിലിയോടനുബന്ധിച്ച് അവരുവമായി കൂടിക്കാഴ്ച നടത്തുകയും പൗരോഹിത്യ വിളിയുടെ പൊരുളിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തു മനുഷ്യഹൃദയത്താൽ സ്നേഹിച്ചതു പോലെ വൈദികാർത്ഥികൾ ക്രിസ്തുവിൻറെ ഹൃദയത്താൽ സ്നേഹിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് മാർപ്പാപ്പാ.

2025-ാം ആണ്ടിലെ പ്രത്യാശയുടെ ജൂബിലിയിൽ പങ്കുചേർന്നുകൊണ്ട് ജൂൺ 23,24 തീയതികളിൽ ജൂബിലിയാചരിച്ച സെമിനാരി വിദ്യാർത്ഥികളുടെ നാലായിരത്തോളം പേരടങ്ങുന്ന സംഘത്തെ ചൊവ്വാഴ്ച (24/06/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സ്വീകരിച്ചവേളയിൽ പങ്കുവച്ച ധ്യാനചിന്തകളിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇത് ഓർമ്മപ്പെടുത്തിയത്.

രക്ഷാദായക വചനത്തിൻറെ സൗമ്യരും ശക്തരുമായ പ്രഘോഷകരും തുറവുള്ളതും പ്രേഷിതയായി പുറത്തേക്കു പോകുന്നതുമായ ഒരു സഭയുടെ സേവകരുമാകാനുള്ള വിളി സ്വീകരിച്ചവരാണ് വൈദികാർത്ഥികളെന്നും ക്രിസ്തുവിൻറെ വിളിക്ക് എളിമയോടും ധീരതയോടുംകൂടി സമ്മതമേകിയവരാണ് അവരെന്നും അനുസ്മരിക്കുന്ന പാപ്പാ, യേശു, അവരെ വിളിക്കുന്നത് സർവ്വോപരി, തന്നോടും തങ്ങളോടൊപ്പമുള്ളവരോടും സൗഹൃദത്തിൻറെ അനുഭവം ജീവിക്കാനാണെന്നു പറഞ്ഞു.

ഈ സൗഹൃദാനുഭവം ഗുരുപ്പട്ടാനന്തരം സ്ഥായിയായ രീതിയിൽ വളരേണ്ടതും ജീവിതത്തിൻറെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതുമാണെന്ന് പാപ്പാ  ഉദ്ബോധിപ്പിച്ചു. സെമിനാരി, അത് ഏത് രീതിയിൽ വിഭാവനം ചെയ്താലും, സ്നേഹത്തിൻറെ ഒരു പാഠശാലയായിരിക്കണമെന്നും ഇന്ന്, പ്രത്യേകിച്ച്, സംഘർഷവും സ്വാർത്ഥതയും നിറഞ്ഞ സാമൂഹികവും സാംസ്കാരികവുമായ ഒരു സാഹചര്യത്തിൽ, യേശുവിനെപ്പോലെ സ്നേഹിക്കാനും പ്രവർത്തിക്കാനും നാം പഠിക്കേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തുവിൻറെ ഹൃദയംകൊണ്ട് സ്നേഹിക്കുകയെന്ന കല അഭ്യസിക്കുന്നതിന് അവനവൻറെ ആന്തരികതയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും, ആ ആന്തരികതയിലാണ് ദൈവം അവിടെത്ത സ്വരം കേൾക്കുമാറാക്കുന്നതെന്നും പാപ്പാ പറഞ്ഞു.

യേശു ചെയ്തതുപോലെ, കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും, പ്രത്യേകിച്ച് ജീവിതത്തിന് ഒരു അർത്ഥം തേടുന്ന യുവതയുടെയും, പലപ്പോഴും നിശബ്ദമായ നിലവിളി കേൾക്കാൻ പഠിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി. അനുദിനം മൗനത്തിൻറെയും മനനത്തിൻറെയും പ്രാർത്ഥനയുടെയും നിമിഷങ്ങളിലൂടെ ഹൃദയത്തെ പരിപാലിക്കാൻ കഴിഞ്ഞാൽ വിവേചിച്ചറിയലിൻറെ കല പഠിക്കാൻ സാധിക്കുമെന്നും പാപ്പാ വൈദികാർത്ഥികളോടു പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജൂൺ 2025, 13:03