പാപ്പാ:കർദ്ദിനാൾ യുലിയു ഹൊസ്സു സംഭാഷണത്തിൻറെ മനുഷ്യൻ, പ്രത്യാശയുടെ പ്രവാചകൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രാർത്ഥനയിലും അയൽക്കാരനായുള്ള സമർപ്പണത്തിലും ആഴത്തിൽ ജീവിച്ച വിശ്വാസത്തിൻറെ സാക്ഷ്യമാണ് നിണസാക്ഷിയായ വാഴ്ത്തപ്പെട്ട കർദ്ദിനാൾ യുലിയു ഹൊസ്സുവിൻറെ ജീവിതം എന്ന് പാപ്പാ.
റൊമേനിയക്കാരനായ വാഴ്ത്തപ്പെട്ട ഹൊസ്സുവിൻറെ നൂറ്റിനാല്പതാമത് ജന്മവാർഷികത്തോടനുബന്ധിച്ച് അന്നാട് അദ്ദേഹത്തിന് ആദരവർപ്പിച്ചുകൊണ്ട് 2025 ദേശീയവത്സരമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, ജൂൺ 1,2 തീയതികളിൽ വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ട പ്രത്യേകപരിപാടികളുടെ ഭാഗമായി, രണ്ടാം തീയതി തിങ്കളാഴ്ച വൈകുന്നേരം സിസ്റ്റയിൻ കപ്പേളയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംബന്ധിച്ചവരെ സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ഫ്രാൻസീസ് പാപ്പാ 2019 ജൂൺ രണ്ടിന് റൊമേനിയായിലെ ബ്ലാജിൽ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കർദ്ദിനാൾ ഹൊസ്സു സംഭാഷണത്തിൻറെ മനുഷ്യനും പ്രത്യാശയുടെ പ്രവാചകനും മതവർഗ്ഗസീമകൾക്കതീതമായ സാഹോദര്യത്തിൻറെ പ്രതീകവുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.
സഹനത്തിൻറെ അന്ധകാരങ്ങളിലേക്ക് ദൈവം നമ്മെ അയച്ചിരിക്കുന്നത് മാപ്പേകാനും സകലരുടെയും മാനസാന്തരത്തിനായി പ്രാർത്ഥിക്കാനുമാണെന്ന് ആ വാഴ്ത്തപ്പെട്ടപദപ്രഖ്യപന വേളയിൽ ഫ്രാൻസീസ് പാപ്പാ പറഞ്ഞ വാക്കുകൾ ഇന്നും, മാപ്പേകുന്നതിലൂടെ വിദ്വേഷത്തെ മറികടക്കാനും അന്തസ്സോടും ധൈര്യത്തോടും കുടി വിശ്വാസം ജീവിക്കാനുമുള്ള പ്രവാചകാത്മക ക്ഷണമാണെന്ന് ലിയൊ പതിനാലാമൻ പാപ്പാ പ്രസ്താവിച്ചു.
നിണസാക്ഷികളുടെ അരൂപിയുടെ സത്തയെ, അതായത്, ദൈവത്തിലുള്ള അചഞ്ചല വിശ്വാസം, വെറുപ്പില്ലാതെ, സഹനങ്ങളെ പീഡകരോടുള്ള സ്നേഹമാക്കി മാറ്റുന്ന കാരുണ്യം എന്നിവയെ ആവിഷ്ക്കരിക്കുന്നതാണ് ആ വാക്കുകളെന്നും പാപ്പാ പറഞ്ഞു.
“നമ്മുടെ വിശ്വാസം നമ്മുടെ ജീവിതമാണ്” എന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി കർദ്ദിനാൾ ഹൊസ്സുവിൻറെ ആദർശ വാക്യവും പാപ്പാ അനുസ്മരിച്ചു. യഹൂദർ നാടുകടത്തപ്പെടാതിരിക്കുന്നതിനുവേണ്ടി അവർക്കനുകൂലമായി കർദ്ദിനാൾ ഹൊസ്സു നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ ക്ലുജ് ഗേർല രൂപതയുടെ മെത്രാനായിരുന്ന യുലിയു ഹൊസ്സു 1885 ജനുവരി 30-ന് ജനിച്ചു. കമ്മ്യൂണിസ്റ്റ് ആധിപത്യകാലത്ത് അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ഏതാനും വർഷങ്ങൾ കാരഗൃഹവാസിയായിരുന്നു. പിന്നീട് വീട്ടുതടങ്കലിലായിരിക്കെ 1970 മെയ് 28-ന് മരണമടഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: