പാപ്പാ:റോമിലെ സഭ, സഭൈക്യ സംരംഭങ്ങൾക്ക് പ്രതിജ്ഞാബദ്ധം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിൽ ഇപ്പോൾ, വേനൽക്കാലസൂര്യതാപം അതിൻറെ മൂർദ്ധന്യാവസ്ഥയിലേക്ക് കടന്നിരിക്കുന്ന ദിനങ്ങളാണ്. അത്യുഷണം അനുഭവപ്പെട്ടുവെങ്കിലും ഈ ഞായാറാഴ്ചയും (29/06/25) ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ നട്ടുച്ചനേരത്ത്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. ആദിത്യകിരണങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് പലരും കുട ചൂടുകയൊ തൊപ്പി അണിയുകയോ ചെയ്തു. മറ്റുചിലർ ചത്വരത്തിൽ സ്തംഭാവലിക്കിടയിൽ അഭയം തേടിയിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, അപ്പോസ്തലന്മാരും മറ്റനേകരും നിണം ചിന്തി ക്രിസ്തുവിനേകിയ സാക്ഷ്യം ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:
നിണസാക്ഷികളുടെ സാക്ഷ്യം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
അപ്പോസ്തലന്മാരായ പത്രോസിൻറെയും പൗലോസിൻറെയും സാക്ഷ്യത്താൽ രൂപംകൊണ്ടതും അവരുടെയും മറ്റനേകം നിണസാക്ഷികളുടെയും രക്തത്താൽ ഫലപുഷ്ടിയുള്ളതാക്കപ്പെട്ടതുമായ റോമിലെ സഭയുടെ മഹോത്സവമാണ് ഇന്ന്. നമ്മുടെ കാലഘട്ടത്തിലും, ലോകമെമ്പാടും, ജീവൻ പോലും ത്യജിക്കത്തക്കവിധം സുവിശേഷം, ഉദാരരും ധീരരുമാക്കി മാറ്റുന്ന ക്രിസ്ത്യാനികളുണ്ട്. അങ്ങനെ രക്തത്തിൻറെ ഒരു എക്യുമെനിസം, ക്രൈസ്തവ സഭകൾ സമ്പൂർണ്ണവും ദൃശ്യവുമായ ഐക്യത്തിൽ ഇപ്പോഴും ആയിട്ടില്ലെങ്കിൽത്തന്നെയും ഈ സഭകൾക്കിടയിൽ അദൃശ്യവും ആഴമേറിയതുമായ ഒരു ഐക്യം, നിലനിൽക്കുന്നു. ആകയാൽ, എൻറെ മെത്രാനടുത്ത ശുശ്രൂഷ ഐക്യത്തിനായുള്ള ഒരു സേവനമാണെന്നും റോമിലെ സഭ, സകല സഭകൾക്കിടയിലും കൂട്ടായ്മയ്ക്ക് സേവനമേകാൻ വിശുദ്ധരായ പത്രോസിൻറെയും പൗലോസിൻറെയും രക്തത്താൽ പ്രതിജ്ഞാബദ്ധമാണെന്നും സാഘോഷമായ ഈ തിരുന്നാളിൽ ഉറപ്പേകാൻ ഞാൻ ആഗ്രഹിക്കുന്നു.
സുവിശേഷ സൗഭാഗ്യങ്ങളുടെ സരണി
പാറ ക്രിസ്തുവാണ്. ആ പാറയിൽ നിന്നാണ് പത്രോസിന് ആ പേര് ലഭിച്ചതും. മനുഷ്യർ തള്ളിക്കളഞ്ഞതും ദൈവം മൂലക്കല്ലാക്കിയതുമായ ഒരു കല്ല് (മത്തായി 21:42 കാണുക). ആ അട്ടിമറി എപ്രകാരമാണ് തുടരുന്നത് എന്ന് ഈ ചത്വരവും വിശുദ്ധ പത്രോസിൻറെയും വിശുദ്ധ പൗലോസിറെയും പേപ്പൽ ബസിലിക്കകളും നമ്മോടു പറയുന്നു. അവ പുരാതന നഗരത്തിൻറെ പ്രാന്തങ്ങളിൽ, ഇന്നും പറയപ്പെടുന്നതുപോലെ, "മതിലുകൾക്ക് വെളിയിൽ", കാണപ്പെടുന്നു. ലൗകിക മനോഭാവത്തിന് വിരുദ്ധമായിരുന്നതിനാൽ, ആദ്യം തിരസ്കരിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യപ്പെട്ടതാണ്, നമുക്ക് മുന്നിൽ വലിയതും മഹത്വമുള്ളതുമായി കാണപ്പെടുന്നത്. യേശുവിനെ അനുഗമിക്കുന്നവർ സുവിശേഷസൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നു, അവിടെ ആത്മാവിൻറെ ദാരിദ്ര്യം, സൗമ്യത, കരുണ, നീതിക്കുവേണ്ടിയുള്ള വിശപ്പ്, ദാഹം, സമാധാനത്തിനായുള്ള പ്രവർത്തനം എന്നിവ എതിർപ്പും പീഡനം പോലും നേരിടേണ്ടിവരുന്നു. എന്നിരുന്നാലും, ദൈവത്തിൻറെ മഹത്വം അവൻറെ സുഹൃത്തുക്കളിൽ പ്രകാശിക്കുകയും അവരെ പരിവർത്തനത്തിൽ നിന്ന് പരിവർത്തനത്തിലേക്കുള്ള വഴിയിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.
