പാപ്പാ അപ്പൊസ്തോലിക് നുൺഷ്യോമാരോട്:ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിവുള്ളവരാകുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കൂടുതൽ ബുദ്ധിമുട്ടുള്ളിടങ്ങളിൽ ബന്ധങ്ങൾ സ്ഥാപിക്കാൻ പ്രാപ്തരാകണമെന്ന് പാപ്പാ പൊന്തിഫിക്കൽ നയതന്ത്രപ്രതിനിധികളെ ഓർമ്മിപ്പിക്കുന്നു.
പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളിൽ സേവനമനുഷ്ഠിക്കുന്നവരെ ചൊവ്വാഴ്ച (10/06/25) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ദേവാലയകവാടത്തിൽ ഭിക്ഷയാചിക്കുകയായിരുന്ന മുടന്തനെ, ആ ദേവാലയത്തിൽ യോഹന്നാനോടൊപ്പം പ്രാർത്ഥനയ്ക്കെത്തിയ പത്രോസ് സുഖപ്പെടുത്തുന്ന, അപ്പൊസ്തോലപ്രവർത്തനം മൂന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, സംഭവത്തിൽ പത്രോസ് മുടന്തനോട് തങ്ങളുടെ നേരെ നോക്കുകയെന്നും തരാൻ തൻറെ കൈയിൽ വെള്ളിയോ സ്വർണ്ണമോ ഇല്ല എന്നും പറയുന്നതു പ്രത്യേകം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഈ ക്ഷണമേകിയത്.
കണ്ണുകളിലേക്കു നോക്കുകയെന്നാൽ ഒരു ബന്ധം ഉണ്ടാക്കലാണെന്നും പത്രോസിൻറെ ശുശ്രൂഷ ബന്ധങ്ങളും പാലങ്ങളും സൃഷ്ടിക്കലാണെന്നും പാപ്പാ പറഞ്ഞു.
പാപ്പായുടെ ഒരു പ്രതിനിധി, സർവ്വോപരി, ഈ ക്ഷണത്തിൻറെയും കണ്ണുകളിൽ നോക്കലിൻറെയും സേവകനാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ ഇതു ചെയ്യാൻ കഴിയണമെങ്കിൽ, പത്രോസിനുണ്ടായിരുന്ന അതേ വിനയവും യാഥാർത്ഥ്യബോധവും പുലർത്തണമെന്നും പാപ്പാ പറഞ്ഞു.
പേപ്പൽ പ്രതിനിധികൾ അവരുടെ വ്യക്തിത്വത്താൽ തന്നെ കത്തോലിക്കാസഭയുടെ ഒരു പ്രതിച്ഛായയാണെന്നും മറ്റേതൊരു നാട്ടിലെ നയതന്ത്രപ്രതിനിധി സംഘത്തിലും കാണാൻ കഴിയാത്ത തരത്തിലുള്ള ഒരു ഐക്യം അവരിൽ ദൃശ്യമാണെന്നും കാരണം ഈ ഐക്യം പ്രവർത്തനപരമോ ആദർശപരമോ മാത്രമല്ലെന്നും ക്രിസ്തുവിലും സഭയിലുമുള്ള അവരുടെ ഐക്യമാണെന്നും പാപ്പാ പറഞ്ഞു.
പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രജ്ഞത, അത് മുന്നോട്ടുവയ്ക്കുന്ന സന്ദേശമായ മാനവ സാഹോദര്യത്തിൻറെയും ജനതകൾ തമ്മിലുള്ള സമാധാനത്തിൻറെയും ഒരു മാതൃക അതിൻറെ പ്രതിനിധികളിലൂടെ നല്കുന്നു എന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.
അനുദിനം തൻറെ ദൗത്യനിർവ്വഹണത്തിന് പരിശുദ്ധസിംഹാസനത്തിൻെറെ നയതന്ത്രപ്രതിനിധികളേകുന്ന സഹായത്തിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും പകരംവയ്ക്കാനാവാത്ത ഒരു ദൗത്യമാണ് അപ്പൊസ്തോലിക് നുൺഷ്യൊമാരുടെതെന്ന് ഊന്നിപ്പറയുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: