MAP

ലിയൊ പതിനാലാമൻ പാപ്പാ, ഉക്രൈയിനിൽ നിന്നെത്തിയ ഗ്രീക്ക് കത്തോലിക്കാ തീർത്ഥാടകരെ ജൂൺ 28-ന് ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, അന്നാട്ടിലെ ഗ്രീക്ക് കത്തോലിക്കാ സഭാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ്  ഷെവ്ചുക്ക്  സ്വെത്തൊസ്ലാവ് പാപ്പായുടെ ചാരെ ലിയൊ പതിനാലാമൻ പാപ്പാ, ഉക്രൈയിനിൽ നിന്നെത്തിയ ഗ്രീക്ക് കത്തോലിക്കാ തീർത്ഥാടകരെ ജൂൺ 28-ന് ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, അന്നാട്ടിലെ ഗ്രീക്ക് കത്തോലിക്കാ സഭാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക് സ്വെത്തൊസ്ലാവ് പാപ്പായുടെ ചാരെ 

പാപ്പാ: ജീവിതത്തിലുടനീളം പ്രത്യാശയുടെ തീർത്ഥാടകരാകാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നു!

യുദ്ധവേദിയായ ഉക്രൈയിനിൽ നിന്നെത്തിയ ഗ്രീക്ക് കത്തോലിക്കാ ജൂബിലി തീർത്ഥാടകരെ ജൂൺ 28-ന് ശനിയാഴ്ച പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വർത്തമാനകാല പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, നമ്മുടെ ജീവിതത്തിലുടനീളം പ്രത്യാശയുടെ തീർത്ഥാടകരാകാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

2025 പ്രത്യാശയുടെ ജൂബിലവർഷമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഇതിൽ പങ്കുചേരുന്നതിന് യുദ്ധവേദിയായ ഉക്രൈയിനിൽ നിന്നെത്തിയ ഗ്രീക്ക് കത്തോലിക്കാ തീർത്ഥാടകരെ ജൂൺ 28-ന് ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവെയാണ് ലിയൊ പതിനാലാമൻ പാപ്പാ ഇതു പറഞ്ഞത്.

വിശ്വാസം നവീകരിക്കാനും, റോമിൻറെ മെത്രാനുമായുള്ള ബന്ധവും കൂട്ടായ്മയും ശക്തിപ്പെടുത്താനും, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ ചൊരിഞ്ഞ ക്രിസ്തുവിൻറെ സ്നേഹത്തിൽ നിന്ന് ജന്മംകൊള്ളുന്നതിനാൽ നിരാശപ്പെടുത്താത്തതായ പ്രത്യാശയ്ക്ക് സാക്ഷ്യം വഹിക്കാനുമുള്ള അഭിവാഞ്ഛയുടെ അടയാളമാണ് അവരുടെ ഈ തീർത്ഥാടനമെന്ന് പാപ്പാ ശ്ലാഘിച്ചു.

വിശുദ്ധ വാതിലുകൾ കടക്കുകയും അപ്പോസ്തലന്മാരുടെയും രക്തസാക്ഷികളുടെയും കബറിടങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നതായ റോമിലേക്കുള്ള യാത്ര,  കർത്താവ് എല്ലാവരുടെയും കണ്ണുനീരൊപ്പുന്ന ഇടമായ നിത്യത ലക്ഷ്യം വച്ചുള്ള ദൈനംദിന യാത്രയുടെ പ്രതീകമാണെന്ന് പാപ്പാ പറഞ്ഞു.

വിശ്വാസം, പങ്കിടേണ്ട ഒരു നിധിയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഓരോ കാലത്തിനും അതിൻറെതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വെല്ലുവിളികളും ഉണ്ടെന്നും അതോടൊപ്പം തന്നെ ദൈവത്തിലുള്ള വിശ്വാസത്തിലും ദൈവാശ്രയത്തിലും വളരാനുള്ള അവസരങ്ങളും അതു നൽകുന്നുവെന്നും പാപ്പാ പറഞ്ഞു.

ഉക്രൈയിൻ യുദ്ധത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട്, ഇപ്പോൾ അന്നാട്ടിലെ ജനങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയാണ് എന്നു സൂചിപ്പിച്ച  പാപ്പാ, ഇതെല്ലാം എന്തുകൊണ്ട്, കർത്താവേ നീ എവിടെയാണ് കുടുംബങ്ങളെയും വീടുകളെയും മാതൃരാജ്യത്തെയും രക്ഷിക്കാൻ എന്തുചെയ്യണം ഇത്യാദി ചോദ്യങ്ങൾ അവരിൽ നിന്നു തീർച്ചയായും ഉയർന്നട്ടുണ്ടാകുമെന്ന് പറഞ്ഞു.

വിശ്വസിക്കുക എന്നതിനർത്ഥം എല്ലാ ഉത്തരങ്ങളും ഉണ്ടായിരിക്കുക എന്നല്ലയെന്നും, മറിച്ച്, ദൈവം നമ്മോടൊപ്പമുണ്ടെന്നും തൻറെ കൃപ അവൻ നമുക്ക് നൽകുന്നുവെന്നും അവൻ അവസാന വാക്ക് ഉച്ചരിക്കുമെന്നും ജീവിതം മരണത്തെ ജയിക്കുമെന്നും വിശ്വസിക്കുക എന്നാണെന്നും പാപ്പാ വിശദീകരിച്ചു. നമ്മുടെ രക്ഷയായ യേശുവിൽ ദൃഷ്ടിയുറപ്പിച്ച് ഇടയന്മാരും വിശ്വാസികളും ഒത്തൊരുമിച്ചു നീങ്ങാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂൺ 2025, 12:40