പരിവർത്തന പാത
പ്രിയ സഹോദരീസഹോദരന്മാരേ, പരിവർത്തനത്തിൽ നിന്ന് പരിവർത്തനത്തിലേക്ക് ജീവിക്കാൻ നമുക്ക് കഴിയുമെന്ന് സഹസ്രാബ്ദ തീർത്ഥാടന ലക്ഷ്യമായ അപ്പോസ്തലന്മാരുടെ ശവകുടീരങ്ങളിൽ നമ്മളും കണ്ടെത്തുന്നു. ഏറ്റവും വലിയ അപ്പോസ്തലന്മാരായി നാം വണങ്ങുന്നവരുടെ തെറ്റുകളും വൈരുദ്ധ്യങ്ങളും പാപങ്ങളും പുതിയ നിയമം മറച്ചുവയ്ക്കുന്നില്ല. വാസ്തവത്തിൽ, അവരുടെ മഹത്വം ക്ഷമിക്കപ്പെടലിലൂടെ രൂപപ്പെട്ടതാണ്. ഉത്ഥിതൻ അവരെ തൻറെ പാതയിലേക്ക് ഒന്നിലധികം തവണ തിരികെ കൊണ്ടുവന്നിട്ടുണ്ട്. യേശു ഒരിക്കലും ഒരുതവണ മാത്രം വിളിക്കുന്നില്ല. അതുകൊണ്ടാണ് ജൂബിലി നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, നമുക്കെല്ലാവർക്കും എപ്പോഴും പ്രത്യാശപുലർത്താൻ കഴിയുന്നത്.
പരസ്പരം വിശ്വസിക്കുക
സഹോദരീ സഹോദരന്മാരേ, സഭയിലും സഭകൾക്കിടയിലും, ഐക്യം പോഷിപ്പിക്കപ്പെടുന്നത് ക്ഷമയാലും പരസ്പര വിശ്വാസത്താലുമാണ്. അത് നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും നിന്ന് ആരംഭിക്കുന്നു. യേശു നമ്മെ വിശ്വസിക്കുന്നുവെങ്കിൽ, നമുക്കും അവൻറെ നാമത്തിൽ പരസ്പരം വിശ്വസിക്കാം. കീറിമുറിക്കപ്പെട്ട ഈ ലോകത്ത് സഭ കൂട്ടായ്മയുടെ ഭവനവും പാഠശാലയുമാകുന്നതിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും കന്യകാമറിയത്തോടൊപ്പം നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ബർത്തെലമീ ബൊഗണ്ടാ വിദ്യാലയ ദുരന്തം
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ബങ്ക്വീയിലുള്ള “ബാർത്തെലെമീ ബൊഗണ്ടാ” വിദ്യാലയത്തിൽ ഒരു സ്ഫോടനത്തെത്തുടർന്നുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മുപ്പതോളം വിദ്യാർത്ഥികൾ മരിച്ച ദുരന്തസംഭവത്തിൽ പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ തൻറെ ദുഃഖം അറിയിച്ചു. ആ വിദ്യാലയസമൂഹത്തിന് പാപ്പാ തൻറെ പ്രാർത്ഥനകൾ ഉറപ്പേകുകയും വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും ആ സമൂഹത്തിനു മുഴുവനും കർത്താവ് സാന്ത്വനമേകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ
അനുവർഷം ജൂൺ 29-ന് റോമിൻറെ സ്വർഗ്ഗീയ സംരക്ഷകരായ വിശുദ്ധരുടെ, അതായത്, പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ആചരിക്കപ്പെടുന്നത് പ്രത്യേകം അനുസ്മരിച്ച പാപ്പാ റോം രൂപതയിലെ എല്ലാ ഇടവക വികാരിയച്ചന്മാരും റോം രൂപതയിലെ ഇടവകകളിൽ പ്രവർത്തിക്കുന്ന എല്ലാ വൈദികർകരും ഏകുന്ന സേവനത്തിന് അവർക്ക് നന്ദി പ്രകാശിപ്പിക്കുകയും പ്രചോദനം പകരുകയും ചെയ്തു.
“പത്രോസിൻറെ ചില്ലിക്കാശിൻറെ” ദിനം
പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ “വിശുദ്ധപത്രോസിൻറെ ചില്ലിക്കാശിൻറെ” (Peter's Pence) ദിനം ആചരിക്കപ്പെടുന്നതിനെക്കുറിച്ച് പാപ്പാ സൂചിപ്പിച്ചു. മാർപ്പാപ്പയുമായുള്ള കൂട്ടായ്മയുടെയും പാപ്പായുടെ അപ്പസ്തോലിക ശുശ്രൂഷയിൽ പങ്കുചേരുന്നതിൻറെയും അടയാളമായിട്ടാണ് ഈ ദിനാചരണം എന്ന് പാപ്പാ പറഞ്ഞു. പത്രോസിൻറെ പിൻഗാമിയെന്ന നിലയിലുള്ള തൻറെ ആദ്യ ചുവടുവയ്പ്പുകളെ പിന്തുണയ്ക്കുന്നവർക്ക് പാപ്പാ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
“ക്വോ വാദിസ്?”
പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ റോമിൽ അവരുമായി ബന്ധപ്പെട്ട ഇടങ്ങളിലൂടെയുള്ള പ്രയാണവും കലാവിരുന്നും ഉൾപ്പെടുന്ന “ക്വാോവാദിസ്?” എന്ന പരിപാടിയിൽ പങ്കെടുക്കുന്നവരെ പാപ്പാ അഭിവാദ്യം ചെയ്തു. റോം വികാരിയാത്തും റോം നഗരസമിതിയും സംയുക്തമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. റോമിൻറെ സ്വർഗ്ഗീയസംരക്ഷകരായ വിശുദ്ധരെ അറിയാനും ആദരിക്കാനും സഹായിക്കുന്ന ഈ സംരംഭം സംഘടിപ്പിച്ചവർക്ക് പാപ്പാ നന്ദി പറയുകയും ചെയ്തു. പത്രോസ്പൗലോസ് ശ്ലീഹാന്മരുടെ തിരുന്നാൾദിനത്തിൽ, ജൂൺ 29-ന് ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ മുഖ്യകാർമ്മികനായി അർപ്പിച്ച തിരുന്നാൾക്കുർബ്ബാന മദ്ധ്യേ പാലീയം സ്വീകരിച്ച മെത്രാപ്പോലീത്താമാരോടൊപ്പം എത്തിയിരുന്നവരെ പാപ്പാ അഭിവാദ്യം ചെയ്തു. ഇന്ത്യയിൽ നിന്ന്, കോഴിക്കോട് രൂപതയുടെ ആർച്ചുബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, ബോംബെ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ജോൺ റൊഡ്രീഗസ്, വിശാഖപട്ടണം അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നീ പിതാക്കന്മാരുൾപ്പടെ വിവിധരാജ്യക്കാരായ 54 മെത്രാപ്പോലീത്താമാരാണ് പാലീയം സ്വീകരിച്ചത്.
ആയുധങ്ങൾ നിശബ്ദമാകട്ടെ, സംഭാഷണത്തിലൂടെ സമാധാനം കൈവരട്ടെ!
വിവിധനാടുകളിൽ നിന്നുള്ള സംഘടനകളെയും തീർത്ഥാടകരെയും സംബോധന ചെയ്ത പാപ്പാ സകലയിടത്തും ആയുധങ്ങൾ നിശബ്ദമാകുന്നതിനു വേണ്ടിയുള്ള പ്രാർത്ഥന തുടരാൻ എല്ലാവരെയും ക്ഷണിച്ചു. സംഭാഷണത്തിലേർപ്പെട്ടുകൊണ്ട് ശാന്തിക്കായി പ്രവർത്തിക്കാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും ശുഭഞായർ ആശംസിച്ചുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: