പ്രത്യാശയോടെ മുന്നോട്ടു നോക്കുക, പാപ്പാ വല്ലൊംബ്രോസയിലെ ബെനഡിക്റ്റയിൻ സമൂഹാംഗങ്ങളോട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എല്ലാ മാനവാസ്തിത്വങ്ങളുടെയും ചക്രവാളങ്ങളും നിശ്വാസവും വിസ്തൃതമാക്കാൻ ക്രിസ്തീയജീവിതത്തിനു ഇനിയും സാധിക്കുമെന്നും ആ ജീവിതത്തെ സകലരുടെയും നന്മയ്ക്കായി പരിഷ്കരിക്കാനും പുതുക്കാനും ലളിതമാക്കാനുമുള്ള യഥാർത്ഥ ആവശ്യത്തിൽ നിന്ന് ഒന്നും നമ്മെ തടയരുതെന്നും പാപ്പാ.
വല്ലൊംബ്രോസയിലെ ബെഡിക്ടിറ്റയിൻ സമൂഹത്തിൻറെ പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവരെ ശനിയാഴ്‌ച (28/06/25) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ഈ സമൂഹത്തിൻറെ ആരംഭഘട്ടത്തിലെന്നപോലെ, വീണ്ടും ഒരു സഹസ്രാബ്ദത്തിൻറെ ഉദയത്തിൽ നരവധിയായ ഭീതികൾക്കിടയിൽ ലോകമഖിലം പുനഃക്രമീകരിക്കപ്പെടുന്ന പ്രതീതിയുളവാകുന്നുവെന്നും നമ്മുടെ കാലത്തെ വെല്ലുവിളികളെ ഉപേക്ഷിക്കുക എന്നതല്ല, മറിച്ച് നിശബ്ദത പാലിക്കാനും ദൈവവചനം ശ്രവിക്കാനും അറിയുന്നവരുടെ ഗഹനതയോടുകൂടി അവയെ സ്വീകരിക്കണമെന്നും പാപ്പാ പറഞ്ഞു.
നമ്മൾ പലപ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് അശക്തരും യുവത്വം കുറഞ്ഞവരും എണ്ണത്തിൽ കുറവുള്ളവരും ചിലപ്പോൾ മാനുഷിക പരിമിതികളാലും തെറ്റുകളാലും മുറിവേറ്റവരുമാണെന്നും, എന്നാൽ, സുവിശേഷം അക്ഷരാർത്ഥത്തിൽ സ്വീകരിക്കപ്പെടുന്ന പക്ഷം അത്, അതിൻറെ സൗന്ദര്യത്തിൻറെ സൗരഭ്യം അനവരതം പ്രസരിപ്പിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു.
അപ്പോസ്തലന്മാരും സഭാപിതാക്കന്മാരും ചെയ്തതു പോലെ പ്രാർത്ഥനയുടെയും പ്രേഷിതത്വത്തിൻറെയും ഉത്ഭവസ്രോതസസ്സുകളിലേക്ക് മടങ്ങേണ്ടതിൻറെ ആവശ്യകത വിശുദ്ധ പോൾ ആറാമൻ പാപ്പാ വല്ലമ്പ്രോസിയൻ സമൂഹത്തിൻറെ സ്ഥാപകനെ അനുസ്മരിച്ചിപ്പതും സന്ന്യസ്ത സമൂഹങ്ങളുടെയും സഭയുടെയും നവീകരണത്തിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിയതും പാപ്പാ എടുത്തു പറഞ്ഞു.
രണ്ടാം വത്തിക്കാൻ സൂനഹദോസ് മുന്നോട്ടുവച്ച നവീകരണപ്രക്രിയ തുടരാൻ തൻറെ മുൻഗാമി ഫ്രാൻസീസ് പാപ്പാ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു. പ്രത്യാശയോടെ മുന്നോട്ടു നോക്കാൻ പാപ്പാ വല്ലമ്പ്രോസിയൻ സമൂഹാംഗങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: