പാപ്പാ:യുവതയ്ക്ക് സമാധാനത്തിൻറെ പുളിമാവാകാൻ കഴിയുമെന്ന് നവവാഴ്ത്തപ്പെട്ട ഫ്ലോറിബെർത്ത് കാണിച്ചുതരുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിരായുധീകൃതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിൻറെ പുളിമാവാകാൻ യുവജനത്തിന് എങ്ങനെ സാധിക്കുമെന്ന് ചെറുപ്പക്കാരാൽ സമ്പന്നമായ ആഫ്രിക്കാഭുഖണ്ഡത്തിലെ രക്തസാക്ഷിയായ ഫ്ലോറിബെർത്ത് ബ്വ്വാന ചുയി കാണിച്ചുതരുന്നുവെന്ന് മാർപ്പാപ്പാ.
ഇക്കഴിഞ്ഞ പിതനഞ്ചാം തീയതി, ഞായറാഴ്ച (15/06/25) ഫ്ലോറിബെർത്തിനെ റോമിൽ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കർമ്മത്തിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്ന അദ്ദേഹത്തിൻറെ അമ്മയും ബന്ധുമിത്രാദികളും, അദ്ദേഹം അംഗമായിരുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിൻറെ പ്രതിനിധികളും ഉൾപ്പടെയുള്ള തീർത്ഥാടകരെ തിങ്കളാഴ്ച (16/06/25) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
കോംഗൊ സ്വദേശിയായിരുന്ന 26 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫ്ലോറിബെർത്ത് അഴിമതിയെ ചെറുത്തതിൻറെ ഫലമായി 2007 ജൂലൈ 8-ന് ഗോമയിൽ വച്ച് വധിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ, നിലവിലുണ്ടായിരുന്ന മനോഭാവത്തിൽ വേരൂന്നിയതും ഏത് അക്രമത്തിനും പ്രാപ്തിയുള്ളതുമായ അഴിമതിയെ ചെറുക്കാനുള്ള അദ്ദേഹത്തിൻറെ ശക്തി പ്രാർത്ഥനയിലൂടെയും ദൈവവചന ശ്രവണത്തിലൂടെയും സഹോദരങ്ങളുമായുള്ള കൂട്ടായ്മയിലൂടെയും രൂപപ്പെട്ട ഒരു മനസ്സാക്ഷിയിൽ പക്വത പ്രാപിച്ചതാണെന്ന് വിശദീകരിച്ചു.
യുദ്ധം മൂലം തെരുവുകളിലായവരും അനാഥരായവരും നിന്ദിതരുമായ കുട്ടികളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധചെലുത്തിയിരുന്ന നവവാഴ്ത്തപ്പെട്ടവൻ അവർക്ക് മാനവികവും ക്രിസ്തീയവുമായ ശിക്ഷണം നല്കിയിരുന്നുവെന്നും ക്രിസ്തുവിൻറെ സ്നേഹത്താൽ അവരെ സ്നേഹിച്ചിരുന്നുവെന്നും പ്രാർത്ഥനയോടും പാവപ്പെട്ടവരോടുമുള്ള വിശ്വസ്തതയിൽ ഫ്ലോറിബെർത്തിൻറെ ശക്തി വളരുകയായിരുന്നുവെന്നും പാപ്പാ പറഞ്ഞു.
തിന്മയ്ക്ക് അടിയറവ് പറയാതിരുന്ന ആ യുവാവ് സുവിശേഷവചനത്താലും കർത്താവിൻറെ സാമീപ്യത്താലും പോഷിതനായിരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. അല്മായരുടെയും യുവജനത്തിൻറെയും സാക്ഷ്യത്തിൻറെ വിലയേറിയ മൂല്യം എടുത്തുകാട്ടുന്നുവെന്നും പാപ്പാ പറഞ്ഞു. മോശം ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ അനുവദിക്കുന്നതിനായി കോഴനല്കാൻ ശ്രമിച്ചപ്പോൾ അതിനു വഴങ്ങാതിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഫ്ലോറിബെർത്തിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: